ന്യൂഡല്‍ഹി: അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ ലോക്സഭാ സഥാനാർഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. അമേഠിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി ഇന്നലെയാണ് താല്പര്യം അറിയിച്ചത്. ഈ മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഇന്നാണ്.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അന്തിമസമയത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴും അമേഠി, റായ്ബറേലി മണ്ഡലങ്ങളിൽ സസ്‌പെൻസ് നിലനിർത്തുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ രണ്ടാം മണ്ഡലമായി അമേഠി ഉറപ്പിച്ചു. മൂന്ന് സെറ്റ് പത്രികകൾ രാഹുലിനായി പൂരിപ്പിച്ചുകഴിഞ്ഞു. പത്രിക സമർപ്പിക്കാനായി അമേഠി കലക്ടറേറ്റിലേക്ക് തുറന്ന വാഹനത്തിലാണ് പോകുന്നത്. നൂറുകണക്കിന് ബൈക്കുകളും കാറുകളും അകമ്പടിയാകും. നെഹ്‌റു കുടുംബത്തിൽനിന്നു മത്സരിക്കുന്നവർ, മണ്ഡലം ബി.ജെ.പിയിൽനിന്നു തിരിച്ചുപിടിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിശ്വാസം.
റായ്ബറേലിയിൽ മത്സരിക്കാൻ ഇന്നലെ രാത്രിവരെ പ്രിയങ്ക ഗാന്ധി സമ്മതം മൂളിയിരുന്നില്ല. ഇക്കാര്യത്തിൽ തീരുമാനമായാൽ ഉടൻ പ്രഖ്യാപനം നടത്താമെന്നു കരുതിയാണ് അർധരാത്രി വരെ കാത്തിരുന്നത്. പ്രിയങ്ക തീരുമാനം എടുക്കാൻ വൈകുമെന്ന് അറിയിച്ചതോടെ ലഡാക്ക് മണ്ഡലത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ബി.ജെ.പി സിറ്റിങ് എം.പി സെറിങ് നംഗ്യാലിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയത് മോദി ക്യാംപില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
Read more