റഷ്യയെ തകർക്കാൻ കെൽപ്പുണ്ടായിരുന്ന രാജ്യം; കാൽനൂറ്റാണ്ട് മുമ്പത്തെ യുക്രൈൻ ഇതിഹാസം

Russia

കിയെവ്: റഷ്യ തങ്ങളുടെ ആണവനയം പുതുക്കിയതോടെ ആശങ്കയിലായിരിക്കുകയാണ് യുക്രൈൻ. അമേരിക്ക നൽകിയ ദീർഘദൂര മിസൈലുകൾ രാജ്യത്തിന്റെ പക്കലുണ്ടെങ്കിലും ലോകത്തിലേറ്റവും കൂടുതൽ ആണവായുധങ്ങളുള്ള റഷ്യയ്ക്ക് മുന്നിൽ ഇവ ശാശ്വതമായ പ്രതിവിധിയല്ല. ഒരാണവായുധം പോലുമില്ലാത്ത രാജ്യമാണ് യുക്രൈൻ എന്നാൽ റഷ്യയിലാകട്ടെ 5,500ലധികം ആണവായുധങ്ങളുണ്ട്.Russia

ഇതിനിടയിലാണ് യുക്രൈന്റെ ആണവായുധങ്ങളുടെ ചരിത്രം പുറത്തുവരുന്നത്. ഒരു കാലഘട്ടത്തിൽ ലോകത്തിൽ മൂന്നാമത് ഏറ്റവുമധികം ആണവായുധങ്ങളുണ്ടായിരുന്നത് യുക്രൈനിലായിരുന്നു. ഇവ കൂടാതെ 176 ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈലുകളും യുക്രൈന്റെ പക്കലുണ്ടായിരുന്നു. ഈ മിസൈലുകളിൽ ഭൂരിഭാഗവും ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുമുള്ളവയായിരുന്നു.

വാഷിങ്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ആഗോള സുരക്ഷ സംഘടനയായ ന്യൂക്ലിയർ ത്രെട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്ക് പ്രകാരം, സ്വാതന്ത്രത്തിന് തൊട്ടു മുമ്പ് യുക്രൈനിൽ സോവിയറ്റ് യൂനിയന്റെ 1,900 സ്രറ്റീജിക്ക് ന്യൂക്ലിയർ ആയുധങ്ങളും 2,650 മുതൽ 4,200 വരെ ആണവ ടാക്റ്റിക്കൽ മിസൈലുകളുമുണ്ടായിരുന്നു. ഇവയെല്ലാം കൂടാതെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക പ്രയോഗിച്ച അണുബോംബുകളേക്കാൾ പതിൻമടങ്ങ് ശേഷിയുള്ള പത്ത് തെർമോന്യൂക്ലിയർ ബോംബുകളും യുക്രൈന്റെ പക്കലുണ്ടായിരുന്നു. പക്കലുണ്ടായിരുന്ന176 ഭൂഖണ്ഡാന്തര മിസൈലുകളാകട്ടെ 5,500 കിലോമീറ്ററിന് മുകളിൽ പ്രഹരശേഷിയുള്ളവയും.

സോവിയറ്റ് യൂനിയൻ തങ്ങളുടെ ആണവായുധ പദ്ധതിക്കായി കണ്ടെത്തിയ പ്രധാന പ്രദേശങ്ങളിലൊന്നായിരുന്നു യുക്രൈൻ അങ്ങനെയാണ് രാജ്യത്ത് ഇത്രയുമധികം ആണവായുധങ്ങളെത്തിയത്. റഷ്യയും ബെൽറുസും കസാഖ്‌സ്താനുമായിരുന്നു ആണവായുധ പദ്ധതികളുള്ള മറ്റ് പ്രദേശങ്ങൾ.

യുക്രൈന് തങ്ങളുടെ ആണവായുധങ്ങൾ നഷ്ടപ്പെട്ടതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. സോവിയറ്റ് ആണവായുധങ്ങളുടെയെല്ലാം ലോഞ്ച് കോഡും പ്രവർത്തിപ്പിക്കാനുള്ള നിയന്ത്രണവുമുള്ള ‘ന്യൂക്ലിയർ ബ്രീഫ്‌കേസ്’ എന്ന പെട്ടി റഷ്യയിലെ മോസ്‌കോയിലായിരുന്നു. ഈ പെട്ടിയില്ലാതെ ആയുധങ്ങൾ പ്രവർത്തിപ്പിക്കുക ദുഷ്‌കരമായിരുന്നു. ഈ ബ്രീഫ്‌കേസില്ലാതെ ആയുധങ്ങളെ പ്രയോഗിക്കാനും പരിപാലിക്കാനും കഴിവുള്ള ശാസ്തജ്ഞർ യുക്രൈന്റെ പക്കലുണ്ടായിരുന്നെങ്കിൽ കൂടി പുതിയ രാജ്യമെന്നതിനാൽ ഇതിനുള്ള ചെലവ് കണ്ടെത്തുക യുക്രൈന് സാധ്യമായിരുന്നില്ല.

1986ലെ പ്രശസ്തമായ ചെർണോബിൽ ആണവ പ്ലാന്റ് ദുരന്തത്തിന്റെ വ്യാപ്തി കണ്ട യുക്രൈന് ആണവായുധങ്ങളെക്കുറിച്ചും റേഡിയേഷനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാക്കിക്കൊടുത്തിരുന്നു. ദുരന്തത്തിന് ഇരയായ ആളുകൾ അനുഭവിച്ച വേദനയും ചെർണോബിലിൽ ഇന്നും തുടരുന്ന റേഡിയേഷൻ സാനിധ്യവും പുതുതായി രൂപംകൊണ്ട രാജ്യത്തെ ആണവായുധങ്ങൾ വേണ്ട എന്ന ചിന്തയിലേക്ക് നയിച്ചു.

1991ൽ സ്വതന്ത്രമായ യുക്രൈൻ 1994ൽ ആണവായുധങ്ങൾക്കെതിരായി 1968ൽ രൂപീകരിച്ച നോൺ പ്രോലിഫറേഷൻ കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു.

സോവിയറ്റ് യൂനിയന്റെ തകർച്ചയ്ക്ക് ശേഷം യൂനിയന്റെ കടബാധ്യതകളും അവകാശങ്ങളും ലഭിച്ച റഷ്യയ്ക്ക് സോവിയറ്റിൻ്റെ ഉടമസ്ഥതയിലുള്ള മിസൈലുകളും ആയുധങ്ങളും കൈമാറാൻ യുക്രൈൻ തയ്യാറായതായിരുന്നു മറ്റൊരു കാരണം. 1996ലാണ് അവസാനത്തെ ആണവായുധം യുക്രൈൻ റഷ്യയ്ക്ക് കൈമാറിയത്. ഒടുവിൽ രാജ്യം സമ്പൂർണമായും ഒരു ആണവശക്തിയല്ലാതായി മാറി.

നിലവിൽ ആയിരത്തിലധികം ദിവസങ്ങൾ പിന്നിട്ട യുദ്ധത്തിൽ യുക്രൈനെതിരെ റഷ്യ ആദ്യമായി ഭൂഖണ്ഡാന്തര മിസൈൽ റഷ്യ പ്രയോഗിച്ചതായി വാർത്ത വന്നിരുന്നു. എന്നാൽ ഇതിനെതിരെ പ്രയോഗിക്കാൻ യുക്രൈന് ആഭ്യന്തരമായി ഒരായുധങ്ങളും ഇല്ലെന്നതാണ് അവസ്ഥ. അമേരിക്ക തങ്ങളുടെ ദീർഘദൂര മിസൈലുകൾ പ്രയോഗിക്കാൻ യുക്രൈന് അനുവാദം നൽകിയതിന് പിന്നാലെ ഇത്തരം ആറ് മിസൈലുകൾ റഷ്യക്കെതിരെ യുക്രൈന് പ്രയോഗിച്ചിരുന്നു. ഇതിന് മറുപടിയായാണ് റഷ്യയുടെ പ്രഹരശേഷി കൂടിയ ഭൂഖണ്ഡാന്തര മിസൈൽ പ്രയോഗം. എന്നാൽ തങ്ങൾ ഇതുവരെ ഭൂഖണ്ഡാന്തര മിസൈൽ പ്രയോഗിച്ചിട്ടില്ലെന്നാണ് റഷ്യയുടെ വാദം.

ആണവായുധം ഏത് നേരവും പ്രയോഗിക്കാമെന്ന റഷ്യയുടെ ഭീഷണി യുക്രൈനെ പ്രതിസന്ധിയിലാക്കിക്കഴിഞ്ഞു. ഇത് കൂടാതെ യുക്രൈനെതിരെ റഷ്യ ആണവായുധം പ്രയോഗിച്ചാൽ അമേരിക്കയും യുദ്ധത്തിലേക്ക് കടക്കുകയും മൂന്നാം ലോകമഹായുദ്ധമെന്ന ഭീതി ആരംഭിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *