ഒമ്പത് മാസങ്ങൾക്ക് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക്; സ്ഥിരീകരിച്ച് നാസ
ന്യൂയോര്‍ക്ക്: ഒന്‍പത് മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, സഹ യാത്രികന്‍ ബുച്ച് വില്‍മോര്‍ എന്നിവര്‍ ഈ മാസം 16ന് ഭൂമിയിലേക്ക് മടങ്ങും. ഇക്കാര്യം നാസ ഔദ്യോഗികമായി പ്രഖ്യാപിച്ചു. NASA
സ്‌പേസ് എക്‌സിന്റെ ക്രൂ 9 മിഷനിലാണ് ഇരുവരും മടങ്ങുന്നത്. ഐഎസ്എസിലെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന അമേരിക്കയുടെ നിക്ക് ഹോഗ്, റഷ്യയുടെ അലക്‌സാണ്ടര്‍ ഗോര്‍ബാനോവ് എന്നിവര്‍ക്കൊപ്പം ഇരുവരും യാത്ര തിരിക്കുമെന്നാണ് നാസ അറിയിച്ചത്.
എട്ട് ദിവസത്തെ ദൗത്യത്തിനായി കഴിഞ്ഞ ജൂണ്‍ 5നാണ് ബോയിങ് കമ്പനി പുതിയതായി വികസിപ്പിച്ച സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ഇരുവരും യാത്ര തിരിച്ചത്.
2024 ജൂണിൽ സ്റ്റാർലൈനർ എന്ന സ്പേസ് ക്രാഫ്റ്റിൽ ബഹിരാകാശ നിലയത്തിൽ എത്തിയ ഇവരുടെ മടക്കവാഹനത്തിന്റെ സാങ്കേതിക തകരാർ മൂലമാണ് ജൂൺ മുതൽ ബഹിരാകാശത്ത് കുടുങ്ങിയത്. ഇവര്‍ പോയ ബോയിങിന്റെ സ്റ്റാർലൈനർ ന്യൂമെക്സികോയിലെ വൈറ്റ് സാൻഡ് സ്പേസ് ഹാർബറിൽ സെപ്റ്റംബർ 6ന് തിരികെയെത്തിയിരുന്നു.
വൈകാതെ ഇരുവരും എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പലതവണ സുനിയുടെയും ബുച്ചിന്‍റെയും മടക്കയാത്ര നാസയ്ക്ക് നീട്ടിവെക്കേണ്ടിവന്നു. ഇതിനിടെ ജോ ബൈഡൻ ഇരുവരെയും ബഹിരാകാശത്ത് ഉപേക്ഷിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരെത്തെ കുറ്റപ്പെടുത്തുകയും ചെയ്തു.
അതേസമയം തിരികെ എത്തുമ്പോൾ ഇരുവരും അനുഭവിക്കേണ്ടി വരിക സമാനതകളില്ലാത്ത ശാരീരിക അസ്വാസ്ഥ്യങ്ങളായിരിക്കുമെന്നാണ് വിവരം.