സൂരജ് ലാമക്ക് കേരളത്തിന്‍റെ മണ്ണിൽ അന്ത്യവിശ്രമം; പൊട്ടിക്കരഞ്ഞ് ഭാര്യ, കൊലപാതകമെന്ന് പ്രതികരണം



കൊച്ചി: കുവൈത്തിൽ നിന്ന് നാടുകടത്തിയതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ശേഷം കാണാതാവുകയും പിന്നീട് കളമശ്ശേരിയിലെ കുറ്റിക്കാട്ടിൽ നിന്ന്​ മൃതദേഹം കണ്ടെത്തുകയും ചെയ്ത ബംഗളൂരു സ്വദേശി സൂരജ്​ ലാമക്ക് കേരളത്തിന്‍റെ മണ്ണിൽ അന്ത്യവിശ്രമം. ബന്ധുക്കൾ ഏറ്റുവാങ്ങിയ സൂരജ്​ ലാമയുടെ മൃതദേഹം കളമശ്ശേരി പൊതുശ്മശാനത്തിൽ സംസ്കരിക്കും. സൂരജ് ലാമയുടെ ഭാര്യയും മകനും അടുത്ത ബന്ധുക്കളുമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് കുടുംബത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ജീർണിച്ച അവസ്ഥയിൽ വേണ്ടെന്ന് വെക്കുകയായിരുന്നു.

സൂരജ് ലാമയുടെ മൃതദേഹം ഏറ്റുവാങ്ങിയ ഭാര്യ വൈകാരികമായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സൂരജ് ലാമയുടേത് വെറുമൊരു മിസ്സിങ് കേസായി കാണരുതെന്നും കൊലപാതകമാണെന്നും ഭാര്യ പറഞ്ഞു. ആശുപത്രി ജീവനക്കാർ ശ്രദ്ധിച്ചിരുന്നെങ്കിൽ തന്‍റെ ഭർത്താവിനെ നഷ്ടപ്പെടില്ലായിരുന്നു. ലാമയുടെ മരണത്തിൽ കുടുംബത്തിന് നീതി ലഭിക്കണം. കേരളീയരും മാധ്യമങ്ങളും സഹായിക്കണമെന്നും അവർ അഭ്യർഥിച്ചു.

ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ 2.15 നാണ് സൂരജ് ലാമ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. കളമശ്ശേരിയിലെ കുറ്റിക്കാട്ടിൽ​ നവംബർ 30നാണ്​ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്​. കളമശ്ശേരിയിലെ കുറ്റിക്കാട്ടിൽ നിന്ന്​ കണ്ടെത്തിയ മൃതദേഹം കുവൈത്തിൽ നിന്ന് നാടുകടത്തിയതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ശേഷം കാണാതായ ബംഗളൂരു സ്വദേശി സൂരജ്​ ലാമയുടേതാണെന്ന് കഴിഞ്ഞ ദിവസം​ സ്ഥിരീകരിച്ചിരുന്നു. രാജീവ് ഗാന്ധി ബയോ ടെക്‌നോളജി ലാബിൽ നടത്തിയ ​ഫോറൻസിക്​ പരിശോധനയിലാണ് മൃതദേഹം സൂരജ്​ ലാമയുടേതാണെന്ന് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ മൃതദേഹം നടപടികൾ പൂർത്തിയാക്കി എത്രയും വേഗം ബന്ധുക്കൾക്ക്​ വിട്ടുനൽകാൻ ഹൈകോടതി നിർദേശിച്ചു.

പൊലീസിനെ രൂക്ഷമായി വിമർശിച്ച കോടതി ‘എത്ര വലിയ ദുരന്തം’ എന്നാണ് വിശേഷിപ്പിച്ചത്. കാണാതായെന്ന​ പരാതി ലഭിച്ച ശേഷം സ്വീകരിച്ച നടപടികൾ സംബന്ധിച്ച മുഴുവൻ രേഖകളുമായി സ്​റ്റേഷൻ ഹൗസ്​ ഓഫിസർ നേരിട്ട്​ കോടതിയിൽ ഹാജരാകാനും ജസ്റ്റിസ്​ ​ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച്​ നിർദേശിച്ചു. തിങ്കളാഴ്ച ഉച്ചക്ക്​ 1.45ന്​ കേസ്​ പരിഗണിക്കുമ്പോൾ നേരിട്ട്​ ഹാജരാകണം. സൂരജ് ലാമയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകന്‍ സാന്റോണ്‍ ലാമ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

കുവൈത്ത് വിഷമദ്യ ദുരന്തത്തിനിരയായി ഓർമ നഷ്ടപ്പെട്ട നിലയിലായിരുന്നു ലാമ വിമാനമിറങ്ങിയതെങ്കിലും വിമാനത്താവള അധികൃതർ വേണ്ടവിധം ഇക്കാര്യം പരിഗണിച്ചില്ലെന്ന്​ കോടതി കുറ്റപ്പെടുത്തി. പുറത്തിറങ്ങി അലഞ്ഞുനടന്ന സൂരജ് ലാമയുടെ വിവരം രണ്ടുതവണ നാട്ടുകാർ തൃക്കാക്കര പൊലീസിനെ അറിയിച്ചിരുന്നു. ഒരു തവണ വഴിയിൽ ഇറക്കി വിട്ട പൊലീസ്, രണ്ടാം തവണ വാഹനം ലഭ്യമല്ലെന്ന് പറഞ്ഞ് അവഗണിച്ചു.

പിന്നീട്​ ആശാവർക്കർമാരുടെയും നാ‌ട്ടുകാരുടെയും സഹായത്തോടെ ആംബുലൻസ് വിളിച്ച് കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ചികിത്സ ആവശ്യമില്ലെന്ന്​ കണ്ടെത്തി പറഞ്ഞുവിട്ടു. ഇവിടെനിന്ന് ഇറങ്ങിയ ശേഷമാണ് കാണാതായത്. വന്നിറങ്ങിയ ദിവസം തന്നെ ഭാര്യ നെടുമ്പാശ്ശേരി പൊലീസിൽ പരാതി നൽകിയെങ്കിലും തിരിച്ചറിയാൻ ശ്രമങ്ങളുണ്ടായില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി.

കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയും അടിക്കടി മാർഗനിർദേശങ്ങൾ നൽകിയിട്ടും ഫലപ്രദമായി അന്വേഷണം നടന്നില്ല. 50 ദിവസം പിന്നിട്ട ശേഷമാണ്​ മൃതദേഹം കണ്ടെത്തിയത്​. കാണാതാവുന്ന കേസുകളിലെ പ്രോട്ടോകോൾ പൊലീസ് പാലിച്ചിരുന്നെങ്കിൽ സൂരജ് ലാമ ജീവിച്ചിരുന്നേനെ എന്ന് കോടതി പറഞ്ഞു. കണ്ടുകിട്ടിയപ്പോൾ ബന്ധുക്കളെ വിവരം അറിയിച്ചിരുന്നെങ്കിൽ അവർക്കൊപ്പം ലാമ ഉണ്ടായിരുന്നേനെ. ആശുപത്രിയിൽ നിന്ന് ഒറ്റക്കാണ്​ ലാമയെ ആംബുലൻസിൽ കയറ്റി വിട്ടത്​.

വി.ഐ.പി അല്ലാത്തതിനാലാണ് അവഗണന നേരിടേണ്ടി വന്നത്. എന്നാൽ, വീട്ടുകാർക്ക്​ ഓരോ പൗരനും വി.വി.ഐ.പിയാണ്​. ചെറിയ അധികാരമുണ്ടെങ്കിൽ മാത്രമേ ഈ രാജ്യത്ത്​ ജീവിക്കാനാകൂ എന്നതാണ്​ അവസ്ഥ. ഇതിൽ മാറ്റം വരുമെന്ന വിശ്വാസമൊന്നുമില്ല. കോടതി ആവുന്നതെല്ലാം ചെയ്​തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിയാത്തതിൽ ലാമയുടെ കുടുംബത്തോട് ക്ഷമാപണം നടത്തുന്നതായും കോടതി വ്യക്​തമാക്കി.