‘ഹക്കീം ഫൈസിയെ കേൾക്കാൻ തയ്യാറായില്ല എന്ന ആരോപണം തെറ്റ്’; സിഐസിക്കെതിരെ വീണ്ടും സമസ്ത

Hakeem

കോഴിക്കോട്: സിഐസി സംബന്ധിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ തീരുമാനം പ്രഖ്യാപിച്ച സാഹചര്യത്തിൽ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി കഴിഞ്ഞ ദിവസം വാർത്താ മാധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതും പൊതുജനങ്ങളെ തെറ്റുധരിപ്പിക്കുന്നതുമാണെന്ന് മുശാവറാംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിൽ 1986ൽ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് വളാഞ്ചേരി മർകസ്. അവിടെയുള്ള നിരവധി സ്ഥാപനങ്ങളിൽ ഒന്ന് മാത്രമായ അറബിക് കോളേജിൽ തുടക്കം കുറിച്ചതാണ് വാഫി കോഴ്‌സ്. സമസ്ത മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന പി.പി. മുഹമ്മദ് ഫൈസി, മുശാവറ അംഗമായിരുന്ന ഇബ്രാഹിം പുത്തൂർ ഫൈസി തുടങ്ങിയ പണ്ഡിത നേതാക്കളായിരുന്നു ഈ കോഴ്‌സ് രൂപകൽപന ചെയ്തത്. അക്കാലത്ത് അവിടെ അറബിക് കോളേജ് പ്രിൻസിപ്പലായിരുന്നു അബ്ദുൽ ഹക്കീം ഫൈസി.Hakeem

വാഫി കോഴ്‌സ് പൂർത്തീകരിച്ചവർക്ക് സർട്ടിഫിക്കറ്റ് നൽകുമ്പോൾ അതിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പേര് നൽകണമെന്ന മർക്കസ് കമ്മിറ്റിയുടെ തീരുമാനം ധിക്കരിച്ചുകൊണ്ടാണ് ഇദ്ദേഹത്തിന്റെ സംശയകരമായ നീക്കങ്ങൾക്ക് തുടക്കമാവുന്നത്. തുടർന്ന് സിഐസി പ്രസിഡന്റും മർകസ് പ്രസിഡൻറുമായിരുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ രേഖാമൂലം നിർേദശം നൽകിയിട്ടും അത് അദ്ദേഹം നിരാകരിക്കുകയായിരുന്നു. ഇതെല്ലാം സെനറ്റ് തീരുമാനിക്കേണ്ടതാണെന്നായിരുന്നു ഹൈദരലി തങ്ങളോടുള്ള അദ്ദേഹത്തിന്റെ ധിക്കാരപരമായ മറുപടി.

വാഫി കോഴ്സ് പിന്തുടരാൻ താത്പര്യം പ്രകടിപ്പിച്ച് സമസ്തയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഏതാനും അറബിക് കോളേജ് മാനേജ്‌മെന്റുകൾ താത്പര്യം പ്രകടിപ്പിച്ചപ്പോൾ തുടർന്ന് മർക്കസ് ആസ്ഥാനമായി തന്നെ സിഐസി രൂപീകരിക്കുകയായിരുന്നു. അതിന്റെ ഭരണഘടന പൂർണമായി സമസ്തയുടെ തീരുമാനങ്ങളേയും നിയന്ത്രണങ്ങളേയും അംഗീകരിക്കുന്ന വിധത്തിലായിരുന്നു. എന്നാൽ പിന്നീട് സ്വതന്ത്രമായ സ്വഭാവത്തിലേക്ക് സിഐസിയെ മാറ്റുന്ന വിധത്തിൽ ഭരണഘടന ഭേദഗതി ചെയ്തു. പഠന കാലയളവിൽ വിവാഹത്തിന് അനുമതി നിഷേധിച്ചതായി ഏതാനും രക്ഷിതാക്കൾ സമസ്ത മുശാവറക്ക് പരാതി നൽകുന്നു. പരാതിയുമായി ബന്ധപ്പെട്ട് സമസ്ത മുശാവറ ചുമതലപ്പെടുത്തിയ സമിതി അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു. പ്രശ്‌ന പരിഹരത്തിന് വേണ്ടി നിരവധി കത്തിടപാടുകൾ നടത്തിയെങ്കിലും യഥാർഥ വിഷയത്തിൽ നിന്നു ഒഴിഞ്ഞുമാറിയ മറുപടികളാണ് ഹക്കീം ഫൈസി നൽകിയത്.

അവസാന ഘട്ടത്തിൽ പരാതികൾക്കിടവരാത്ത വിധം പ്രശ്‌നം രമ്യമായി പരിഹരിക്കാൻ മധ്യസ്ഥൻമാർ ഇടപെട്ടു, ഒമ്പതിന പരിഹാര നിർദേശം മുന്നോട്ട് വെച്ചു. സിഐസി സെനറ്റ് ചേർന്ന് ഇത് അംഗീകരിച്ച് മിനുട്ട്‌സ് കോപ്പി സഹിതം സമസ്ത മുശാവറക്ക് രേഖാമൂലം കൈമാറുകയെന്നാണ് മധ്യസ്ഥ ചർച്ചയിൽ തീരുമാനിച്ചത്. എന്നാൽ ഇത് വളച്ചൊടിച്ച് പരിഹാസ രീതിയിൽ സമസ്തക്ക് നൽകുകയാണ് ചെയ്തത്. സമസ്ത നേതാക്കളും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പടെ പ്രശ്‌ന പരിഹാരത്തിന് തുടർന്നും ചർച്ചക്കൊരുങ്ങിയപ്പോഴാണ് ഹക്കീം ഫൈസി ജനറൽ സെക്രട്ടറിയായി ഏകപക്ഷീയമായി കമ്മിറ്റി പ്രഖ്യാപിച്ചു പ്രശ്‌നപരിഹാരത്തിനുള്ള എല്ലാ വാതിലുകളും കൊട്ടിയടച്ചത് സിഐസി നേതൃത്വം തന്നെയാണെന്നും മുശാവറാംഗങ്ങൾ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, കെ. ഹൈദർ ഫൈസി പനങ്ങാങ്ങര, അസ്ഗറലി ഫൈസി പട്ടിക്കാട്, പി.എം അബ്ദുസലാം ബാഖവി വടക്കേക്കാട് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *