‘അഹങ്കാരം കൂടുമ്പോൾ കളി കയ്യിൽനിന്നു പോകുന്നു’; മോദിക്കു മുമ്പിൽ കോഹ്‌ലി
ന്യൂഡൽഹി: ടി20 ലോകകപ്പ് വിജയത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ സംവാദത്തിൽ ഇന്ത്യൻ താരം വിരാട് കോഹ്‌ലി പറഞ്ഞ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. അഹങ്കാരത്തെ കുറിച്ചുള്ള കോഹ്‌ലിയുടെ തുറന്നുപറച്ചിലാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. അമിത ആത്മവിശ്വാസം കളിയെയും വ്യക്തിയെയും എങ്ങനെ ബാധിക്കുന്നു എന്നാണ് കോഹ്‌ലി സംസാരത്തിൽ പറയുന്നത്.
ഫൈനലിലെ മികച്ച പ്രകടനത്തിന് കാരണം എന്തായിരുന്നു എന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കോഹ്‌ലി അഹങ്കാരത്തെ കുറിച്ച് സംസാരിച്ചത്. ‘ഞാനതു ചെയ്യും എന്ന് നിങ്ങൾ സ്വയം ചിന്തിക്കുമ്പോൾ നിങ്ങളുടെ അഹങ്കാരം വർധിക്കുന്നു. കളി കയ്യിൽ നിന്ന പോകുകയും ചെയ്യും. ആ ചിന്ത എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു. എന്റെ അഹങ്കാരം എല്ലാറ്റിനും മുകളിൽ വയ്ക്കാൻ കളിയിലെ സാഹചര്യം ഇടം തന്നില്ല. അതെനിക്ക് മാറ്റിവയ്‌ക്കേണ്ടി വന്നു. കളിക്ക് ബഹുമാനം നൽകിയപ്പോൾ ആ ബഹുമാനം അതെനിക്ക് തിരിച്ചു നൽകുകയും ചെയ്തു’- എന്നായിരുന്നു കോഹ്‌ലിയുടെ മറുപടി.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജനവിധിയുമായി ചേർത്താണ് സമൂഹമാധ്യമങ്ങൾ ഈ പ്രസ്താവന ആഘോഷിച്ചത്. ഇത്തവണ നാനൂറ് സീറ്റു നേടുമെന്ന മോദിയുടെ പ്രസ്താവന പങ്കുവയ്ക്കുകയും പലരും ചെയ്തു.