‘അമ്മയ്ക്ക് വീഴ്ച സംഭവിച്ചു; പവർ ഗ്രൂപ്പ് ഇല്ലെന്ന് പറയാൻ കഴിയില്ല, പൃഥ്വിരാജ്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണമെന്ന് നടൻ പൃഥ്വിരാജ്. കുറ്റകൃത്യം തെളിയിക്കപ്പെട്ടാൽ മാതൃകാപരമായി ശിക്ഷിക്കണം. വിഷയത്തിൽ ‘അമ്മ’ സംഘടനയ്ക്ക് വീഴ്ച സംഭവിച്ചെന്നതിൽ സംശയമില്ല. കുറ്റാരോപിതർ സ്ഥാനമൊഴിഞ്ഞ് അന്വേഷണത്തെ നേരിടണമെന്ന് ആവശ്യപ്പെട്ട നടൻ, പവർ ഗ്രൂപ്പ് ഇല്ലെന്ന് പറയാൻ കഴിയില്ലെന്നും അതിന്റെ ഉദാഹരണമാണു താനെന്നും വ്യക്തമാക്കി.
കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുള്ള ആരോപണങ്ങളിൽ അന്വേഷണം ഉണ്ടാകണം. കുറ്റകൃത്യം തെളിഞ്ഞാൽ മാതൃകാപരമായ ശിക്ഷ വേണം. ആരോപണങ്ങൾ ഉണ്ടെങ്കിൽ പഴുതടച്ചുള്ള അന്വേഷണം ഉണ്ടാകണം. ആരോപണങ്ങൾ കള്ളമായിരുന്നുവെന്ന് തെളിഞ്ഞാൽ തിരിച്ചും ശിക്ഷ വേണം. റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിൽ ഞെട്ടലൊന്നുമില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്നതിൽ സംശയമില്ല. പവർ ഗ്രൂപ്പ് ഇല്ല എന്ന് എനിക്ക് അവകാശപ്പെടാനാകില്ല. ഞാൻ അനുഭവിച്ചിട്ടില്ല എന്നതുകൊണ്ട് അങ്ങനെയൊരു ഗ്രൂപ്പ് ഇല്ലെന്നു പറയാനാകില്ല. സംഘടിതമായി തൊഴിലവസരം നിഷേധിക്കുന്നുണ്ടെങ്കിൽ അത് പാടില്ല. അതിനെയാണ് പവർ ഗ്രൂപ്പ് എന്ന് വിളിക്കുന്നതെങ്കിൽ അത് ഇല്ലാതാകണം. പാർവതിക്ക് മുൻപ് നിങ്ങൾക്കു മുൻപിലുള്ള ഉദാഹരണമാണ് ഞാൻ. എന്റെ നിയന്ത്രണത്തിലുള്ള തൊഴിലിടം സുരക്ഷിതമാണെന്നു പറയുന്നതിൽ തീരുന്നില്ല ഒരാളുടെയും ഉത്തരവാദിത്തം. എല്ലാ സംഘടനകളുടെയും തലപ്പത്ത് വനിതാ പ്രാതിനിധ്യം വേണമെന്നും നടൻ കൂട്ടിച്ചേർത്തു