‘അൽ ഖസ്സാമിന്റെ പ്രേതം’; ആരാണ് ഹമാസിന്റെ പുതിയ തലവൻ ഇസ്സുദ്ദീൻ അൽ ഹദ്ദാദ്?
മുഹമ്മദ് സിൻവാറിന്റെ പിൻഗാമിയായി 55-കാരനായ ഇസ്സുദ്ദീൻ അൽ ഹദ്ദാദ് ഇനി ഹമാസിനെ നയിക്കും. 2025 മേയിലാണ് ഹദ്ദാദ് ഹമാസിന്റെ നേതൃത്വം ഏറ്റെടുത്തത്. പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാത്തതിനാൽ ‘അൽ ഖസ്സാമിന്റെ പ്രേതം’ എന്നാണ് പടിഞ്ഞാറൻ മാധ്യമങ്ങൾ ഹദ്ദാദിനെ വിശേഷിപ്പിക്കാറുള്ളത്. ഹമാസിന്റെ നേതൃനിരയിൽ നേരത്തെ തന്നെ ശക്തമായ സാന്നിധ്യമായ ഹദ്ദാദ് ഇസ്രായേലിന്റെ നിരവധി വധശ്രമങ്ങളെ അതിജീവിച്ചിട്ടുണ്ട്.Hamas
‘ഹദ്ദാദ് ശക്തനായ പോരാളിയാണ്…അദ്ദേഹം ബഹുമാനിക്കപ്പെടുന്ന, സ്നേഹിക്കപ്പെടുന്ന വ്യക്തിയാണ്. വടക്കൻ ഗസ്സയിൽ വലിയ സ്വാധീനമുള്ള നേതാവാണ് ഹദ്ദാദ്. അതുകൊണ്ട് പോരാളികളെ എളുപ്പത്തിൽ സംഘടനയിലെത്തിക്കാൻ അദ്ദേഹത്തിന് കഴിയുന്നത്’- ഫലസ്തീൻ രാഷ്ട്രീയ നിരീക്ഷകനായ യൂസുഫ് അൽഹെലൗ പറഞ്ഞു.
കഴിഞ്ഞ ഏഴ് മാസത്തിനിടെ ഹമാസ് നേതൃത്വത്തിൽ എത്തുന്ന മൂന്നാമത്തെയാളാണ് ഇസ്സുദ്ദീൻ ഹദ്ദാദ്. ഹമാസ് 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ കടന്നുകയറി നടത്തിയ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻമാരിൽ ഒരാളാണ് ഹദ്ദാദ്. ഹമാസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത് ഇസ്രായേൽ ബന്ദികളെ പിടികൂടുന്നതും ഹദ്ദാദിന്റെ നേതൃത്വത്തിലാണ്.
1970ൽ ഗസ്സയിൽ ജനിച്ച ഹദ്ദാദ് 1987-ലാണ് ഹമാസ് അംഗമാകുന്നത്. ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡിൽ സാധാരണ പോരാളിയായാണ് ഹദ്ദാദ് പ്രവർത്തനം തുടങ്ങിയത്. തുടർന്ന് പ്ലാറ്റൂൺ കമാൻഡർ, ബറ്റാലിയൻ കമാൻഡർ തുടങ്ങിയ പദവികളിലേക്ക് ഉയർന്ന ഹദ്ദാദ് ഒടുവിൽ ബ്രിഗേഡ് ലീഡർ ആയി.
ഹമാസ് കമാൻഡർമാർക്കിടയിലെ നിർണായക കണ്ണിയാണ് ഹദ്ദാദ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇസ്രായേൽ വധിച്ച ഹമാസ് നേതാവ് യഹ്യാ സിൻവാറുമായുള്ള അടുത്ത ബന്ധം കാരണം ഹദ്ദാദിന് സംഘടനയിൽ നിർണായക സ്വാധീനമുണ്ടായിരുന്നു. ഇസ്രായേലുമായി സഹകരിക്കുന്നുവെന്ന് സംശയമുള്ളവരെ കണ്ടെത്താനുള്ള ഹമാസിന്റെ ആഭ്യന്തര സുരക്ഷാ യൂണിറ്റായ അൽ-മജ്ദിനും നേതൃത്വം കൊടുത്തത് ഹദ്ദാദ് ആയിരുന്നു.
തന്റെ മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായ പ്രവർത്തന ശൈലിയുള്ള ഇസ്സുദ്ദീൻ ഹദ്ദാദിന് ഹമാസിന്റെ രാഷ്ട്രീയ നേതൃത്വവുമായും അടുത്ത ബന്ധമാണുള്ളത്. ഇസ്രായേൽ 750,000 ഡോളർ തലക്ക് വിലയിട്ട ഹദ്ദാനിന് നേരെ 2008 മുതൽ ആറ് വധശ്രമങ്ങൾ നടന്നിട്ടുണ്ട്. ഇസ്രായേലിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒരാളാണ് ഹദ്ദാദ്.
ഒക്ടോബർ ഏഴിന് നടന്ന ‘അൽ അഖ്സ ഫ്ളഡ്’ ആസൂത്രണം ചെയ്ത് നടപ്പാക്കിയതോടെയാണ് ഹമാസിൽ ഹദ്ദാദിന്റെ ഖ്യാതി വർധിച്ചത്. ആക്രമണത്തിന്റെ തലേദിവസം ബറ്റാലിയൻ കമാൻഡർമാരുടെ രഹസ്യയോഗം വിളിച്ച ഹദ്ദാദ് ആണ് ഇസ്രായേലി സൈനികരെ തട്ടിക്കൊണ്ടുപോകുന്നതും ആക്രമണവും സംബന്ധിച്ച ഉത്തരവുകൾ കൈമാറിയത്. 2023 ഒക്ടോബർ ഏഴിന് ഹമാസ് 251 ഇസ്രായേലികളെയാണ് ബന്ദികളാക്കിയത്.
ഇസ്രായേൽ ഗസ്സയിൽ ശക്തമായ ആക്രമണം നടത്താൻ തയ്യാറെടുക്കുന്നത് അറിഞ്ഞാണ് ഒക്ടോബർ ഏഴിന് ഇസ്രായേലിൽ കടന്നുകയറി ആളുകളെ ബന്ദികളാക്കിയത് എന്ന് 2025 ജനുവരിയിൽ അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ ഹദ്ദാദ് വെളിപ്പെടുത്തിയിരുന്നു.
ഹദ്ദാദിന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അഞ്ച് തവണ ഹദ്ദാദുമായി കൂടിക്കാഴ്ച നടത്തിയ ഇസ്രായേലി ബന്ദി എല്ലായിപ്പോഴും അദ്ദേഹം ശാന്തനായാണ് കാണപ്പെട്ടിരുന്നതെന്ന് വിട്ടയക്കപ്പെട്ട ശേഷം വെളിപ്പെടുത്തിയിരുന്നു. ഒരു ബന്ദി ഉപേക്ഷിച്ചുപോയ പുസ്തകം തിരിച്ചുകൊടുക്കാൻ പോലും ഹദ്ദാദ് ആവശ്യപ്പെട്ടുവെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു.
സിൻവാർ സഹോദരങ്ങളെക്കാൾ പ്രായോഗികവാദിയാണ് ഹദ്ദാദ് എന്നാണ് പടിഞ്ഞാറൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബന്ദിമോചനത്തിനും വെടിനിർത്തൽ നീട്ടാനുമുള്ള ചർച്ചകളിൽ ഹദ്ദാദ് പ്രായോഗിക തീരുമാനങ്ങളാണ് എടുത്തത് എന്നാണ് ഇവർ പറയുന്നത്. എന്നാൽ ഹമാസിന്റെ ഒരു നേതാവും ഇസ്രായേലിന് കീഴ്പ്പെട്ടുകൊണ്ടുള്ള ഒരു വെടിനിർത്തൽ കരാറിന് തയ്യാറാവില്ലെന്നാണ് ഫലസ്തീൻ രാഷ്ട്രീയ നിരീക്ഷകനായ കാമിൽ ഹവ്വാഷ് പറയുന്നത്. ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാനും ഇസ്രായേൽ ജയിലുകളിൽ നിന്ന് കൂടുതൽ ഫലസ്തീൻ തടവുകാരെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് ഹദ്ദാദ് നടത്തുന്നത്. മുൻ ഹമാസ് നേതാക്കളിൽ നിന്ന് ഭിന്നമായ ഒരു നിലപാട് ഹദ്ദാദ് സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്നും ഹവ്വാഷ് പറഞ്ഞു.