ടെസ്‌ല ലാഭത്തിൽ 71 ശതമാനം ഇടിവ്; ഡോജിലെ സ്ഥാനം ഒഴിയാനൊരുങ്ങി ഇലോൺ മസ്ക്
വാഷിങ്ടൺ: മെയ് മാസം മുതൽ ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡോജ്)യുടെ നേതൃത്വ സ്ഥാനത്ത് നിന്നും പിന്മാറാനൊരുങ്ങി ടെസ്‌ല സിഇഒ ഇലോൺ മസ്ക്. ട്രംപ് ഭരണകൂടത്തിലെ മസ്കിന്റെ പങ്കിനെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ 2025ന്റെ ആദ്യ പാദത്തിൽ കമ്പനിയുടെ ലാഭത്തിലും വരുമാനത്തിലും വൻ ഇടിവ് റിപ്പോർട്ട് ചെയ്തു.Tesla
ഈ സാഹചര്യത്തിലാണ് മസ്‌കിന്റെ പിൻവാങ്ങൽ. ടെസ്‌ലയുടെ വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം ഇടിവാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ലാഭം 70 ശതമാനത്തിലധികം കുറയുകയും ചെയ്തിട്ടുണ്ട്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ക്രമപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ഭൂരിഭാഗവും കഴിഞ്ഞെന്നും അതിനാൽ അടുത്തമാസം മുതൽ ഡോജിനായി പ്രവർത്തിക്കുന്ന സമയം കുറയ്ക്കുമെന്ന് മസ്‌ക് പറഞ്ഞു.
സർക്കാർ ചെലവുകൾ നിയന്ത്രിക്കുന്നതിനായാണ് ട്രംപ് സർക്കാർ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി പ്രഖ്യാപിച്ചത്. പിന്നീട് ഇലോൺ മസ്ക് ഡോജിന്റ തലവനായെത്തി. തുടർന്ന് ജീവനക്കാരെ ഒഴിവാക്കലടക്കം നിരവധി പരിഷ്കാരങ്ങൾ മസ്ക് നടപ്പാക്കിയിരുന്നു.
മെയ് 30ന് മസ്‌ക് ഡോജിൽ നിന്ന് വിരമിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രംപ് ഭരണകൂടത്തിനും ഡോജിന്റെ പ്രവർത്തങ്ങളിലും പ്രതിഷേധിക്കുന്ന ആളുകൾ ഇലോൺ മസ്കിൻ്റെ ഇലക്ട്രിക് കാറായ ടെസ്‌ലക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ വർധിച്ച് വരികയാണ്. അമേരിക്കയിലെ ഒരു സർവീസ് സെന്ററിൽ നിരവധി ടെസ്‌ല വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിച്ചിരുന്നു.