കാസർകോട് ലീഗിനെയും ബി.ജെ.പിയെയും ഇടതുപക്ഷം ഉപയോഗിച്ചു
പ്രതീകാത്മക ചിത്രം
കാസർകോട്: മന്ത്രി സജി ചെറിയാന്റെ ‘കാസർകോട് ജയിച്ചവരുടെ പേര് നോക്കിയാൽ മതി ’യെന്ന പ്രസ്താവന ഇടതുപക്ഷത്തെ തന്നെ തിരിഞ്ഞുകുത്തുന്നു. ഇടതുപക്ഷത്തിന് ബാലികേറാമലയായ കാസർകോട് നഗരസഭയിൽ പല തന്ത്രങ്ങൾ പ്രയോഗിച്ച ചരിത്രമാണ് സി.പി.എമ്മിന്. 1968 മുതൽ 1979 വരെ സി.പി.എം നേതാവായ എം. രാമണ്ണറൈ നഗരസഭ ചെയർമാനായത് മുസ്ലിം ലീഗിന്റെ പിന്തുണയിലായിരുന്നു. അന്ന് നഗരസഭയിൽ പ്രതിപക്ഷത്ത് കർണാടക സമിതിയായിരുന്നു.
കർണാടക സമിതിയുടെ വേഷപ്പകർച്ചയാണ് പിന്നീട് ബി.ജെ.പി. മുസ്ലിം ലീഗിനും കർണാടക സമിതിക്കും ഒമ്പതു സീറ്റുകൾ വീതമായിരുന്നു അന്ന് നഗരസഭയിൽ ഉണ്ടായിരുന്നത്. സി.പി.എമ്മിന് ഒരംഗം മാത്രം. കർണാടക സമിതിയെ മാറ്റിനിർത്താൻ മുസ്ലിം ലീഗ് ഒരംഗമുള്ള സി.പി.എമ്മിനെ ചെയർമാൻ സ്ഥാനത്തേക്ക് പിന്തുണക്കുകയായിരുന്നു.
11 വർഷം നീണ്ട ഭരണം അവസാനിച്ചത് 1979ലാണ്. 1995ലാണ് മറ്റൊരു സി.പി.എം നേതാവ് നഗരസഭയുടെ ചെയർമാനാകുന്നത്. അത് ബി.ജെ.പിയുമായി ചേർന്നുള്ള ബന്ധത്തിലാണ്. അന്ന് മുസ്ലിം ലീഗിന് 10 അംഗങ്ങൾ. ബി.ജെ.പി 11 സീറ്റിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി. പുതുതായി രൂപംകൊണ്ട ഐ.എൻ.എല്ലിന് ആറു സീറ്റ്.
സി.പി.എമ്മിന് അഞ്ചു സീറ്റ്. ബി.ജെ.പിയെ തടഞ്ഞുനിർത്താൻ മുസ്ലിം ലീഗ് സി.പി.എം അംഗം എസ്.ജെ. പ്രസാദിന് ചെയർമാൻ സ്ഥാനത്തേക്ക് പിന്തുണ നൽകി. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മുസ്ലിം ലീഗ് അംഗം എ. അബ്ദുൽ ഹമീദ് സ്ഥാനാർഥിയായപ്പോൾ സി.പി.എമ്മും ഐ.എൻ.എല്ലും വിട്ടുനിന്നു. ലീഗിനെ തോൽപിച്ച് ബി.ജെ.പി ദേശീയ സമിതി അംഗം സുന്ദർറാവു വൈസ് ചെയർമാനായി.
മുസ്ലിം ലീഗ് ചിലപ്പോഴൊക്കെ ഈ ചരിത്രംകൊണ്ട് സി.പി.എമ്മിനെ നേരിടാറുണ്ട്. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 22 സീറ്റാണ് ലീഗിന് ലഭിച്ചത്. അതിൽ ഒരാളുടെ പേര് കെ. ബിന്ദു എന്നാണ്. മുസ്ലിം അല്ലാത്തവരെയും ലീഗ് സ്ഥാനാർഥിയാക്കി. പേരു നോക്കിയാൽ എല്ലാം ഒന്നുതന്നെയല്ല എന്നർഥം.
