വീണ്ടും ഇസ്രായേൽ പ്രതിരോധം ഭേദിച്ച്​​ ഹൂതികൾ; തെൽ അവീവിൽ മിസൈൽ പതിച്ച്​ 16 പേർക്ക്​ പരിക്ക്​

Houthis

തെൽഅവീവ്: യമനിൽനിന്ന് ഹൂതികൾ വിക്ഷേപിച്ച ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈൽ ഇസ്രായേലിലെ തെൽ അവീവിൽ പതിച്ച് 16 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി തെക്കൻ തെൽഅവീവിലെ പാർക്കിലാണ് മിസൈൽ പതിച്ചത്.Houthis

‘ഫലസ്തീൻ 2’ എന്ന പേരിട്ട മിസൈലാണ് ഹൂതികൾ അയച്ചത്. കൃത്യമായ സ്ഥലത്താണ് മിസൈൽ പതിച്ചതെന്നും ഇസ്രായേലി​െൻറ എല്ലാ പ്രതിരോധ സംവിധാനങ്ങളെയും മറികടക്കാൻ സാധിച്ചെന്നും ഹൂതി വക്താവ് യഹ്‍യ സാരീ പറഞ്ഞു. ഗസ്സയിലെ തങ്ങളുടെ സഹോദരങ്ങളുടെ കൂട്ടക്കൊലക്കും യമന്​ എതിരായ ഇസ്രായേലിന്റെ ആക്രമണത്തിനും മറുപടിയായിട്ടാണ് ഈ ആക്രമണമെന്നും സാരീ കൂട്ടിച്ചേർത്തു.

ആക്രമണം ഇസ്രായേലി​െൻറ മില്യൺ ഡോളർ പ്രതിരോധ സംവിധാനങ്ങളുടെ പരിമിതി വെളിപ്പെടുത്തുന്നതാണെന്ന്​ ഹൂതി രാഷ്​ട്രീയകാര്യ സമിതി അംഗം ഹിസാം അൽ അസദ്​ വ്യക്​തമാക്കി. സയണിസ്​റ്റ്​ ശത്രുവി​െൻറ ഹൃദയം ഇനി സുരക്ഷിതമല്ലെന്നും അദ്ദേഹം​ സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

മിസൈൽ ആക്രമണത്തിൽ 16 പേർക്ക് നേരിയ പരിക്കേറ്റതായി ഇസ്രായേലി ആരോഗ്യ പ്രവർത്തകർ അറിയിച്ചു. സുരക്ഷാ ബങ്കറിലേക്ക് ഓടിരക്ഷപ്പെടുന്നതിനിടെ 14 പേർക്കും പരിക്കേറ്റു. മിസൈൽ പതിച്ച് പാർക്കിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. മിസൈൽ വരുന്നതറിയിച്ച് മധ്യ ഇസ്രായേലിൽ പുലർച്ച 3.44ന് സൈറണുകൾ മുഴങ്ങിയിരുന്നു. ഇതിനെ തുടർന്ന് ലക്ഷക്കണക്കിന് പേരാണ് ബങ്കറിലേക്ക് മാറിയത്.

ദിവസങ്ങൾക്കുള്ളിൽ ഇത് രണ്ടാം തവണയാണ് മധ്യ ഇസ്രായേലിൽ അർധരാത്രി ഹൂതികളുടെ മിസൈൽ കാരണം സൈറൺ മുഴങ്ങുന്നതും ജനം ബങ്കറിലേക്ക് മാറുന്നതും. മിസൈൽ യമനിൽനിന്നാണ് വന്നതെന്നും ഇതിനെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. മിസൈൽ പതിച്ചതിന്റെ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങൾക്ക്​ തകരാറുകൾ സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം യമനിൽ വലിയ രീതിയിലുള്ള ആക്രമണം ഇസ്രായേൽ സൈന്യം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൂതികൾ മിസൈൽ അയക്കുന്നത്.

വ്യാഴാഴ്ച ഹൂതികൾ അയച്ച ​മിസൈൽ ഭാഗികമായി പ്രതിരോധിക്കാൻ ഇസ്രായേൽ സൈന്യത്തിന് സാധിച്ചിരുന്നു. രാമത് ഗാനിലെ സ്കൂളിൽ മിസൈലിന്റെ ഭാഗം പതിച്ച് കെട്ടിടം തകർന്നിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇതിന് പിന്നാലെയാണ് ഇസ്രായേൽ സൈന്യം യമന് നേരെ ആക്രമണം അഴിച്ചുവിട്ടത്.

2023 ഒക്ടോബർ ഏഴിന് ശേഷം 200 മിസൈലുകളും 170 ഡ്രോണുകളും ഹൂതികൾ വിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും അമേരിക്കയുടെയും ബ്രിട്ടന്റെയുമെല്ലാം സഹായത്തോടെ ഇസ്രായേൽ പ്രതിരോധിച്ചു. കഴിഞ്ഞ ജൂലൈയിൽ ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ എല്ലാവിധ പ്രതിരോധ സംവിധാനങ്ങളെയും മറികടന്ന് തെൽഅവീവിൽ പൊട്ടിത്തെറിക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

സെപ്​റ്റംബറിലാണ്​ ആദ്യമായി ഹൈപ്പർ സോണിക്​ ബാലിസ്​റ്റിക്​ മിസൈൽ ഇസ്രായേലിന്​ നേരെ ഹൂതികൾ അയക്കുന്നത്​. ഈ മിസൈൽ 11.5 മിനിറ്റിൽ 2040 കിലോമീറ്റർ താണ്ടിയാണ് ഇസ്രായേലിലെത്തിയത്​. തെൽ അവീവിന് സമീപത്തെ സൈനിക കേന്ദ്രമായ ജാഫ മേഖലയാണ് ഹൂതികൾ ലക്ഷ്യമിട്ടത്.

20 ഇന്‍റർസെപ്റ്ററുകൾ ഈ മിസൈൽ മറികടന്നിരുന്നു. ‘ഫലസ്തീൻ 2’ എന്ന മിസൈലാണ് ആക്രമണത്തിന് അന്നും ഉപയോഗിച്ചത്. 2150 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി. ശബ്ദത്തേക്കാൾ 16 ഇരട്ടി വേഗതയിലാണ് ഇത് സഞ്ചരിക്കുക. അയേൺ ഡോം പോലുള്ള ലോകത്തിലെ അതിനൂതന പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ഇതിന് സാധിക്കുമെന്ന്​ ഹൂതികൾ അവകാശപ്പെടുന്നുണ്ട്​.

മിസൈലി​െൻറ ഭാഗങ്ങൾ പതിച്ച്​ തെൽ അവീവിന്​ സമീപത്തെ മോദിൻ സ്റ്റേഷന്റെ ഗ്ലാസ് തകരുകയും സ്റ്റേഷന്റെ ഒരു ഭാഗത്ത് തീപിടിക്കുകയും ചെയ്​തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *