‘രാജാവ് കൊട്ടാരം വിട്ടിറങ്ങുന്നു’; 12 വർഷങ്ങൾക്ക് ശേഷം കോഹ്‍ലി രഞ്ജി കളിക്കും
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‍ലി ഡൽഹിക്കായി രഞ്ജി മത്സരത്തിനിറങ്ങും. ജനുവരി 30ന് റെയിൽവേസിനെതിരെ നടക്കുന്ന മത്സരത്തിലാണ് കോഹ്‍ലി കളത്തിലിറങ്ങുക. ഡൽഹി മുഖ്യ പരിശീലകൻ ശരൺദീപ് സിങ്ങാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.Kohli
ജനുവരി 23ന് നടക്കുന്ന രഞ്ജി മത്സരത്തിൽ നിന്നും കഴുത്ത് വേദന കാരണം കോഹ്ലി മാറിനിന്നിരുന്നു. 2012ൽ ഉത്തർ പ്രദേശിനെതിരെയാണ് കോഹ്‍ലി ഏറ്റവുമൊടുവിൽ രഞ്ജി കളിച്ചത്. അന്ന് ആദ്യ ഇന്നിങ്സിൽ 14 റൺസും രണ്ടാം ഇന്നിങ്സിൽ 43 റൺസുമായിരുന്നു കോഹ്‍ലിയുടെ സമ്പാദ്യം. വീരേന്ദർ സെവാഗ്, ഇശാന്ത് ശർമ തുടങ്ങിയവർക്കൊപ്പമായിരുന്നു അന്ന് കോഹ്‍ലി കളിച്ചിരുന്നത്.
നേരത്തേ ഇന്ത്യൻ നായകൻ രോഹിത് ശർമയും മുംബൈക്കായി കളത്തിലിറങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരു പതിറ്റാണ്ടിന് ശേഷമാണ് രോഹിത് രഞ്ജിയിൽ കളത്തിലിറങ്ങിയത്. രോഹിതിന് പുറമെ യുവതാരം യശസ്വി ജയ്‌സ്വാളും ശ്രേയസ് അയ്യരും മുംബൈ സ്‌ക്വാഡിൽ ഇടംപിടിച്ചിരുന്നു. അജിൻക്യ രഹാനെയാണ് നായകൻ. ശുഭ്മാൻ ഗിൽ പഞ്ചാബിനായും രഞ്ജി കളിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അടുത്തിടെ സമാപിച്ച ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ രോഹിതും കോഹ്‍ലിയും അടക്കമുള്ളവർ അമ്പേ പരാജയമായിരുന്നു. ഇതിനെത്തുടർന്ന് ഇരുവരും രഞ്ജിയിൽ കളിച്ച് ഫോം വീണ്ടെടുക്കണമെന്ന് മുതിർന്ന താരങ്ങളടക്കം ആവശ്യപ്പെട്ടിരുന്നു.