അയോധ്യയിൽ ചായയ്ക്കും ബ്രെഡ് ടോസ്റ്റിനും വില 252 രൂപ! റെസ്റ്റോറന്‍റിന് നോട്ടിസ്
അയോധ്യയിൽ രാമക്ഷേത്രത്തോടൊപ്പം തുറന്ന റെസ്റ്റോറന്‍റിൽ ചായയുടെയും ബ്രെഡ് ടോസ്റ്റിന്റെയും വിലകേട്ട് ഞെട്ടി സോഷ്യൽ മീഡിയ. രണ്ട് ചായയ്ക്കും ടോസ്റ്റിനുമായി 252 രൂപയാണ് ഈടാക്കിയത്. ഇതിന്റെ ബിൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി(എ.ഡി.എ) നടപടി സ്വീകരിച്ചിരിക്കുകയാണ്.
രാമക്ഷേത്രത്തോട് ചേർന്ന് നിർമിച്ച അരുന്ദതി ഭവൻ ഷോപ്പിങ് കോംപ്ലക്‌സിലെ ശബരി റസോയ് എന്ന റെസ്‌റ്റോറന്റിലാണ് ചായയ്ക്ക് തീവിലയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. രാമക്ഷേത്രത്തിനടുത്തുള്ള തെഹ്രി ബസാറിൽ അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി നിർമിച്ചതാണ് അരുന്ദതി ഭവൻ.
ബജറ്റ് വിഭാഗത്തിലാണ് റെസ്‌റ്റോറന്റിന് കരാർ ലഭിച്ചത്. പത്തു രൂപയ്ക്ക് ചായ നൽകണമെന്നാണ് കരാറിലുള്ളത്. രണ്ട് കഷണം ടോസ്റ്റിനും ഇതേ വിലയാണു നിർദേശിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ഇവിടെയെത്തിയ യാത്രക്കാർക്ക് ബില്ല് കണ്ടു പകച്ചുനിൽക്കേണ്ടി വന്നു. ഒരു ചായയ്ക്ക് 55 രൂപയായിരുന്നു വില. ടോസ്റ്റിന് 65ഉം. രണ്ടു വീതം ചായയും ടോസ്റ്റും വാങ്ങിയപ്പോൾ ജി.എസ്.ടി ഉൾപ്പെടെ 250 രൂപയായിരുന്നു ബില്ലായി ലഭിച്ചത്.
ബിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് എ.ഡി.എ ഇടപെട്ടത്. റെസ്റ്റോറന്റ് ഉടമയ്ക്ക് കാരണംകാണിക്കൽ നോട്ടിസ് അയച്ചിട്ടുണ്ട്. മാന്യമായി നിരക്കിൽ ഭക്ഷണവും താമസവും നൽകണമെന്ന നിബന്ധനയോടെയാണ് കരാർ നൽകിയിട്ടുള്ളതെന്ന് എ.ഡി.എ വൈസ് ചെയർമാൻ വിശാൽ സിങ് പറഞ്ഞു.
എന്നാൽ, സൗജന്യമായി ഭക്ഷണം കഴിക്കാൻ നോക്കുന്നവരാണ് ബിൽ സോഷ്യൽ മീഡിയയിൽ വൈറലാക്കിയതെന്ന് ശബരി റെസ്‌റ്റോറന്റ് പ്രോജക്ട് ഹെഡ് സത്യേന്ദ്ര മിശ്ര പ്രതികരിച്ചു. വലിയ ഹോട്ടലുകളിലെ സൗകര്യങ്ങളാണു തങ്ങളും നൽകുന്നതെന്നും എ.ഡി.എയുടെ നോട്ടിസിനു മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഗുജറാത്തിലെ അഹ്മാദാബാദ് ആസ്ഥനമായുള്ള കവാച്ച് ഫെസിലിറ്റി മാനേജ്‌മെന്റ് ആണ് റെസ്റ്റോറന്റ് ഉടമകൾ.