വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച 14 ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചു; ആര്‍വിഎം നഴ്‌സിങ് കോളജ് സമരം അവസാനിപ്പിച്ചു
തെലങ്കാന സിദ്ധിപേട്ടിലെ ആര്‍വിഎം നഴ്‌സിങ് കോളജ് വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച 14 ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയോഗിച്ച സംഘവും മലയാളി അസോസിയേഷന്‍ ഭാരവാഹികളും മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. management
അടിസ്ഥാന സൗകര്യങ്ങളും മൗലീക ആവശ്യങ്ങളും സംരക്ഷിയ്ക്കാനായിരുന്നു വിദ്യാര്‍ത്ഥി സമരം. മാനേജുമെന്റിന്റെ മാനസിക പീഡനം സഹിയ്ക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് മലയാളി വിദ്യാര്‍ത്ഥികള്‍ സമരരംഗത്തേയ്ക്ക് ഇറങ്ങിയത്. പിന്നീട് കോളജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും സമരത്തിന്റെ ഭാഗമായി. സമരം അവസാനിപ്പിയ്ക്കാന്‍ മാനേജുമെന്റ് പ്രതികാര നടപടികളുമായി എത്തിയെങ്കിലും വിദ്യാര്‍ത്ഥികള്‍ മുന്നോട്ടു പോയി. മുഖ്യമന്ത്രി പിണറായി വിജയന് പരാതിയും നല്‍കി. ഇതോടെ, വിദ്യാര്‍ഥികളെ പൂട്ടിയിട്ടു മാനേജ്‌മെന്റ്.
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയോഗിച്ച സമിതിയും ലോക കേരള സഭ അംഗങ്ങളും മലയാളി അസോസിയേഷന്‍ ഭാരവാഹികളും മാനേജുമെന്റുമായി ചര്‍ച്ച നടത്തി. ഇതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. മാനേജുമെന്റിന്റെ പ്രതികാര നടപടികള്‍ അവസാനിപ്പിയ്ക്കുക, ഇഷ്ടമുള്ള വസ്ത്രം ധരിയ്ക്കാനും ഫോണ്‍ ഉപയോഗിയ്ക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കുക, അധിക ഡ്യൂട്ടി അവസാനിപ്പിയ്ക്കുക, മാസത്തിലൊരിയ്ക്കല്‍ പുറത്തിറങ്ങാന്‍ അവസരം നല്‍കുക, കൂടുതല്‍ ഫാക്കല്‍റ്റികളെ നിയോഗിയ്ക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍.