മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളി ആക്രമിച്ച് തീയിട്ട് ഭിത്തിയിൽ ശ്രീരാമന്റെ പേരെഴുതി
മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളിക്കുനേർക്ക് വീണ്ടും ഹിന്ദുത്വ ആക്രമണം. മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിലെ ഒരു പള്ളി ഹിന്ദുത്വ സംഘടന പ്രവർത്തകർ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു. പള്ളിയുടെ ചുമരിൽ ‘രാമൻ’ എന്ന് കരി ഉപയോഗിച്ച് എഴുതുകയും ചെയ്തു.
മതഗ്രന്ഥങ്ങളും ഫർണിച്ചർ ഉൾപ്പെടെയുള്ള വസ്തുക്കളും കത്തിച്ചു. ഞായറാഴ്ച പ്രദേശത്തുള്ള ക്രിസ്ത്യാനികൾ ചൗകിപുര പ്രദേശത്തുള്ള പള്ളിയിൽ പ്രാർത്ഥന നടത്താൻ പോയപ്പോഴാണ് സംഭവം പുറത്തറിയുന്നതെന്ന് പൊലീസ് അറിയിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 295 (ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയം തകർക്കുകയോ മലിനമാക്കുകയോ ചെയ്യുക) പ്രകാരം അജ്ഞാതർക്കെതിരെ കേസെടുത്തതായി ഇറ്റാർസി സബ് ഡിവിഷനൽ ഓഫീസർ ഓഫ് പൊലീസ് മഹേന്ദ്ര സിംഗ് ചൗഹാൻ പറഞ്ഞു. കേസല ബ്ലോക്കിലെ സുഖ്താവ ഗ്രാമത്തിലാണ് പള്ളി.