തവനൂരിൽ ആർക്ക് ജോയ് ?



എടപ്പാൾ: മലപ്പുറം ജില്ലയിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തവനൂർ. നിലവിലെ സിറ്റിങ് എം.എൽ.എ ഡോ. കെ.ടി. ജലീലും യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. വി.എസ്. ജോയിയും നേർക്കുനേർ എത്തുമ്പോൾ പോരാട്ടം പ്രവചനാതീതമാവുകയാണ്. 2011 മുതൽ തവനൂരിന്റെ മുഖമാണ് കെ.ടി. ജലീൽ. മണ്ഡലത്തിൽ കൊണ്ടുവന്ന അടിസ്ഥാന സൗകര്യ വികസനങ്ങളും വ്യക്തിബന്ധങ്ങളുമാണ് അദ്ദേഹത്തിന്റെ കരുത്ത്. തവനൂർ മണ്ഡലമായുള്ള 15 വർഷത്തെ പരിചയം ജലീലിന് ഏറെ പ്രതീക്ഷയാണ്. മണ്ഡലത്തിലെ വികസന പദ്ധതികളും എൽ.ഡി.എഫിന്റെ ശക്തമായ സംഘടന സംവിധാനവും ജലീലിന് അനുകൂല ഘടകമാണെങ്കിലും, തുടർച്ചയായ ഭരണവിരുദ്ധ വികാരം എന്ന നിലയിൽ, കഴിഞ്ഞ തവണ ലഭിച്ച കുറഞ്ഞ ഭൂരിപക്ഷം (2,564 വോട്ടുകൾ) വലിയ വെല്ലുവിളിയാണ്.

മലപ്പുറം ഡി.സി.സി പ്രസിഡന്റ് എന്ന നിലയിലുള്ള കരുത്തുമായാണ് വി.എസ്. ജോയ് എത്തുന്നത്. മികച്ച വാഗ്മിയും സംഘാടകനുമായ അദ്ദേഹം യുവ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നു. കോൺഗ്രസിന്റെ യുവരക്തം, മണ്ഡലം പിടിച്ചെടുക്കാനുള്ള യു.ഡി.എഫ് പ്രവർത്തകരുടെ ആവേശം, കഴിഞ്ഞ തവണത്തെ മികച്ച മുന്നേറ്റം നൽകുന്ന ആത്മവിശ്വാസം എന്നിവ അനുകൂല ഘടകങ്ങളാണ്. കാർഷിക മേഖലയിലെ പ്രതിസന്ധികളും തീരദേശ വികസനവും വോട്ടർമാരുടെ മനസ്സിലിരിപ്പിനെ സ്വാധീനിച്ചേക്കാം.

തവനൂരിൽ ഇത് വെറുമൊരു തിരഞ്ഞെടുപ്പല്ല, മറിച്ച് രാഷ്ട്രീയ നിലനിൽപിന്റെ പോരാട്ടമാണ്. 2025ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫിന് ഇവിടെ വിജയം കൈവരിക്കാൻ സാധിച്ചു. നിലവിൽ തവനൂർ നിയോജക മണ്ഡലത്തില്‍പ്പെടുന്ന തൃപ്രങ്ങോട്, മംഗലം, പുറത്തൂർ, തവനൂർ, എടപ്പാള്‍, കാലടി, വട്ടംകുളം എന്നീ ഏഴ് പഞ്ചായത്തുകളിലും യു.ഡി.എഫ് ആണ് ഭരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വോട്ടുവർധന, കൂടുതൽ തിളക്കമുള്ളതാക്കാൻ ബി.ജെ.പി മുൻ ജില്ല പ്രസിഡന്റ് രവി തേലത്തിനെയാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർഥിയാക്കിയിട്ടുള്ളത്. എസ്.ഡി.പി.ഐ സ്ഥാനാർഥിയായി അബ്ദുൽ ജലീലും രംഗത്തുണ്ട്.