‘മുഖ്യമന്ത്രിയെന്ന സൂര്യൻ കെട്ടുപോയി; ജനങ്ങൾ നിങ്ങളെ വെറുക്കുന്നു’; ഇനിയും സഹിച്ചുനിൽക്കാൻ സൗകര്യമില്ലെന്നും പി.വി അൻവർ
മലപ്പുറം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പി.വി അൻവർ എംഎൽഎ. മുഖ്യമന്ത്രിയെന്ന സൂര്യൻ കെട്ടുപോയെന്നും ജനങ്ങൾ താങ്കളെ വെറുക്കുന്നതായും താൻ അദ്ദേഹത്തോട് നേരിട്ടുപറഞ്ഞെന്ന് പി.വി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽനിന്ന് താഴ്ന്ന് പൂജ്യത്തിലെത്തിയെന്നും അദ്ദേഹം തന്നെ ചതിച്ചെന്നും അൻവർ പറഞ്ഞു.
പൊലീസിലെ പുഴക്കുത്തുകളെ നിലയ്ക്ക് നിർത്തുമെന്നും കടുത്ത നടപടികളെടുക്കുമെന്നും പൊലീസ് അസോസിയേഷൻ്റെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത് വലിയ ആശ്വാസമായിരുന്നു. ഇതിനു ശേഷമാണ് താൻ മുഖ്യമന്ത്രിയെ കാണാൻ പോയത്. താൻ പരാതി നേരിട്ട് കൈമാറി. അതെല്ലാം മുഖ്യമന്ത്രി വായിച്ചു. ശേഷം താൻ മനസ് തുറന്നു സംസാരിച്ചു. മുഖ്യമന്ത്രിയെ പിതാവിൻ്റെ സ്ഥാനത് കണ്ടാണ് മനസു തുറന്നത്.
അജിത് കുമാറിനെയും പി. ശശിയെയും സൂക്ഷിക്കണം എന്നും അവർ ചതിക്കുമെന്നും ഞാൻ പറഞ്ഞു. ശേഷം ഇങ്ങനെ ഒക്കെ ആയാൽ എന്താ ചെയ്യാ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു നിസഹായാവസ്ഥ തനിക്ക് അദ്ദേഹത്തിൽ തോന്നി. കാട്ടുകള്ളൻ ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കുന്നത്. പൊലീസുമായി ബന്ധപ്പെട്ട് വീഴ്ചകൾ ഒന്നും മുഖ്യമന്ത്രി അറിയുന്നില്ല..
2021ൽ കത്തി ജ്വലിച്ചുനിൽക്കുന്ന സൂര്യൻ ആയിരുന്നു മുഖ്യമന്ത്രി, എന്നാൽ ആ സൂര്യൻ ഇപ്പോൾ കെട്ടുപോയെന്ന് താൻ മുഖ്യമന്ത്രിയോട് പറഞ്ഞു. ജനങ്ങൾ താങ്കളെ വെറുക്കുന്നതായും താൻ മുഖ്യമന്ത്രിയോട് പറഞ്ഞു. തൻ്റെ കണ്ണ് നിറഞ്ഞാണ് സംസാരിച്ചത്. അവിടെ ഇരുന്നു കരഞ്ഞു പോയി. അജിത് കുമാറിനെ മാറ്റി നിർത്താനും ആവശ്യപ്പെട്ടു. എന്നാൽ അതിന് ഡിജിപി ഉണ്ടെന്നായിരുന്നു മറുപടി. ഡിജിപി സാധു അല്ലേ എന്ന് താൻ ചോദിച്ചു. നമുക്ക് നോക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ‘മാധ്യമങ്ങളെ കാണട്ടെ’ എന്ന് താൻ മുഖ്യമന്ത്രിയോട് ചോദിച്ചു. അതിനെന്താ എന്നായിരുന്നു മറുപടി. ഇതോടെ തനിക്ക് കൂടുതൽ ആവേശമായി.
തുടർന്നാണ് പ്രതികരണങ്ങൾ തുടർന്നത്. തിരികെ നിലമ്പൂർ എത്തുമ്പോഴേക്കും സുജിത് ദാസിന് എതിരെ നടപടി വന്നു. സ്വയം പുകഴ്ത്തി മുദ്രാവാക്യം വിളിക്കുന്ന നിലയ്ക്ക് സന്തോഷം തോന്നി. തിരികെ നിലമ്പൂർ എത്തുമ്പോഴേക്കും സുജിത് ദാസിന് എതിരെ നടപടി വന്നു. പക്ഷേ, വിജിലൻസ് അന്വേഷണത്തിന് ആറ് മാസം സമയം നൽകിയതോടെ അന്വേഷണത്തിലെ കള്ളക്കളി ബോധ്യപ്പെട്ടു.
അജിത് കുമാർ അധികാര ദുർവിനിയോഗം നടത്തിയതിന് രേഖയുണ്ടെന്നും അൻവർ പറഞ്ഞു. സർവീസിൽ നിന്ന് പുറത്താക്കാൻ പാകത്തിലുള്ള രേഖ. അങ്ങനെയുള്ളവനെയാണ് മുഖ്യമന്ത്രി താലോലിച്ച് നടക്കുന്നത്. പാർട്ടി എന്ന പേരിൽ എല്ലാവരെയും നിശബ്ദമാക്കുന്നു. ഗോവിന്ദൻ മാഷ് പോലും മനസ് തുറന്നില്ല സംസാരിക്കുന്നില്ല. ഗതികേട് കൊണ്ടാണ് ഗോവിന്ദൻ മാഷിൻ്റെ പ്രതികരണം വന്നത്. അദേഹത്തിൻ്റെ സ്ഥിതി അതാണെങ്കിൽ മറ്റുള്ളവരുടെ എന്താകും?- അൻവർ ചോദിച്ചു.
ആരും ഒന്നും മിണ്ടാൻ പാടില്ല. ഇനിയും ഈ രീതിയിൽ സഹിച്ചുനിൽക്കണം എന്ന് പറഞ്ഞാൽ തത്ക്കാലം തനിക്ക് സൗകര്യമില്ലെന്നും അൻവർ തുറന്നടിച്ചു.