‘ചിലരുടെ തോന്ന്യാസത്തിന് കയ്യടിക്കാനാവില്ല,രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം പുനഃപരിശോധിക്കണം’: പി.സരിന്‍
പാലക്കാട്: പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ഥിത്വം പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി.സരിന്‍. പാലക്കാട് കോൺഗ്രസിന്‍റെ ജയം അനിവാര്യമാണെന്നും ചിലരുടെ തോന്ന്യാസത്തിന് കയ്യടിക്കാനാവില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Also Read : ‘രാഹുൽ മാങ്കൂട്ടത്തിൽ പുതിയ തലമുറയുടെ പ്രതീകം; സിപിഎമ്മിന്റെ വോട്ടും കോൺഗ്രസിന് കിട്ടും’: കെ.സുധാകരൻ
പാലക്കാട്ടെ യാഥാർഥ്യം പാർട്ടി തിരിച്ചറിയണം. ഈ രീതിയിൽ മുന്നോട്ട് പോയാൽ തോറ്റ് പോയേക്കാം. സ്ഥാനാര്‍ഥി ചര്‍ച്ച പ്രഹസനമാണ്. തന്നെ സ്ഥാനാര്‍ഥിയാക്കാത്തതുകൊണ്ടല്ല അതൃപ്തി തുറന്നുപറഞ്ഞത്. കെപിസിസി മീഡിയ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് താന്‍ പുറത്തുപോയിട്ടില്ല. ശരിക്കുവേണ്ടിയാണ് ജോലി രാജിവച്ച് ഇറങ്ങിത്തിരിച്ചത്. പോസറ്റീവ് കാര്യങ്ങൾ പറയുന്ന തന്നെ നിസാരനാക്കുന്നു. ശരിക്കുവേണ്ടി ഏതറ്റംവരെയും പോകും. ചിലരുടെ സ്ഥാപിത താത്പര്യങ്ങൾക്ക് വഴങ്ങിയാൽ പാർട്ടി തകരും. യാഥാർഥ്യം മറന്ന് കണ്ണടച്ചാൽ വലിയ വില കൊടുക്കേണ്ടിവരും. പരാതികൾ ചൂണ്ടിക്കാട്ടി മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിൽ പുനരാലോചനയ്ക്ക് ഇനിയും അവസരം ഉണ്ടെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.
ഷാഫി പറമ്പിലിനെതിരെ ഒളിയമ്പുമായായിരുന്നു സരിന്‍റെ വാർത്താസമ്മേളനം. ഒരു വ്യക്തിയുടെ പിടിവാശിക്ക് പാര്‍ട്ടി വഴങ്ങരുത്. ചിലരുടെ തോന്ന്യാസത്തിന് കയ്യടിക്കാനാവില്ല. വ്യക്തികളുടെ തീരുമാനത്തിന് വഴങ്ങുന്നത് പാര്‍ട്ടിക്ക് അപകടമാണെന്നു സരിൻ പറഞ്ഞു.
എന്നാല്‍ സരിന്‍റെ വിഷയത്തില്‍ വ്യക്തിപരമായി അഭിപ്രായം പറയാനില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തന്‍റെ സുഹൃത്താണ് സരിന്‍ . കൂടുതല്‍ പ്രതികരിക്കാനില്ലെന്നും രാഹുല്‍ വ്യക്തമാക്കി.