‘ദ ഹണ്ട്രഡ്’ ക്രിക്കറ്റ്: ഇന്ത്യൻ ഉടമസ്ഥതയിലുള്ള സൺറൈസേഴ്സിൽ പാക് താരത്തിന് മോഹവില, കാവ്യ മാരനെതിരെ വിമർശനം

ലണ്ടൻ: ക്രിക്കറ്റ് മൈതാനത്തെ ഇന്ത്യ-പാക് നയതന്ത്ര അകൽച്ചകൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുന്ന കാലത്ത് വിദേശ ലീഗിനുള്ള തങ്ങളുടെ ടീമിൽ പാക് താരത്തെ ഉൾപ്പെടുത്തി ഇന്ത്യൻ ഉടമകൾ. പാകിസ്താൻ സ്പിന്നർ അബ്റാർ അഹ്മദിനെ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ‘സൺറൈസേഴ്സ് ലീഡ്സ്’ ആണ് റെക്കോർഡ് തുകക്ക് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന്റെ (ഇ.സി.ബി) നേതൃത്വത്തിൽ നടക്കുന്ന ‘ദ ഹണ്ട്രഡ്’ ട്വന്റി20 ടൂർണമെന്റിനായുള്ള ലേലത്തിലാണ് ഹൈദരാബാദ് ആസ്ഥാനമായ സൺറൈസേഴ്സ് പാക് താരത്തെ ടീമിലെടുത്തത്. ലണ്ടനിൽ നടന്ന ലേലത്തിൽ 1,90,000 പൗണ്ടിനാണ് (ഏകദേശം 2.33 കോടി രൂപ) അബ്റാറിനെ സൺറൈസേഴ്സ് വാങ്ങിയത്.
ലേലത്തിൽ സൺറൈസേഴ്സ് ഉടമ കാവ്യ മാരൻ നേരിട്ട് പങ്കെടുത്തതും പാക് താരത്തെ ടീമിലെടുത്തതും വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ഐ.പി.എല്ലിൽ പാക് താരങ്ങൾക്ക് വിലക്കുള്ളപ്പോൾ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ടീം വിദേശ ലീഗിൽ പാക് താരത്തെ ടീമിലെടുത്തതിനെതിരെ ഒരു വിഭാഗം ആരാധകർ രംഗത്തെത്തി. എന്നാൽ, പ്രതിഭയെ അടിസ്ഥാനമാക്കിയാണ് സെലക്ഷൻ നടന്നതെന്നും ദേശീയത കളിക്ക് തടസ്സമാകരുതെന്നുമുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ കർശന നിലപാടാണ് കാവ്യ മാരനും സംഘവും പിന്തുടർന്നത്. ട്രെന്റ് റോക്കറ്റ്സുമായി നടന്ന കടുത്ത ലേലം വിളിക്കൊടുവിലാണ് 27-കാരനായ അബ്റാറിനെ സൺറൈസേഴ്സ് ഉറപ്പിച്ചത്.
മറ്റൊരു പാക് താരം ഉസ്മാൻ താരിഖിനെ 1.40 ലക്ഷം പൗണ്ടിന് ബർമിങ്ഹാം ഫീനിക്സ് സ്വന്തമാക്കി. അതേസമയം, പാക് ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ ഷദാബ് ഖാനും ഹാരിസ് റൗഫും ലേലത്തിൽ വിറ്റുപോകാതിരുന്നത് ആരാധകരെ ഞെട്ടിച്ചു. പേസർ ഷഹീൻ ഷാ അഫ്രീദി ലേലത്തിൽ നിന്ന് നേരത്തെ പിന്മാറിയിരുന്നു.
യുവ ഓൾറൗണ്ടർ ജെയിംസ് കോൾസാണ് ലേലത്തിലെ വിലപിടിപ്പുള്ള താരം. 3.90 ലക്ഷം പൗണ്ടിന് ലണ്ടൻ സ്പിരിറ്റാണ് താരത്തെ വാങ്ങിയത്. വെൽഷ് ഫയർ ഇംഗ്ലണ്ട് മുൻ നായകൻ ജോ റൂട്ടിനെയും ജോർഡൻ കോക്സിനെയും ടീമിലെത്തിച്ചു. ഓവറിൽ അഞ്ചു പന്തുകളാണ് ഈ ട്വന്റ20 ടൂർണമെന്റിൽ ഉണ്ടാവുക. മൊത്തം 20 ഓവറിൽ നൂറു പന്തുകളാണ് ഒരിന്നിങ്സിൽ കളിക്കുന്നതെന്നിരിക്കേയാണ് ടൂർണമെന്റിന് ’ദ ഹണ്ട്രഡ് ക്രിക്കറ്റ്’ എന്ന് പേരിട്ടിരിക്കുന്നത്. ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൂർണമെന്റ് ജൂലൈ 21 മുതൽ ആഗസ്റ്റ് 16 വരെയാണ് നടക്കുക.
