സ്പോർട്സ് മേഖലയിലെ മുന്നേറ്റം വ്യക്തമാക്കി ദേശീയ സെമിനാർ
സ്പോർട്സ് മെഡിസിൻ, സ്പോർട്സ് സയൻസ് എന്നിവയിലെ ആധുനിക പ്രവണതകളെക്കുറിച്ചുള്ള ദേശീയ സെമിനാർ ആലപ്പുഴയിലെ സായ് നാഷണൽ സെന്റർ ഓഫ് എക്സലൻസിൽ സായ് സെക്രട്ടറി വിഷ്ണുകാന്ത് തിവാരി ഉദ്ഘാടനം ചെയ്തു. ഒളിംപ്യൻ ഷൈനി വിൽസൻ അധ്യക്ഷത വഹിച്ചു.കേന്ദ്ര സ്പോർട്സ് മന്ത്രാലയവും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും എൽ.എൻ.സി.സി.ഇയും ചേർന്നാണു സെമിനാർ സംഘടിപ്പിച്ചത്. ഇത്തരത്തിൽ കേരളത്തിൽ നടക്കുന്ന ആദ്യ സെമിനാറാണിതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സായ് എൽ.എൻ.സി.സി.ഇ മേഖലാ മേധാവി ഡോ.ജി.കിഷോർ പറഞ്ഞു.national

എൻസിഒഇ ക്യാംപസിൽ മഹാത്മാഗാന്ധിയുടെ പ്രതിമ വി.കെ.തിവാരി അനാച്ഛാദനം ചെയ്തു. എൻസിഒഇ ആലപ്പുഴ സിഒഒ പി.എഫ്.പ്രിംജിത്‌ലാൽ, രാജ്യാന്തര നീന്തൽ താരം വിൽസൻ ചെറിയാൻ, ആലപ്പുഴ സബ് കലക്ടർ സമീർ കിഷൻ സ്പോർട്സ് ജേണലിസ്റ്റ് സനിൽ പി. തോമസ്, ചീഫ് കോച്ച് (റോയിങ് റോവിങ്) ക്യാപ്റ്റൻ സജി തോമസ്, കേരള കനോയിംഗ് ആൻഡ് കയാക്കിംഗ് അസോസിയേഷൻ സെക്രട്ടറിയും രാജ്യാന്തര അത്‌ലിറ്റുമായ ബീന റെജി,ചീഫ് കോച്ചും (അക്കാദമിക്സ്) ഓർഗനൈസിംഗ് സെക്രട്ടറിയുമായ ജയന്ത്കുമാർ സിങ് എന്നിവർ പ്രസംഗിച്ചു.

2025 ലെ ദേശീയ ഗെയിംസിൽ മെഡൽ നേടിയ കായികതാരങ്ങളെയും പരിശീലകരെയും ആദരിച്ചു. ഡോ. അശുതോഷ് ആചാര്യ, ഡോ. പി. എസ്. ഹർഷ, ഡോ.സി.എം.ഷാലി, വേണി പ്രിയ നീലകണ്ഠൻ, ഡോ.ആർ.ഇന്ദുലേഖ, ഡോ.രാജേഷ് മെയ്ലഗിർ എന്നിവർ വിവിധ സെഷനുകൾക്കു നേതൃത്വം നൽകി.
സ്പോർട്സ് മെഡിസിൻ, സ്പോർട്സ് സയൻസസ് എന്നിവയിലെ വിദഗ്ധരെ ഒരുമിച്ച് അണിനിരത്താനായതോടെ ഈ മേഖലയിലെ പുരോഗതിയും അവരുടെ ഉൾക്കാഴ്ചകളും പങ്കിടുന്നതിനുള്ള വേദിയായി സെമിനാർ മാറി. സ്പോർട്സ് ഫിസിയോതെറപ്പി, ആന്റി-ഡോപ്പിംഗ് നടപടികൾ, സ്പോർട്സ് പോഷകാഹാരം, സ്പോർട്സ് സൈക്കോളജി എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന സാങ്കേതിക സെഷനുകളും പ്രായോഗിക വർക്ക്‌ഷോപ്പുകളും നടന്നു. രാജ്യത്തുടനീളമുള്ള പരിശീലകർ, അത് ലിറ്റുകൾ, സ്പോർട്സ് അഡ്മിനിസ്ട്രേറ്റർമാർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.