“ഉമ്മ” The Mother
“മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിന്മേല് അമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലെയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്ത്യനു പെറ്റമ്മ തന് ഭാഷ താന്‍
മാതാവിന് വാത്സല്ല്യ ദുഗ്ധം നുകര്‍ന്നാലെ
പൈതങ്ങള് പൂര്‍ണ്ണ വളര്‍ച്ച നേടു
അമ്മതാന്‍ തന്നേ പകര്‍ന്നു തരുമ്പോഴേ
നമ്മള്ക്കമൃതും അമൃതായ് തോന്നു”– വള്ളത്തോൾ നാരായണമേനോൻ
ഏതൊരാളെയും തന്റെ വേരുകളുമായി ബന്ധിപ്പിക്കുന്ന ഒരു വാക്കാണ് ഉമ്മ എന്നത്. മാതൃത്വത്തോട് തുലനം ചെയ്യാവുന്ന വികാരങ്ങളില്ല. സ്നേഹം, ക്ഷമ, കരുണ, ത്യാഗം, സഹനം തുടങ്ങിയ പദങ്ങള്‍ക്കെല്ലാം കൂടി ഒരു വാക്ക് അതാണ് ഉമ്മ.
അളക്കാനാകാത്ത ആഴവും പരപ്പുമുള്ള ഇഷ്ടം. പൂരിപ്പിക്കാനാത്ത പദപ്രശ്നമാണ് ഉമ്മ.
വീഴുമ്പോൾ കൈപിടിച്ച് നടത്തിയും തളരുമ്പോൾ തോളോട് ചായ്ച്ചും എന്നും കരുതലായി ഒപ്പമുണ്ടാകുന്ന ഉമ്മ അത് വെറും രണ്ടക്ഷരം മാത്രമല്ല, അതിൽ മുഴുവൻ നിറഞ്ഞിരിക്കുന്നത് സ്നേഹമാണ്.
അമ്മിഞ്ഞ പാലിന്റെ മധുരമൂറുന്ന സ്നേഹവും മനസ്സിലെ നെഞ്ചിലേറ്റി ലാളിക്കുന്ന വാത്സല്യവും വേദനകളെ മഞ്ഞു പോലുരുക്കുന്ന സാന്ത്വനവും അതിലേറെ സംരക്ഷണവും നല്കി സ്വന്തം മക്കളുടെ കയ്യും കാലും വളരുന്നതുറ്റു നോക്കി ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അവർക്കൊരു താങ്ങായ്, തണലായി ഉമ്മ എന്നും
വര്‍ത്തിക്കുന്നു. ഒന്നകലുമ്പോള്‍ ഒരമ്മയ്ക്ക് നഷ്ടമാകുന്നത് സ്വന്തം പ്രാണവായുവാണ്. അക്ഷരങ്ങള്ളിലൂടെ വര്‍ണ്ണിച്ച് തീര്‍ക്കാന്‍ കഴിയില്ല ഉമ്മയെ. സ്വന്തം വിശപ്പിനേക്കാൾ ഉമ്മക്ക് അസഹനീയമാകുന്നത് മക്കളുടെ വിശപ്പാണ്, സ്വന്തം വേദനയേക്കാള്‍ ആ അമ്മ വേദനിക്കുന്നത് മക്കളുടെ വേദനയിലാണ്.
‘യഥാർഥ ജ്ഞാനം പകരുന്ന ഗുരു പത്ത് അധ്യാപകർക്കു തുല്യമാണ്. ജ്ഞാനിയായ അച്ഛൻ പത്ത് ഗുരുനാഥർക്കു തുല്യമാണ്. ഉമ്മ, പത്തു പിതാക്കൾക്കു തുല്യമാണ്. ഉമ്മയെക്കാൾ വലിയ ഗുരുവില്ല’ എന്നു മഹാഭാരതം പറഞ്ഞുതന്നിട്ടുണ്ട്.
മാതാവിനോടുള്ള നമ്മുടെ നന്ദിയും സ്നേഹവും കടപ്പാടും വാക്കുകൾ കൊണ്ട് അവസാനിപ്പിക്കുവാനുള്ളതല്ല അവസാന ശ്വാസം വരെ ഉമ്മ എന്ന നാമം നമ്മുടെ മനസുകളിൽ സ്ഥായിയായി നിൽക്കേണ്ട ഒന്നാണ്. നമ്മെ നാം ഇന്ന് ആയിരിക്കുന്ന അവസ്ഥയിലേക്ക് കൊണ്ടുവരുന്നതിന് സഹിച്ച സഹനവും , ത്യാഗവും, അതിരുകളില്ലാതെ പകർന്നുതന്ന സ്നേഹവും വിസ്മരിക്കാവുന്നതല്ല.
വാത്സല്യത്തിന്റെ ചുവട് പിടിച്ച് ഒരോ മക്കളേയും അവനാഗ്രഹിക്കുന്ന വിദ്യാഭ്യാസവും,പ്രാഥമിക അറിവുകളും നല്കി ഉയരങ്ങളിലെത്തിക്കാന്‍ ഒരോ ഉമ്മയും കഷ്ടപ്പെടുന്നതിനെ എത്ര കണ്ട് പ്രശംസിക്കണം.
ഉമ്മമാർ ജീവിതത്തിലൊരിക്കലും വിശ്രമിക്കുന്നില്ല. ആധിയും ആകുലതയും ആനന്ദവും നിരാശയും സാഫല്യവും അവരെ സദാ സജീവമാക്കുന്നു. തന്റെയുള്ളിൽ പിറന്നവർ ഭൂമിയിലേക്ക് എത്തിക്കഴിഞ്ഞും അവരെത്ര വളർന്നാലും ഉമ്മ മാത്രം ആ വളർച്ച കാണുന്നില്ല. നടക്കാൻ തുടങ്ങുന്ന കുട്ടിയുടെ ഓരോ വീഴ്ചയിലും ഉമ്മയുടെ ഗർഭപാത്രം തുടിക്കുന്നു. ഓരോ കുഞ്ഞുചിരിയിലും ഉമ്മ പൂക്കുന്നു. ഓരോ ഇളംകരച്ചിലിലും ഉമ്മ നനയുന്നു.
ഒരമ്മയുടെ നന്മയറിഞ്ഞ് ആ ഉമ്മയെ ബഹുമാനിക്കുക, സ്നേഹിക്കുക, അനുസരിക്കുക, ശുശ്രൂഷിക്കുക എന്നത് മക്കളുടെ കടമയാണ്. എത്ര ഒഴിവുകഴിവുകള്‍ പറഞ്ഞാലും മാറി നില്കാന് കഴിയാത്ത ധര്‍മ്മമാണ് എന്ന തിരിച്ചറിവ് ഒരോ മക്കളിലും ഉണ്ടാവണം. ഉമ്മാക്ക് പണമോ, വിലകൂടിയ വസ്ത്രങ്ങളോ, ഭക്ഷണമോ ഒന്നും കൊടുക്കാന്‍ മക്കള്‍ക്ക് കഴിഞ്ഞിലെങ്കിലും നല്കാന് കഴിയുന്ന ഒരിത്തിരി സ്നേഹം പരിചരണം അതു നല്കാന് കഴിഞ്ഞാല്‍ ഈ ജന്മം മുഴുവന്‍ ആ പുണ്യം നിങ്ങളെ അനുഗ്രഹിക്കും.
മാതാപിതാകള്‍ക്ക് വയസ്സ് കൂടുംതോറും മക്കൾക്കൊപ്പം സമയം ചിലവിടാനുള്ള ആഗ്രഹവും ഏറും. ഏതു കാലത്തും അവരെ ചേര്‍ത്തു നിര്‍ത്താന്‍ മക്കള്‍ക്കാകണം. മാതാപിതാക്കള്‍ ഭാരമാണെന്നു ചിന്തിക്കുന്ന ഒരു തലമുറ വളര്‍ന്നു വരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ദിനങ്ങള്‍ക്ക് പ്രസക്തിയേറെയാണ്. വൃദ്ധ സദനങ്ങളും അഗതി മന്ദിരങ്ങളുമല്ല, മറിച്ച് മക്കളുടെ സാമിപ്യമാണ് വാർധക്യത്തിൽ അവർ ഏറെ ആഗ്രഹിക്കുന്നത്. നമ്മളെ നമ്മളായി വളര്‍ത്തി വലുതാക്കിയ ശക്തിയാണ് ഉമ്മമാര്. അതുകൊണ്ടു തന്നെ മാതൃദിനത്തില്‍ മാത്രമല്ല എന്നും ഉമ്മമാര്‍ക്കൊപ്പം ഉണ്ടാകണം . കൈപ്പിടിച്ച് നടത്തിയ, അറിവ് പകര്‍ന്ന് നല്കിയ വേദനയിലും പുഞ്ചിരിക്കുന്ന ആ മുഖം സ്നേഹത്തോടെ നമുക്ക് ഓര്‍ക്കാം. ഉമ്മ ചെയ്ത ത്യാഗങ്ങളെയും, ഇക്കാലമത്രയും നിങ്ങള്‍ക്കു പകര്‍ന്നു നല്കിയ സ്നേഹത്തെയും കൃതജ്ഞതയോടെ ഒരു പക്ഷെ ഈറന്‍ മിഴികളോടെ, നിങ്ങളിന്ന് ചിന്തിക്കുന്നുണ്ടാവും, സ്നേഹത്തിലേക്കും കരുതലിലേക്കും വാൽസല്യത്തിലേക്കും കാത്തിരിപ്പിലേക്കും തെളിയുന്ന ഏതു വെളിച്ചത്തിനും ഒരേയൊരു പേരുമാത്രം; ഉമ്മ. ആ രണ്ടക്ഷരത്തിലുണ്ടല്ലോ നമ്മുടെ മുഴുവൻ അക്ഷരമാലയും.
ഉമ്മയെ കുറിച്ചുള്ള ഓര്‍മകളില്‍ വിങ്ങിപ്പൊട്ടാൻ ചിലരെങ്കിലും ദാഹിക്കുന്നു. അതിനവര്‍ കാണുന്ന വഴി ഒരു പക്ഷേ, ഇന്ന് പരിചിതമായ രചനാമത്സരങ്ങൾ ആയിരിക്കാം. സങ്കോചം ഒട്ടുമില്ലാതെ ഉമ്മയെക്കുറിച്ച് എമ്പാടും എഴുതാം. ഉമ്മയെ കുറിച്ച് എമ്പാടും പാടാം. അതിലൂടെ കണ്ണീര് വറ്റിപ്പോയ കണ്ണുകളില്‍ നനവ് പടര്‍ത്താം. സുഗന്ധം വറ്റിപ്പോയ മനസുകളില്‍ സ്നേഹ പരിമളം വീശാം. ലോകം നാളെ കാണാന്‍ പോവുന്ന ഏറ്റവും ഹൃദയഭേദകമായ വെല്ലുവിളി ഇതായിരിക്കും; സ്നേഹ ശൂന്യത. സ്നേഹത്തിന്റെ ഇത്രയാഴമുള്ള മറ്റൊരു കടലും ഇത്രയുയരമുള്ള മറ്റൊരു ആകാശവും നമുക്കറിയില്ല. അപ്പോൾ മാത്രം മിണ്ടിത്തുടങ്ങുന്ന കുഞ്ഞിന്റെ നാവിൽ ഇത്രമാത്രം ഇണങ്ങുന്നൊരു അമ്മിഞ്ഞവാക്ക് ചേർത്തുവച്ചതിലെ അപാര പ്രപഞ്ച സൗന്ദര്യവും നമുക്കറിയാത്തത്. മറവിയിലേക്കും മൗനത്തിലേക്കും വൃദ്ധസദനങ്ങളിലേക്കും മരണത്തോളം കൊല്ലുന്ന ഏകാന്തതയിലേക്കും അമ്മയെ തള്ളി വിടാതിരിക്കാൻ നമുക്ക് ഓരോ നിമിഷവും സ്വയമോർമിപ്പിക്കാം.
നമുക്കോരുത്തർക്കും സ്വന്തമായ ആ അമ്മക്കടലിന്റെ കണ്ണീരുപ്പും ചിരിമധുരവും എന്നും നെഞ്ചോടു ചേർത്തു വയ്ക്കുകയും ചെയ്യാം. പിച്ചവച്ച നാൾമുതൽ നമ്മെ ചേർത്തുപിടിക്കുന്നതാണ് ആ വിരലുകൾ. ഇനി നമ്മുടെ ഊഴമാണ്. നമുക്കും ആ വിറയാർന്ന അമ്മക്കൈ വിരലുകളിലെ പിടി വിടാതിരിക്കാം.
ഉമ്മയുടെ സ്നേഹം ഉൾകൊള്ളുന്നതിനും, ആ വാത്സല്യത്തെ അനശ്വരമാകുന്നതിനും ഉമ്മയുടെ സ്നേഹത്തിന്റെ പ്രതിജ്ഞ പുതുക്കാൻകൂടി എല്ലാവർക്കും സാധിക്കട്ടെ… ആശംസിക്കുന്നു.
Article By
കെ.എം ഇസ്മായിൽ
(ഇ. എം.ഇ. എ ഹയർ സെക്കണ്ടറി സ്കൂൾ കൊണ്ടോട്ടി)