പശു കുത്താൻ വന്നു; ഭയന്നോടിയ യുവതിയും കുഞ്ഞും കിണറ്റിൽ വീണു
അടൂർ: പശു കുത്താൻ വരുന്നതുകണ്ട് ഭയന്നോടിയ യുവതിയും കുഞ്ഞും ഉപയോഗശൂന്യമായ കിണറ്റിൽ വീണു.പെരിങ്ങനാട് ചെറുപുഞ്ചയിലെ റബർ തോട്ടത്തിലെ 30 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് പെരിങ്ങനാട് കടക്കൽ കിഴക്കതിൽ വൈശാഖിന്റെ ഭാര്യ രേഷ്മയും (24) മകൻ വൈഷ്ണവും (ഒന്ന്) വീണത്.
തോട്ടത്തിൽ മേയുകയായിരുന്ന പശു കുത്താൻ ഓടിച്ചപ്പോൾ പരിഭ്രമിച്ച് ഓടി മേൽമൂടിയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. കിണറിന്റെ മുകൾവശം ഉപയോഗശൂന്യമായ ഫ്ലക്സ് ഇട്ട് മറച്ചിരുന്നതിനാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.അടൂർ അഗ്നിരക്ഷ സേന എത്തുമ്പോഴേക്കും കുട്ടിയെ നാട്ടുകാർ പുറത്തെടുത്തു. യുവതിയെ സേനയുടെ ഉപകരണങ്ങളുടെ സഹായത്താൽ രക്ഷപ്പെടുത്തി.
സ്റ്റേഷൻ ഓഫിസർ വി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫിസർ (ഗ്രേഡ്) ടി.എസ്. ഷാനവാസ് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ആർ. രവി, ആർ. സാബു, എസ്. സാനിഷ്, എ. സൂരജ്, ഹോം ഗാർഡ് ഭാർഗവൻ എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സംബന്ധിച്ചു.