സൂസൻ വൊജിസ്കി: വ്ലോഗ് കൊണ്ട് ജീവിക്കുന്നവരുടെ മാതാവ്

Susan Wojciechki

കോടിക്കണക്കിന് മനുഷ്യർക്ക് മുന്നിൽ ആവിഷ്കാരത്തിന്റെയും ഉപജീവനത്തിന്റെയും വാതിലുകൾ തുറന്നിട്ടാണ് യൂട്യൂബ് മു​ൻ സി.ഇ.ഒ സൂസൻ വൊജിസ്കി വിടവാങ്ങിയത്. 58 ാം വയസിൽ അർബുദമാണ് അവരുടെ ജീവനെടു​ത്തത്. ഗൂഗിൾ എന്ന സെർച്ച് എഞ്ചിനൊപ്പമുണ്ട് സൂസൻ വൊജിസ്കി എന്ന പേര്. ടെക് ലോകത്തെ നയിച്ച അപൂർവം വനിതകളിലൊരാൾ.Susan Wojciechki

1968 ജൂലൈ അഞ്ചിനാണ് സൂസൻ വൊജിസ്കി ജനിച്ചത്. 1998 ലാണ് ജീവിതം മാറ്റിമറിച്ച ആ യാത്ര തുടങ്ങുന്നത്. കാലിഫോർണിയയിലെ മെൻലോ പാർക്കിലെ സൂസൻ വൊജിസ്കിയുടെ വീടിനോട് ചേർന്ന ഒരു ഗാരേജ് ഉണ്ട്. സ്റ്റാൻഫോർഡ് സർവകലാശാലയിലെ ബിരുദപഠനം കഴിഞ്ഞെത്തിയ സെർജി ബ്രിനനും ലാറി പേജിനും വാടകക്ക് നൽകാൻ തീരുമാനിക്കുന്നു. 25 വർഷങ്ങൾക്ക് മുമ്പ് അങ്ങനെ ഒരു തീരുമാനമെടുത്തതാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നായിരുന്നു യൂട്യൂബ് സി.ഇ.ഒ പദവിയിൽ നിന്ന് രാജിപ്രഖ്യാപിച്ചിറങ്ങു​മ്പോൾ വൊജിസ്കിക്ക് പറയാനുണ്ടായിരുന്നത്. ഗൂഗിൾ എന്ന സെർച്ച് എഞ്ചിന്റെ പിറവി തുടങ്ങുന്നത് ആ ഗാരേജിൽ നിന്നായിരുന്നു. പിന്നീട് അവിടുന്ന് ഇങ്ങോട്ട് ലോകം ‘കറങ്ങിയത്’ ഗൂഗിളിന് ചുറ്റുമാണെന്ന് പറയാം.

1999 ലാണ് വൊജിസ്കി ഗൂഗിളിൽ എത്തുന്നത്. 16 ജീവനക്കാരുള്ള സ്ഥാപനമായി ഗൂഗിൾ മാറിയത് അന്നായിരുന്നു. സെർച്ച് എഞ്ചിന്റെ ആദ്യ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് പദവിയിലെത്തുന്നതും സൂസനായിരുന്നു. ഗൂഗിളിനൊപ്പമുള്ള 25 വർഷം പൂർത്തിയായ 2023 ലാണ് യൂട്യൂബ് സി.ഇ.ഒ പദവി സൂസൻ വൊജിസ്കി ഒഴിയുന്നത്. ഗൂഗിളിനെ മാത്രമല്ല ടെക് ലോകത്തെ തന്നെ ​ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു അത്. 18 മാസങ്ങൾക്കിപ്പുറം വൊജിസ്കിയുടെ മരണവാർത്തയെത്തുമ്പോൾ 25 വർഷം കൊണ്ട് ഇന്റർനെറ്റ് ലോകത്ത് വിപ്ലവങ്ങൾ സൃഷ്ടിച്ചാണ് അവർ വിടവാങ്ങുന്നത്. ശ്വാസകോശ ക്യാൻസറായിരുന്നു ഗൂഗിളിന്റെ 16-ാം നമ്പർ ജീവനക്കാരിയുടെ ജീവനെടുത്തത്.

2023 ഫെബ്രുവരിയിൽ രാജിപ്രഖ്യാപനം നടത്തിയ വൊജിസ്കി പറഞ്ഞതിങ്ങനെയായിരുന്നു: ‘ഇരുപത്തിയഞ്ച് വർഷം മുമ്പാണ് ഞാൻ ആ തീരുമാനമെടു​ത്തത്. ഒരു പുതിയ സെർച്ച് എഞ്ചിൻ സ്വപ്നം കണ്ടുനടക്കുന്ന സ്റ്റാൻഫോർഡ് ബിരുദ വിദ്യാർത്ഥികളായ രണ്ട് പേർക്കൊപ്പം നിൽക്കാൻ തീരുമാനിച്ചു. ലാറിയും സെർജിയും അതായിരുന്നു അവരുടെ പേരുകൾ. അവരുടെ സ്വപ്നത്തിന്റെ വലുപ്പം ഞാൻ കണ്ടു. അത് തന്നിൽ ആവേശമുണ്ടാക്കി. ​ഒന്നോർക്കണം അന്ന് ആ കമ്പനിക്ക് വളരെ കുറച്ച് ഉപഭോക്താക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വരുമാനമെന്ന് പറയാൻ ഒന്നുമില്ല. എന്നിട്ടും ആ ടീമിൽ ചേരാൻ തീരുമാനിച്ചു. അത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നു.’

‘പിന്നീട് എന്റെ വഴിയിൽ വന്ന ഓരോ വെല്ലുവിളിയും ഞാൻ ഏറ്റെടുത്തു, കാരണം ലോകമെമ്പാടുമുള്ള നിരവധി ആളുകളുടെ ജീവിതം മാറ്റിമറിക്കാൻ പറ്റുന്ന ഒരു ദൗത്യം യൂട്യൂബിനുണ്ടായിരുന്നു. വിവരങ്ങൾ കണ്ടെത്താനും, കഥകൾ പറയാനും, ക്രിയേറ്റിവേഴ്സിന്റെയും കലാകാരന്മാരെയും ചെറുകിട കച്ചവടക്കാരുടെയും ജീവിതത്തിൽവരെ അത് ഇടപെടുകയും സ്വാധീനിക്കുകയും ചെയ്തു. അതിൽ ഞാൻ അഭിമാനിക്കുന്നു. ഗൂഗിളും യൂട്യൂബും മനുഷ്യരുടെ ജീവിതത്തിൽ സ്വാധീനിച്ചതിനെ കുറിച്ച് കുറഞ്ഞ വാക്കുകളിൽ വൊജിസ്കി പറഞ്ഞു തീർത്തു.

2006ൽ 1.65 ബില്യൺ ഡോളറിനാണ് ഗൂഗിൾ യൂട്യൂബ് ഏറ്റെടുക്കുന്നത്. 2014ൽ യൂട്യൂബിന്റെ സി.ഇ.ഒ ആയിചുമതലയേൾക്കുമ്പോൾ വൊജിസ്കി അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയായിരുന്നു.‘ആളുകൾ ലോകമെമ്പാടുമുള്ള ആളുകളെ കാണാൻ ആഗ്രഹിക്കുന്നു, അതേസമയം, ആൾക്കാർ ടി.വിയെ സ്നേഹിക്കുന്നു, ഷോകൾ ഇഷ്ടപ്പെടുന്നു, എന്നാൽ പുതിയതും വ്യത്യസ്‌തവുമായ വിഡിയോകളും ഇടങ്ങളും കാണാൻ അവർക്ക് താൽപ്പര്യമുണ്ട്.

2017 ൽ നിന്ന് 2022-ൽ ലെത്തുമ്പോൾ യൂട്യൂബിന്റെ പരസ്യവരുമാനം 29.2 ബില്യൺ ഡോളറായി മാറിയിരുന്നു. 2023 വരെ ഒമ്പത് വർഷം കൊണ്ട് യൂട്യൂബിനെ അവർ മാറ്റിമറിച്ചു. ഇന്നും എതിരാളികളില്ലാത്ത വിഡിയോ പ്ലാറ്റ്ഫോമായി യൂട്യൂബ് നിലനിൽക്കുന്നതിൽ വൊജിസ്കിയുടെ കൈയൊപ്പ് ചില്ലറയല്ല. യൂട്യൂബിൽ ഇക്കാലത്ത് കണ്ട എല്ലാ പരീക്ഷണങ്ങളുടെയും മുന്നിൽ നിന്നത് സൂസനായിരുന്നു. യൂട്യൂബ് ആപ്പും, യൂട്യൂബ് കമ്യൂണിറ്റിയും യൂട്യൂബ് ടി.വിയും പ്രീമിയവും, ഷോർട്സും വന്നു. യൂട്യൂബ് മോണിറ്റൈസേഷൻ വന്നതോടെ ലോകത്തുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് മുന്നിൽ ആവിഷ്കാരത്തിന്റെ വാതിലുകൾ മാത്രമല്ല ഉപജീവന മാർഗവും അവർ തുറന്നിട്ടു. മോണിറ്റൈസേഷൻ എന്നത് ടെക് ലോകത്തെ വിപ്ലവമായിരുന്നു. കണ്ടന്റ് ക്രിയേറ്റേഴ്സിനെ യൂട്യൂബുമായി ബന്ധിപ്പിക്കുന്നതിൽ വരുമാനത്തിന്റെ വാതിലുകൾ തുറന്നിട്ടു. അതോടെ നിലവാരമുള്ള കണ്ടന്റുകൾ യൂട്യൂബിൽ നിറഞ്ഞു. കോപ്പി റൈറ്റ് അടക്കമുള്ള വെല്ലുവിളികളെ യൂട്യൂബ് വ്യക്തമായ നിലപാടുകൾ കൊണ്ടു നേരിട്ടു. ദിവസവും ലക്ഷക്കണക്കിന് വിഡിയോകൾ യുട്യൂബിലേക്ക് ഒഴുകി, കോടിക്കണക്കിന് കാഴ്ചക്കാരും. പരസ്യലോകം പോലും യൂട്യൂബിന് അനുസരിച്ച് മാറിയതിൽ മോണിറ്റൈസേഷൻ എന്ന വിപ്ലവത്തിന് വലിയ പങ്കുണ്ട്.

തന്റെ ​ആരോഗ്യപ്രശ്നങ്ങളൊന്നും പങ്കുവെക്കാതെയായിരുന്നു രാജി​പ്രഖ്യാപനം. യൂട്യൂബ് സി.ഇ.ഒ എന്ന നിലയിൽ ഞാൻ എന്റെ റോൾ അവസാനിപ്പിക്കുകയാണ്. കുടുംബം, ആരോഗ്യം, ചില വ്യക്തിഗത പദ്ധതികൾ എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിച്ച് ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറക്കാൻ ഞാൻ തീരുമാനിച്ചു​വെന്ന് മാത്രം പറഞ്ഞു, എല്ലാം ചുരുക്കി.

വൊജിസ്കിയുടെ ഭർത്താവ് ഡെന്നിസ് ട്രോപ്പറാണ് മരണവാർത്ത ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. എന്റെ പ്രിയപ്പെട്ട ഭാര്യ അഞ്ച് കുട്ടികളെയും എന്നെയും വിട്ട് യാത്രയായി. കഴിഞ്ഞ 2 വർഷമായി ശ്വാസകോശ അർബുദത്തെ അതിജീവിക്കാനുള്ള ശ്രമത്തിലായിരുന്നു അവർ. വൊജിസ്കി എന്റെ ഏറ്റവും നല്ല സുഹൃത്ത് മാത്രമല്ല​, ജീവിത പങ്കാളി കൂടിയായിരുന്നു. ബുദ്ധിമതിയും സ്നേഹനിധിയായ അമ്മയും, നിരവധിപേർക്ക് പ്രിയപ്പെട്ട സുഹൃത്തുമായിരുന്നു. ഞങ്ങളുടെ കുടുംബത്തിലും സമൂഹത്തിലും അവളുടെ സ്വാധീനം അളക്കാനാവാത്തതായിരുന്നു. പക്ഷെ ഇപ്പോൾ ഞങ്ങൾ ഹൃദയം തകർന്നവരാണ്. ട്രോപ്പർ ഫേസ്ബുക്കിൽ കുറിച്ചു. വൊജിസ്കിയുടെ മരണത്തിൽ ആൽഫബെറ്റ് ചീഫ് എക്‌സിക്യുട്ടീവ് സുന്ദർ പിച്ചൈ അടക്കം ടെക് ലോകം അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *