‘ജില്ലയിലെ മികച്ച പരിവാർ കമ്മിറ്റിയായി അരീക്കോട് പഞ്ചായത്ത് കമ്മറ്റി’; മലപ്പുറം ജില്ലാ സംഗമം നടത്തി പരിവാർ
![](https://i0.wp.com/thejournalnews.in/wp-content/uploads/2024/02/image_editor_output_image2136089063-1708237349242.jpg?resize=800%2C556&ssl=1)
‘പറന്നുയരാൻ ചിറകേകു’ എന്ന ശീർഷകത്തോടെ മലപ്പുറം ജില്ലാ പരിവാർ സംഗമം നടത്തി. രാവിലെ ജില്ലാ പരിവാർ പ്രസിഡൻ്റ് ലത്തീഫ് മാടായിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ അബ്ദുൽ സമദ് സമദാനി എം.പി. സംഗമം ഉദ്ഘാടനം ചെയ്തു. ബൗദ്ധിക ഭിന്നശേഷി നേരിടുന്നവരുടെ ശാക്തീകരണം മുൻനിർത്തി മലപ്പുറം പരിവാർ ചെയ്തുവരുന്ന സേവനങ്ങൾ ഉദ്ഘാടനം പ്രസംഗത്തിൽ അദ്ദേഹം എടുത്തു പറഞ്ഞു. ഇ.ടി. മുഹമ്മദ് ബഷീർ. എം.പി, ഉബൈദുള്ള എം.എൽ.എ, മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, ജില്ലാ കലക്ടർ വി. ആർ. വിനോദ്, സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതസ്, എൽ. എൽ.സി. കൺവീനർ അബ്ദുൽ നാസർ.കെ, സമൂഹൃനീതി പ്രോഗ്രാം ഓഫീസർ അബു, പരിവാർ സംസ്ഥാന പ്രസിഡൻ്റ് ടി.ടി. രാജപ്പൻ എന്നിവർ ആശംസയർപ്പിച്ചു. ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ ക്ഷേമത്തിനു വേണ്ടി വിവിധ രീതിയിൽ സേവനം നൽകിയ ഡോ: മുഹമ്മദ് കുട്ടി നെച്ചിക്കാട്ടിൽ, എം.പി. ബി. ഷൗക്കത്ത്, എം.ടി. എം. ഗ്രൂപ്പ് , വെളിയംങ്കോട്, റഫീഖ് മംഗലം എന്നിവരെയും ജില്ലയിലെ മികച്ച പരിവാർ കമ്മിറ്റിയായി തിരഞ്ഞെടുത്ത അരീക്കോട് പഞ്ചായത്ത് പരിവാർ കമ്മിറ്റി, മികച്ച രീതിയിൽ സംഭാവന സ്വരൂപിച്ച മാറഞ്ചേരി, മഞ്ചേരി പരിവാർ കമ്മിറ്റികളെയും വേദിയിൽ വെച്ച് ആദരിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ‘പറന്നുയരാൻ ചിറകേകു’ എന്ന പ്രമേയ ചർച്ചയിൽ പരിവാർ മുൻ ജില്ലാ പ്രസിഡൻ്റ് ഖാലിദ് മാസ്റ്റർ വിഷയം അവതരിപ്പിച്ചു. ഷീബാ മുംതസ്, ഡി.എൽ.എസ്.എ. സബ്ബ് – ജഡ്ജ് സാബിർ ഇബ്രാഹീം, സോഷ്യൽ സെക്യൂരിറ്റി മിഷൻ ജില്ലാ കോഡിനേറ്റർ ജിഷോ ജെയിംസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഭിന്ന ശേഷി ശാക്തീകരണം എന്ന വിഷയത്തിൽ നടന്ന സെമിനാർ ജില്ലാ മെഡിക്കൽ ഓഫീസിലെ മാസ് മീഡിയ ഓഫീസർ ഫസൽ ഉദ്ഘാടനം ചെയ്തു. പരിവാർ സംസ്ഥാന വൈ: പ്രസിഡൻ്റ് ജാഫർ ചാളക്കണ്ടി വിഷയം അവതരിപ്പിച്ചു. ഡോ: ജാവേദ് അനീസ്, റഹീമുദ്ദീൻ, ധനേഷ് (എൻ.സി.എസ്.സി. തിരുവനന്തപുരം) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ പരിവാർ സെക്രട്ടറി റഷീദ് മർവ സ്വാഗതം പറഞ്ഞു. അസി: കോഡിനേറ്റർ ശ്രീധരൻ കോട്ടക്കൽ നന്ദി രേഖപ്പെടുത്തി.