3 മാസത്തില്‍ പൊക്കിയത് 30 കോടിയുടെ തായ് ഗോള്‍ഡ്, ബാങ്കോക്കില്‍ നിന്ന് കൊച്ചിയിലേക്ക് പറക്കുന്ന വിലകൂടിയ കഞ്ചാവ്

Thai gold worth 30 crores seized in 3 months, expensive cannabis flying from Bangkok to Kochi

 

 

മലേഷ്യ, തായ്‌ലന്‍ഡ്, ബാങ്കോക്ക് തുടങ്ങിയ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവിന്റെ ഒഴുക്ക്. മൂന്ന് മാസത്തില്‍ നെടുമ്പോശേരി വിമാനത്താവളത്തില്‍ നിന്ന് പൊക്കിയത് 30 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ്. ഇന്നലെ മാത്രം നാലേകാല്‍ കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് നെടുമ്പാശേരിയില്‍ പിടി കൂടിയത്. മാരക രാസവസ്തുക്കള്‍ ചേര്‍ത്ത് ഉണ്ടാക്കിയെടുക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ഭൂരിഭാഗവും എത്തുന്നത് അന്താരാഷ്ട്ര പോസ്റ്റ് ഓഫീസ് വഴിയും വിമാനമാര്‍ഗവമാണെന്നാണ് എക്സൈസിന്റെ കണ്ടെത്തല്‍. ഇത്തരത്തില്‍ നിരവധി കേസുകളാണ് സമീപ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

സാധാരണ കഞ്ചാവിനേക്കാള്‍ ശക്തിയേറിയതും അപകടകരവുമായ ഒരു തരം കഞ്ചാവാണ് ഹൈബ്രിഡ് കഞ്ചാവ്. ‘തായ് ഗോള്‍ഡ്’ എന്നാണ് ഇത് യുവാക്കള്‍ക്കും കച്ചവടക്കാര്‍ക്കുമിടയില്‍ അറിയപ്പെടുന്നത്. മാരക രാസവസ്തുക്കളില്‍ ആറ് മാസത്തോളം കഞ്ചാവ് ഇട്ടു വെക്കുന്നു. തുടര്‍ന്ന് ഇത് ഉണക്കിയെടുത്തതിന് ശേഷം ഒരു ഗ്രാം വീതമുള്ള ഉരുളകളാക്കി വില്‍ക്കുന്നു. വിദേശത്ത് നിന്ന് കൊണ്ടു വരുന്ന കഞ്ചാവ് ഇവിടുത്തെ കഞ്ചാവുമായി കൂട്ടിക്കലര്‍ത്തിയാണ് വില്‍പ്പന നടത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് മാര്‍ക്കറ്റില്‍ ഒരു കോടിയോളം വില വരും. രാജ്യാന്തര വിപണിയില്‍ വന്‍ ഡിമാന്‍ഡാണ് ഈ ലഹരിക്ക്.

ഇന്നലെ നടന്ന വന്‍ ലഹരി വേട്ടയില്‍ ആമില്‍ അസാദ് എന്ന യുവാവാണ് അറസ്റ്റിലായത്. ബാങ്കോക്കില്‍ നിന്നാണ് ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. 14.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ആമിലില്‍ നിന്നും പിടികൂടിയത്. ഇയാള്‍ ലഹരി കടത്ത് സംഘത്തിലെ ഇടനിലക്കാരനാണെന്നാണ് വിവരം. ഒരു ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്താണ് ഇയാള്‍ കഞ്ചാവ് കടത്തിനെത്തിയതെന്നാണ് പ്രാഥമിക നിഗമനം.

ഭക്ഷണപ്പൊതികളിലും മിഠായിപ്പാക്കറ്റുകളിലും പൊതിഞ്ഞാണ് ഇവ പലപ്പോഴും കടത്തുന്നത്. ബാഗേജിലെ വസ്ത്രങ്ങള്‍ക്കിടയിലും മറ്റും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധമാണ് സൂക്ഷിക്കുന്നത്. ഒരു പ്രത്യേകതരം പേപ്പറുകളിട്ടാണ് ഇവ പൊതിയുക. അതിനാല്‍ സ്‌ക്രീനിങ്ങിലും തിരിച്ചറിയില്ല. കുട്ടികളുടെ കളിപ്പാട്ടങ്ങളിലും സ്ത്രീകളുടെ പാദരക്ഷകളിലും ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ് അടങ്ങിയ പാര്‍സല്‍ പാക്കറ്റുകള്‍ നേരത്തെ പിടികൂടിയിരുന്നു. ഈ മാസം 9ന് ബാങ്കോക്കില്‍ നിന്ന് തായ് എയര്‍വേസില്‍ നെടുമ്പാശേരിയില്‍ എത്തിയ ഉസ്മാന്‍ എന്ന യുവാവ് 12 കിലോ കഞ്ചാവാണ് തന്റെ ബാഗേജില്‍ ഒളിപ്പിച്ചത്. ഭക്ഷണ പാക്കറ്റുകളിലും മിഠായി പാക്കറ്റുകളിലുമായാണ് ഇയാള്‍ ഇത് കൊണ്ടുവന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സൂക്ഷ്മ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്. അടുത്തിടെ എക്സൈസ് നടത്തിയ പരിശോധനയില്‍ അന്താരാഷ്ട്ര പോസ്റ്റ് ഓഫീസില്‍ വന്ന പാഴ്സലില്‍നിന്ന് 90 ഗ്രാം ഹൈഡ്രോ കഞ്ചാവ് പിടികൂടിയിരുന്നു. അതിനും മുന്‍പ് മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര കഞ്ചാവുകടത്തുസംഘം കുടകില്‍ പിടിയിലായിരുന്നു. ഇവരില്‍നിന്ന് മൂന്നരക്കോടിയോളം രൂപ വിലമതിക്കുന്ന 3.31 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. മുഖ്യപ്രതി മെഹറൂഫ് തായ്ലന്‍ഡിലേക്ക് പോകുന്നതിനിടെ കൊച്ചി വിമാനത്താവളത്തിലാണ് പിടിയിലായത്. ഈ മാരക ലഹരി എത്രത്തോളം സംസ്ഥാനത്ത് വ്യാപകമാണെന്നതിന്റെ നേര്‍ സാക്ഷ്യമാണ് കേസുകളെല്ലാം.

ഹൈബ്രിഡ് കഞ്ചാവില്‍ സിന്തറ്റിക് രാസ പദാര്‍ത്ഥി കലര്‍ന്നിട്ടുണ്ടെങ്കിലും ഒരു കിലോയ്ക്ക് മുകളില്‍ കൈവശം വച്ചാല്‍ മാത്രമേ ജാമ്യമില്ലാ വകുപ്പനുസരിച്ച് നിലവില്‍ കേസെടുക്കാന്‍ കഴിയൂ. ഇതും കടത്തുന്നവര്‍ക്ക് സൗകര്യമായി. അതിനാല്‍ ഇതിനെ സിന്തറ്റിക് മയക്കുമരുന്നിന്റെ ഗണത്തില്‍ പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ മരണത്തിലേക്ക് തന്നെ നയിക്കുന്ന ലഹരിയാണിത്. ഓര്‍മ നഷ്ടപ്പെട്ട് തളര്‍ന്ന് വീഴുന്ന സാഹചര്യവുമുണ്ടായേക്കാം. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ഗ്രൂപ്പുകളിലൂടെ ഇവയുടെ വിപണനം വ്യാപകമായി നടക്കുന്നതായി എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം കിട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *