തോക്ക് ചൂണ്ടി യുവാവിനെ ഭീഷണിപ്പെടുത്തിയ കേസ്: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
തിരുവനന്തപുരം: തോക്ക് ചൂണ്ടി യുവാവിനെ ഭീഷണിപ്പെടുത്തിയ കേസിൽ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വട്ടപ്പാറ സ്വദേശി ജി.പി.കുമാർ ആണ് അറസ്റ്റിലായത്. ഡൽഹി പൊലീസിൽ നിന്ന് വിരമിച്ചയാളാണ് ജി.പി കുമാർ. വർക്കല, പാപനാശം നോർത്ത് ക്ലിഫിലെ ആയുഷ് കാമി സ്പായിലെത്തിയ ഇയാൾ മസാജിങ്ങിന് ശേഷം ബാലൻസ് തുക നൽകാതെ ഇറങ്ങി പോയി. ഇതിനെ തുടർന്ന് സ്പാ ജീവനക്കാരനായ വിഷ്ണു ഇദ്ദേഹത്തെ തിരികെ വിളിച്ച് ബാലൻസ് തുക ആവശ്യപ്പെട്ടു.arrested
തുടർന്ന് ഇരുവരും തമ്മിൽ ഉണ്ടായ തർക്കത്തിനൊടുവിൽ കയ്യിൽ കരുതിയിരുന്ന എയർഗൺ ജി.പി.കുമാർ തനിക്ക് നേരെ ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് വിഷ്ണു പൊലീസിനോട് പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ കീഴ്പ്പെടുത്തിയശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ലൈസൻസില്ലാതെ തോക്കും തിരകളും കയ്യിൽ സൂക്ഷിച്ചതിന് ആംസ് ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. ജി.പി.കുമാറിനെ റിമാൻഡ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു സംഭവം.