കുറ്റിച്ചലിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ആരോപണ വിധേയനായ ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍

Suicide of Plus One student in Kuttichal: Accused clerk suspended

 

തിരുവനന്തപുരം കുറ്റിച്ചലിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍. പരുത്തിപ്പള്ളി ഗവണ്‍മെന്റ് വിഎച്ച്എസ്എസിലെ ക്ലര്‍ക്ക് സനല്‍ ജെ-യ്ക്ക് എതിരെയാണ് നടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. ഇന്നലെയാണ് സ്‌കൂള്‍ കെട്ടിടത്തില്‍ വിദ്യാര്‍ത്ഥി എബ്രഹാം ബെന്‍സണെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ക്ലര്‍ക്ക് മാനസികമായി പീഡിപ്പിച്ചെന്നും, പ്രോജക്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം ഉണ്ടായെന്നും അമ്മാവന്‍ സതീശന്‍ ഇന്നലെ ആരോപിച്ചിരുന്നു. ആര്‍ഡിഒയ്ക്ക് മുന്നിലാണ് കുടുംബം ആരോപണം ഉന്നയിച്ചത്. പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു. അത് സബ്മിറ്റ് ചെയ്യാന്‍ സ്‌കൂളിന്റെ സീല്‍ വേണമെന്ന് പറഞ്ഞു. കുട്ടികള്‍ ഓഫീസിലേക്ക് ചെന്ന് സീല്‍ ചെയ്തു നല്‍കാന്‍ ഈ ക്ലര്‍ക്കിനോട് പറയുന്നു. കുട്ടികളെ അവഗണിക്കുന്ന രീതിയില്‍ പെരുമാറുകയായിരുന്നു. കൂടാതെ കുട്ടിയെ ചീത്തവിളിക്കുകയും ചെയ്തു. ഈ ക്ലര്‍ക്ക് മാത്രമല്ല, സ്‌കൂളിലെ പല അധ്യാപകരും കുട്ടിയെ ബുദ്ധിമുട്ടിക്കുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുന്‍പ് ഞങ്ങളോട് പറഞ്ഞിട്ടുണ്ട് – കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു.

വാക്ക് തര്‍ക്കമുണ്ടായതിന് പ്രിന്‍സിപ്പാള്‍ ഉള്‍പ്പടെ ഇടപെടുകയും അടുത്ത ദിവസം രക്ഷകര്‍ത്താക്കളെ സ്‌കൂളില്‍ വിളിച്ചുകൊണ്ടു വരണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇത് രക്ഷകര്‍ത്താവിനെ അറിയിക്കുകയും ചെയ്തു. ഇത് വീട്ടുകാര്‍ ചോദ്യം ചെയ്യുകയും ചെറിയ രീതിയില്‍ കുട്ടിയെ വഴക്ക് പറയുകയും ചെയ്തിരുന്നു. ഇതിന്റെ മനോവിഷമവും ബെന്‍സണ്‍ ഉണ്ടായിരുന്നു. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തണമെന്ന് കുടുംബം ആവശ്യപ്പെടുകയും ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു.

വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ക്ലര്‍ക്ക് സനല്‍ രംഗത്തെത്തിയിരുന്നു. ലീവെടുത്തത് മറ്റുചില ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് വിളിച്ചപ്പോഴാണ് മരണവിവരം അറിയുന്നതെന്നും സനല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തന്നെ കുറ്റക്കാരനാക്കാന്‍ മനപ്പൂര്‍വ്വം ശ്രമിച്ചാല്‍ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *