ഒറ്റത്തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്; പി.എം.എ സലാം
ജിദ്ദ: ഒറ്റത്തെരഞ്ഞെടുപ്പിൽ രാംനാഥ് കോവിന്ദ് കമ്മിറ്റിയെ നിലപാട് അറിയിച്ചില്ലെന്ന വിമര്‍ശനത്തില്‍ പ്രതികരിച്ച് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഒറ്റത്തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം സൗദിയിലെ ജിദ്ദയിൽ മീഡിയവണിനോട് പറഞ്ഞു. ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.Muslim
ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ആഘാതമുണ്ടാക്കുന്നതാണ് ഒറ്റത്തെരഞ്ഞെടുപ്പ് നീക്കം. ഈ വിഷയം ചർച്ചയ്ക്കു വന്നപ്പോൾ തന്നെ ലീഗ് ശക്തമായി അഭിപ്രായങ്ങൾ അറിയിച്ചതാണ്. ഇൻഡ്യ മുന്നണി ഘടകകക്ഷി എന്ന നിലയ്ക്കും അഭിപ്രായങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. തീരുമാനമെടുത്തിട്ടുണ്ട്.
ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ലോ കമ്മീഷനും രേഖാമൂലം അഭിപ്രായം നൽകിയിട്ടുണ്ട്. പാർലമെന്റിനകത്തും മുസ്‌ലിം ലീഗ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.
അതേസമയം, രാംനാഥ് കോവിന്ദ് കമ്മിറ്റിക്ക് മുൻപാകെ ലീഗ് അഭിപ്രായം പറയാത്തതിൽ താനും അഭിപ്രായം പറയുന്നില്ലെന്നായിരുന്നു മുസ്‍ലിം ലീഗ് നേതാവ് കെ.എം.ഷാജിയുടെ പ്രതികരണം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലൂടെ ബിജെപിയുടെ അജണ്ട നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് പാണക്കാടെത്തി ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം ആർഎസ്പി നേതാവ് എൻ.കെ പ്രേമേചന്ദ്രൻ പറഞ്ഞു.