ചോദ്യം ചോദിച്ചതിന് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് സുരേഷ് ഗോപി

Suresh Gopi attacked journalists for asking questions

 

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ടും സിനിമാ മേഖലയിലെ പ്രശ്നങ്ങളോടുമുള്ള ചോദ്യത്തിന് പ്രകോപിതനായാണ് അദ്ദേഹം മറുപടി നല്‍കിയത്. തൃശൂരില്‍ പ്രതികരണം ചോ​ദിച്ച മാധ്യമങ്ങളെയാണ് അദ്ദേഹം കയ്യേറ്റം ചെയ്തത്. മാധ്യമങ്ങളോട് പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു.

Also Read : ‘കേന്ദ്രമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായം, മുകേഷ് രാജിവെക്കണം’: സുരേഷ് ഗോപിയെ തള്ളി ബി.ജെ.പി

അതേസമയം മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട് രാവിലെ നടത്തിയ പ്രതികരണം വിവാദമായിരുന്നു. വലിയ സംവിധാനത്തെ തകർക്കുകയാണ് മാധ്യമങ്ങളെന്നും ‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ‘അമ്മ’ ഓഫിസിൽ നിന്നിറങ്ങുമ്പോൾ മാത്രം ചോദിച്ചാൽ മതിയെന്നുമൊക്കെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

”മുകേഷിന്റെ കാര്യത്തിൽ കോടതി വല്ലതും പറഞ്ഞോ. ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങി വരുമ്പോൾ എന്റെ ഓഫീസിനെ സംബന്ധിക്കുന്ന കാര്യങ്ങൾ ചോദിക്കണം. വീട്ടിൽ നിന്ന് ഇറങ്ങി വരുമ്പോൾ വീട്ടിലെ കാര്യം ചോദിക്കണം. അമ്മ അസോസിയേഷനിൽ നിന്ന് ഇറങ്ങി വരുമ്പോൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കൂ. ആരോപണങ്ങളൊക്കെ മാധ്യമസൃഷ്ടിയാണ്. ഇത് മാധ്യമങ്ങളുടെ തീറ്റയാണ്. ഇതുവെച്ച് കാശ് ഉണ്ടാക്കിക്കൊള്ളൂ. പക്ഷെ ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ്. ആടിനെ തമ്മിൽ തല്ലിച്ച് ചോരകുടിക്കുക മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ചുവിടുകയാണ് മാധ്യമങ്ങൾ. വിഷയങ്ങളെല്ലാം കോടതിക്ക് മുമ്പിലുണ്ട്. കോടതിക്ക് ബുദ്ധിയുണ്ട്, യുക്തിയുണ്ട്. കോടതി തീരുമാനിക്കും. സർക്കാർ കോടതിയിൽ കൊണ്ടുചെന്നാൽ അവർ എടുത്തോളും”- ഇങ്ങനെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

അതേസമയം വിഷയത്തില്‍ സുരേഷ് ഗോപിയെ തള്ളി സംസ്ഥാന നേതൃത്വം രംഗത്ത് എത്തുകയും ചെയ്തു. സുരേഷ് ഗോപിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും മുകേഷ് രാജിവെക്കണമെന്നുമായിരുന്നു ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *