‘ബോണ്ട് വാങ്ങിയത് പാർട്ടി അറിഞ്ഞുകൊണ്ട്’; ‘കട്ടൻ ചായ’യിൽ ദേശാഭിമാനിക്കെതിരെയും വിമർശനം
കോഴിക്കോട്: ഇ.പി ജയരാജന്റെ പേരിൽ പുറത്തുവന്ന ‘കട്ടൻ ചായയും പരിപ്പ്‌വടയും’ എന്ന പുസ്തകത്തിൽ ദേശാഭിമാനിക്കെതിരെ വിവിധഘട്ടങ്ങളിൽ ഉയർന്ന വിവാദങ്ങളിൽ വിശദീകരണവും പത്രത്തിന്റെ നടത്തിപ്പിൽ തനിക്കുള്ള വിമർശനവും പങ്കുവെക്കുന്നുണ്ട്. 2004ലാണ് താൻ ദേശാഭിമാനി ജനറൽ മാനേജരായത്. വി.വി ദക്ഷിണാമൂർത്തി ചീഫ് എഡിറ്ററും പി. രാജീവ് റസിഡന്റ് എഡിറ്ററുമായിരുന്നു. ദക്ഷിണാമൂർത്തി കോഴിക്കോട് കേന്ദ്രീകരിച്ചും രാജീവ് കൊച്ചി കേന്ദ്രീകരിച്ചുമാണ് പ്രവർത്തിച്ചിരുന്നത്. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിന് വരുമ്പോൾ മാത്രമാണ് പരസ്പരം കാണുക. സെക്രട്ടേറിയറ്റിന്റെ തിരക്കിനിടയിൽ ദേശാഭിമാനിയുടെ കാര്യം ചർച്ച ചെയ്യാൻ സമയം കിട്ടിയിരുന്നില്ല.Kattan Chaya’
അന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു പത്രം മുന്നോട്ടുപോയിരുന്നത്. പഴയ കെട്ടിടത്തിൽ സൗകര്യങ്ങൾ പരിമിതമായതിനാൽ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനപ്രകാരം തമ്പാനൂർ അരിസ്റ്റോ ജങ്ഷനിൽ പുതിയ കെട്ടിടം നിർമിച്ചു. ബാങ്ക് വായ്പയിലൂടെയാണ് പണം സമാഹരിച്ചത്. പഴയ കെട്ടിടം വിറ്റ് കടം തീർക്കാൻ തീരുമാനിച്ചെങ്കിലും അത് നടന്നില്ല. മാർക്കറ്റിങ് വിഭാഗം യോഗം ചേർന്ന് വരുമാനം വർധിപ്പിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. ആ യോഗത്തിലാണ് വൻതോതിൽ പരസ്യം തരുന്ന ഏജൻസികളെ സമീപിച്ച് പരസ്യം വാങ്ങാൻ തീരുമാനിച്ചത്. അവരിൽനിന്ന് അടുത്തവർഷത്തെ പരസ്യത്തിനുള്ള പണം മുൻകൂറായി സ്വീകരിക്കാനും പരസ്യം നൽകാനായില്ലെങ്കിൽ പണം തിരിച്ചുനൽകാമെന്ന് ഉറപ്പ് നൽകാനുമാണ് തീരുമാനിച്ചത്. അങ്ങനെ പലരെയും സമീപിച്ച കൂട്ടത്തിലാണ് സാന്റിയാഗോ മാർട്ടിന്റെ കമ്പനിയുമായി ഡെപ്യൂട്ടി ജനറൽ മാനേജരായിരുന്ന വേണുഗോപാലിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയത്. മാർട്ടിന്റെ കമ്പനി ദേശാഭിമാനിക്കും മറ്റു പത്രങ്ങൾ നേരത്തെ തന്നെ പരസ്യം തന്നിരുന്നു. തന്നോട് ആലോചിച്ചല്ല സാന്റിയാഗോ മാർട്ടിനെ സമീപിച്ചത്. രണ്ട് കോടി രൂപയാണ് മാർട്ടിൻ മുൻകൂറായി തരാമെന്നേറ്റത്. അവർ തന്നെ ഇക്കാര്യം അറിയിക്കുകയും താൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പണം കൈപ്പറ്റിയത്. എന്നാൽ ലോട്ടറി രാജാവിൽനിന്ന് താൻ പണം വാങ്ങിയെന്നാണ് പ്രചാരണമുണ്ടായത്. ഒരു രൂപ പോലും താൻ വാങ്ങിയിട്ടില്ല എന്ന് അറിഞ്ഞിട്ടും തന്നെ കുരിശിലേറ്റാനാണ് ശ്രമമുണ്ടായതെന്ന് പുസ്തകത്തിൽ പറയുന്നു.
വി.എസ് അച്യുതാനന്ദൻ ഇത് ആയുധമായി ഉപയോഗിച്ചു. അന്ന് വി.എസ് മുഖ്യമന്ത്രികൂടിയായിരുന്നു. പാർട്ടി സംസ്ഥാനനേതൃത്വവുമായി സംഘർഷത്തിന്റെ പാതയിലും. തനിക്കെതിരെയാണെങ്കിലും അത് സംസ്ഥാന നേതൃ ത്വത്തിനെതിരായ ഒളിയാക്രമണമായിരുന്നു. കേന്ദ്രനേതൃത്വമാകട്ടെ തീർത്തും ദുർബലമായ സാഹചര്യത്തിലും. ഡൽഹിയിലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു വിദ്വാൻ കേന്ദ്രനേതാക്കളുമായും അടുത്ത ബന്ധം പുലർത്തിയ കാലം. അവരുടെ നുണകൂടി ശക്തമായി. ഇതോടെ കേന്ദ്രനേതൃത്വം ഈ വിഷയം ചർച്ചചെയ്തു. വിഷയത്തെ വസ്തുനിഷ്ഠമായി കാണാതെ മാധ്യമങ്ങളുടെ പിറകേ പോയി. പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റും ചേർന്നു. അങ്ങനെയാണ് 2007 ആഗസ്തിൽ താൻ ജനറൽ മാനേജർ സ്ഥാനത്തുനിന്നും മാറുന്നത്. തുടർന്ന് 2008 ജൂൺ വരെ പി. ജയരാജനെ ജനറൽ മാനേജർ ആയി നിയമിച്ചു. എന്നാൽ നീണ്ട ചർച്ചകൾക്കുശേഷം പാർട്ടി ശരിയായ നില പാടിലേക്ക് തിരിച്ചുവന്നു. വീണ്ടും ജനറൽ മാനേജർ ആയി ചുമതലയേറ്റു. അങ്ങനെ 2008 ജൂലൈ മുതൽ 2016 മെയ് 24-ന് മന്ത്രിയായി ചുമതലയേൽക്കുന്നതിന്റെ തലേന്നാൾ വരെ ജനറൽ മാനേജരായി-പുസ്തകത്തിൽ പറയുന്നു.
തുടർന്നും ദേശാഭിമാനിയെയും തന്നെയും താറടിച്ചു കാണിക്കാൻ ശ്രമമുണ്ടായി. അതിൽ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളും വിവാദവ്യവസായി വി.എം രാധാകൃഷ്ണനുമായി ബന്ധപ്പെട്ടതാണ്. 2013 നവംബറിൽ പാലക്കാട് നടന്ന പാർട്ടി പ്ലീനത്തിന്റെ സമാപന ദിവസം ദേശാഭിമാനി സപ്ലിമെന്റ് ഇറക്കാൻ തീരുമാനിച്ചു. പരസ്യവിഭാഗം പരസ്യത്തിനായി പലരെയും സമീപിച്ചു. കൂട്ടത്തിൽ പാലക്കാട്ട് വിവിധ സ്ഥാപനങ്ങൾ നടത്തുന്ന സൂര്യ ഗ്രൂപ്പ് ഉടമ എന്ന നിലയിൽ വി.എം രാധാകൃഷ്ണനും പരസ്യം തന്നു. ആ പരസ്യം സ്വീകരിച്ചതിൽ ഒരപാകതയും ഇല്ലെങ്കിലും വിവാദവ്യവസായിയുടെ പണം സ്വീകരിച്ചുവെന്ന നിലയിലുള്ള മാധ്യമപ്രചാരണം വന്നു. പാർട്ടി തെറ്റുതിരുത്തൽ ചർച്ചനടത്തുമ്പോൾ ഇത്തരം കളങ്കിത വ്യക്തികളിൽനിന്നും കാശു സ്വീകരിക്കാമോ എന്ന നിലയിലായി ചർച്ച. യഥാർഥത്തിൽ പരസ്യം സ്വീകരിക്കുന്നതിൽ ഇത്തരത്തിൽ ധാർമികതയൊന്നും ഒരു മാധ്യമവും സ്വീകരിക്കാറില്ല. അങ്ങനെ തീരുമാനിച്ചാൽ ഒരു പക്ഷേ, ഒരു പരസ്യവും സ്വീകരിക്കാൻ പറ്റിയില്ല എന്ന് വരും. യുഡിഎഫ് ഭരിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടത്തിന്റെ പരസ്യം ദേശാഭിമാനി സ്വീകരിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ പരസ്യം സ്വീകരി ച്ചിട്ടുണ്ട്. പക്ഷേ, സർക്കാരുകൾക്കെതിരേ വാർത്ത കൊടുക്കുന്നതിൽ ഇത് ബാധകവുമല്ല. സമാനമായി സ്വകാര്യ സ്ഥാപനങ്ങളിൽനിന്നും പരസ്യം എല്ലാവരും സ്വീകരിക്കാറുമുണ്ട്. ഈ പരസ്യം വാങ്ങി എന്ന് കരുതി അതിന് മുമ്പോ ശേഷമോ രാധാകൃഷ്ണന് അനുകൂലമായി ഒരു വാർത്തയും കൊടുത്തിട്ടില്ല എന്നുമാത്രമല്ല, എതിരായി വന്ന വാർത്തകൾ കൊടുക്കാതിരുന്നിട്ടുമില്ല. ആ സംഭവവും വലിയ കോളിളക്കമാക്കാൻ നോക്കി.
ദേശാഭിമാനിയുടെ പഴയ കെട്ടിടം വിറ്റഴിക്കാതെ മുന്നോട്ടുപോകാനാകില്ല എന്ന നിലയിലായിരുന്നു കാര്യങ്ങൾ. അങ്ങനെ നേരത്തേ വിൽപ്പനക്കരാറുണ്ടാക്കിയതിനെക്കാൾ കൂടിയ വിലക്ക് വാങ്ങാൻ തയ്യാ റാണെന്ന് അറിയിച്ച് ഒരാൾ മുന്നോട്ടു വന്നു. അയാൾക്ക് രജിസ്റ്റർ ചെയ്തുകൊടുത്തു. ഡെപ്യൂട്ടി ജനറൽ മാനേജറായിരുന്ന ശ്രീധരന്റെ നേതൃത്വത്തിലാണ് ചർച്ച നടന്നത്. വില ഉറപ്പിച്ച് പാർട്ടി സെക്രട്ടേറിയറ്റിനെ അറിയിച്ചു. നിശ്ചിത തീയതിക്കകം രജിസ്‌ട്രേഷനും നടന്നു. അതും കഴിഞ്ഞ് മാസങ്ങൾക്കുശേഷമാണ് വിവാദവ്യവസായി വി.എം രാധാകൃഷ്ണനാണ് ദേശാഭിമാനി കെട്ടിടം വിറ്റതെന്ന വാർത്ത വന്നത്. ദേശാഭിമാനിക്കെട്ടിടം രാധാകൃഷ്ണനോ അദ്ദേഹത്തിന്റെ ബന്ധത്തിലോപെട്ട ആരുടെ പേരിലുമല്ല രജിസ്റ്റർ ചെയ്തത്. ഇനി അഥവാ അങ്ങനെയാണെങ്കിൽ തന്നെ എന്താണ് തെറ്റ്? കാരണം അതിനു മുമ്പ് വിലയ്‌ക്കെടുക്കാൻ തീരുമാനിച്ച വ്യക്തി പിന്മാറി. പിന്നീട് തുടർച്ചയായി പരസ്യം നൽകിയിട്ടും ആരും മുന്നോട്ടുവന്നില്ല. ഒടുവിൽ വന്നയാൾക്ക് കരാർ ഉറപ്പിച്ചു. ഇവിടെ ദേശാഭിമാനിയുടെ താത്പര്യം മാത്രമേ നോക്കേണ്ടതുള്ളൂ. അതിൽ ഒരു തുള്ളിപോലും വെള്ളം ചേർത്തിട്ടില്ല. എന്നുമാത്രമല്ല, ദേശാഭിമാനിയുടെ പേരിൽ ഒരു രാധാകൃഷ്ണനെയോ സാന്റിയാഗോ മാർട്ടിനെയോ സഹായിക്കാനായി ഒന്നും വഴിവിട്ടു നൽകിയില്ല. അവരുടെ ഒരു സഹായവും വഴിവിട്ടു സ്വീകരിച്ചിട്ടുമില്ല. ദേശാഭിമാനിമാത്രമല്ല, വ്യക്തി എന്ന നിലയിൽ താനും സഹായം വാങ്ങിയിട്ടില്ല, തിരിച്ച് രാധാകൃഷ്ണനു വഴിവിട്ട സഹായം ചെയ്തുകൊടുത്തിട്ടുമില്ലെന്നും പുസ്തകത്തിൽ പറയുന്നു.
ദേശാഭിമാനിയിൽനിന്നും പുറത്താക്കിയ വേണുഗോപാൽ പിന്നീടും ദേശാഭിമാനിക്കുവേണ്ടി പരസ്യം പിടിച്ചിരുന്നു. അതിൽ അസ്വാഭാവികത തോന്നിയില്ല. പിടിക്കുന്ന പരസ്യത്തിന്റെ കമ്മീഷൻ മാത്രമായിരുന്നു ജീവിതമാർഗം. അങ്ങനെയിരിക്കെ വേണുഗോപാലിനെ ദേശാഭിമാനി മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്ന നിലയിൽ നിയമിച്ച് ഉത്തരവിറക്കിയ സംഭവവും ഉണ്ടായി. ഇതു താൻ ഇടപെട്ട് നൽകി എന്നായിരുന്നു ആക്ഷേപം. എന്നാൽ ഓഫീസിലുള്ള തന്റെ ഡിജിറ്റൽ ഒപ്പുപയോഗിച്ച് താൻ അറിയാതെ നിയമനം നൽകിയതാണ്. ഈ വിഷയത്തിലും തന്നെ കുരിശിൽ തറയ്ക്കാൻ ശ്രമിച്ചെങ്കിലും അതും ഏശിയിരുന്നില്ല. സ്വപ്നത്തിൽ പോലും അറിയാത്ത കാര്യങ്ങൾ ഇങ്ങനെ തലയിൽ വെക്കേണ്ടി വരുന്നതെന്തുകൊണ്ട് എന്ന് പലവട്ടം ആലോചിച്ചിട്ടുണ്ടെന്നും പുസ്തകത്തിൽ വെളിപ്പെടുത്തലുണ്ട്.
പ്രാദേശിക വാർത്തകളുടെ കാര്യത്തിലും പൊതുവാർത്തകളുടെ കാര്യത്തിലും പിന്നോക്കം പോകുന്നതിൽ എഡിറ്റോറിയൽ ബോർഡ് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഒന്നാം പേജ് തിരുവനന്തപുരം സെൻട്രൽ ഡസ്‌കിൽ നിന്നാണ് പേജ് ചെയ്യുന്നത്. അവരുടെ മുന്നിൽ രാഷ്ട്രീയ വാർത്തകൾ മാത്രമേ വരൂ. അങ്ങനെ ഏതാണ്ടെല്ലാ ദിവസവും രാഷ്ട്രീയ വാർത്തകൾ മാത്രം. അത് തിരുവനന്തപുരത്തുനിന്നും ഡൽഹി യിൽനിന്നുമുള്ളതായിരിക്കും. പ്രാദേശികമായുണ്ടാകുന്ന പ്രധാന സംഭവവികാസങ്ങൾ പോലും അതാതിടത്തുപോലും ഒന്നാം പേജിൽ കൊടുക്കാൻ പറ്റുന്നില്ല. സംസ്ഥാനാടിസ്ഥാനത്തിൽ ഹ്യൂമൻ ഇന്ററസ്റ്റഡ് സ്റ്റോറികൾ തീരെ കുറവ്. നേതാക്കളെ പ്രീതിപ്പെടുത്തും വിധം പ്രസ്താവനകളും പ്രസംഗങ്ങളും ചിത്രങ്ങളും കൊടുത്ത് പേജ് നിറയ്ക്കുന്ന പ്രവണത. പൊതുപത്രമായി ഉയർത്താൻ പാർട്ടി അനുവദിച്ചാലും അനാവശ്യവിധേയത്വം കാണിച്ച് എഡിറ്റോറിയൽ ജീവനക്കാർതന്നെ അതിന്റെ കടയ്ക്കൽ കത്തിവെക്കുന്നുവെന്ന് പറയാം. വെറും പാർട്ടി ഗസറ്റ് ആയി മാറാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. ഒന്നാം പേജിൽ ഉൾപ്പെടെ പൊതുവാർത്തകൾക്കു പ്രാധാന്യം നൽകണം. പാർട്ടി സമരങ്ങളും മറ്റും വരുമ്പോൾ ഒരു പേജ് നിറയെ ചിത്രങ്ങൾ കൊടുക്കുന്ന പ്രവണത അവസാനിപ്പിക്കണം. ഒരേ നേതാവിന്റെ മൂന്നും നാലും ചിത്രങ്ങൾ ഒരേദിവസം ഒരേപേജിലും വ്യത്യസ്ത പേജുകളിലുമായി വരുന്നത് ഒഴിവാക്കണം. ഇക്കാര്യങ്ങളെല്ലാം ചർച്ചചെയ്താണ് പാർട്ടി ഒരു രേഖ തയ്യാറാക്കിയത്. ആ രേഖയിലെങ്കിലും വെള്ളം ചേർക്കാതെ മുന്നോട്ടു പോകാൻ കഴിയണം.
ചീഫ് എഡിറ്റർമാരായി വരുന്നവർ പൂർണസമയം ദേശാഭിമാനിക്കുവേണ്ടി പ്രവർത്തിക്കുന്ന സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. അതിന് പൂർണ്ണമായും മാറ്റം വരുത്താൻ കഴിയണം. അതോടൊപ്പം റസിഡന്റ് എഡിറ്റർ ഉൾപ്പെടെയുള്ള ഉയർന്ന പദവികളിൽ പ്രവർത്തിക്കുന്നവർ തൊട്ടുതാഴെ സബ് എഡിറ്റർ വരെയുള്ളവർ തികച്ചും പ്രൊഫഷണലുകളാകണം. ഗൾഫ് എഡിഷൻ പൂട്ടേണ്ടിവന്നതും മറ്റൊരു കഥയാണ്. ഗൾഫിൽനിന്നും പത്രം അടിക്കാൻ തീരുമാനിച്ചു. എന്നാൽ അതിന് ചുമതലപ്പെടുത്തിയവരുടെ മിസ് മാനേജ്‌മെന്റ് വൻ നഷ്ടത്തിലെത്തിച്ചു. വസ്തുതകൾ കൃത്യമായി ധരിപ്പിക്കാതെ ധൂർത്ത് തുടർ
ന്നതും പ്രതിസന്ധിയുടെ ആക്കംകൂട്ടി. സമാനമാണ് പരസ്യവരുമാന ത്തിൽ വന്ന ഇടിവ്. വേണുഗോപാലിനെതിരെ ചില നടപടികൾ എടുത്തുവെങ്കിലും തുടർന്നും പരസ്യം പിടിച്ച് സഹായിക്കാൻ സന്നദ്ധനായിരുന്നു. എന്നാൽ വേണുവിനെ അകറ്റി നിർത്തേണ്ടത് ജനറൽ മാനേജരുടെ ഓഫീസിലെ ചിലരുടെ ആവശ്യമായിരുന്നു. എങ്കിലും വേണു പരസ്യരംഗത്ത് തുടർന്നതും പിന്നീടുണ്ടായ വിവാദവും നേരത്തേ പ്രതിപാദിച്ചതാണ്. ജനറൽ മാനേജർ ഓഫീസിലെ ചിലർ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിയതെല്ലാം കൈയോടെ പിടികൂടിയെങ്കിലും പ്രധാന സ്ഥാനത്ത് അവർ ഇപ്പോ ഴുമുണ്ട്. അവരുടെ പ്രവർത്തനങ്ങൾ സുതാര്യമാണോ എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു.
ദേശാഭിമാനി ജീവനക്കാരുടെ മനോഭാവം മാറണം. 2025 ആകുന്നതോടെ ഏതാണ്ട് തലമുറ മാറ്റം സംഭവിക്കാൻ പോവുകയാണ്. കുറേ മുതിർന്ന മാധ്യമപ്രവർത്തകർ വിരമിക്കും. രാഷ്ട്രീയബോധം കുറഞ്ഞു വരുന്ന തലമുറയാണ് ഇന്നത്തേത്. അത്തരം ഒരു ഘട്ടത്തിൽ രാഷ്ട്രീയമായ പഠനവും ശക്തമാക്കേണ്ടി വരും. നുണകളെ തുറന്നുകാട്ടാനും സത്യം ജനങ്ങളിലെത്തിക്കാനും പുതുതലമുറ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണം. ഇക്കാര്യത്തിലും ദേശാഭിമാനി ശൈശവദശയിലാണ്. ദേശാഭിമാനി ഇ പേപ്പറിന് വായനക്കാരുടെ എണ്ണം കുറവാണ്. ഓൺലൈൻ വാർത്തകൾ ആകർഷകമാകുന്നില്ല. നിലവാരമുള്ളതും രാഷ്ട്രീയ ധാരണയുള്ളതുമായ വീഡിയോകൾ വേണം. ഇതെല്ലാമായിരിക്കണം മാറ്റത്തിന്റെ അടിസ്ഥാനം. കാലത്തിനനുസരിച്ചുള്ള മാറ്റത്തോട് പുറംതിരിഞ്ഞുനിന്നാൽ പത്രവും പിറകോട്ടുപോകും. ദൗർഭാഗ്യവശാൽ ഓൺലൈൻ വിഭാഗം മെച്ചപ്പെടുത്താനെന്ന പേരിൽ റിക്രൂട്ട് ചെയ്ത് എടുത്തവരുടെ രാഷ്ട്രീയനിലവാരം വളരെ മോശമാണ്. പല വാർത്തകളും കാണുമ്പോൾ തോന്നിയ വ്യക്തിഗത അഭിപ്രായമാണ്. ശരിയാണോ എന്നു പരിശോധിക്കേണ്ടത് ചുമതല വഹിക്കുന്നവരാണെന്നും പുസ്തകത്തിൽ പറയുന്നു.