മഥുര ഷാഹി മസ്ജിദിൽ സർവേ നടത്തുന്നതിനുള്ള സ്റ്റേ നീട്ടി സുപ്രീം കോടതി
മഥുര: ഉത്തർപ്രദേശിലെ ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ നടത്തുന്നതിനുള്ള സ്റ്റേ വീണ്ടും നീട്ടി സുപ്രീം കോടതി. 2023 ഡിസംബർ 14 നാണ് അലഹബാദ് ഹൈക്കോടതി പള്ളിയിൽ സർവേയ്ക്ക് ഉത്തരവിടുന്നത്. പള്ളിയിൽ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയ ഹിന്ദു സംഘടന കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി നടപടി.Mathura Shahi
അതിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി സ്റ്റേ നൽകിയത്. അതാണിപ്പോൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നീട്ടിയത്. ഹരജികൾ ഏപ്രിൽ ഒന്നിന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
പതിനേഴാം നൂറ്റാണ്ടിൽ നിർമിച്ച ഷാഹി ഈദ്ഗാഹ് പള്ളിയിൽ ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളുമുണ്ടന്ന് അവകാശപ്പെട്ടാണ് ഹൈന്ദവ വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് മസ്ജിദ് നിലനിൽക്കുന്നതെന്നും സർവേ നടത്തണമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കർ സ്ഥലം തങ്ങൾക്ക് കൈമാറണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.നേരത്തെ അലഹബാദ് ഹൈക്കോടതിയും ഈ ഹരജി തള്ളിയിരുന്നു.