നിരക്ക് വർദ്ധന വെല്ലുവിളിയായില്ല; കുതിച്ചുയർന്ന് ഇൻ്റർനെറ്റ്, ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം
ഡൽഹി: ഡാറ്റാ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചിട്ടും രാജ്യത്തെ ഇൻ്റർനെറ്റ്, ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുടെ എണ്ണം വർദ്ധിക്കുകയാണെന്നാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇന്ത്യയിലെ ഇൻ്റർനെറ്റ്, ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനയാണുണ്ടായിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ റിപ്പോർട്ടിലാണ് വർദ്ധനയുടെ കണക്കുകൾ ഉള്ളത്.challenge
2023-2024 സാമ്പത്തിക വർഷത്തിൽ ടെലികോം മേഖലക്ക് ശ്രദ്ധേയമായ വളർച്ച കൈവരിക്കാനായെന്നും ട്രായ് അവകാശപ്പെട്ടു. 1.39 ശതമാനം വളർച്ചാ നിരക്കാണ് ആകെ രേഖപ്പെടുത്തിയത്. 2023 മാർച്ചിലെ 84.51% ൽ നിന്ന് 2024 മാർച്ച് അവസാനത്തോടെ 85.69% ആയി വർദ്ധിച്ചു.
ഇൻ്റർനെറ്റ് വരിക്കാരിലാണ് വൻ വർദ്ധനവുണ്ടായിരിക്കുന്നത്. 2023 മാർച്ചിൽ 88.1 കോടിയുണ്ടായിരുന്ന ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണം 2024 മാർച്ചിൽ 95.4 കോടിയായി ഉയർന്നു. 7.3 കോടി ഇൻ്റർനെറ്റ് വരിക്കാരാണ് ഒരു വർഷത്തിനുള്ളിൽ വർദ്ധിച്ചിരിക്കുന്നത്.
ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം 2023 മാർച്ചിൽ 84.6 കോടിയായിരുന്നു. 2024 മാർച്ചിലിത് 92.4 കോടിയായി.7.8 കോടി ബ്രോഡ്‌ബാൻഡ് വരിക്കാരാണ് ഒരു വർഷത്തിനുള്ളിൽ കൂടിയത്.
വയർലെസ് ഡാറ്റ വരിക്കാരുടെ എണ്ണത്തിലാണ് മറ്റൊരു കുതിപ്പുണ്ടായിരിക്കുന്നത്. 84.6 കോടിയിൽ നിന്ന് 91.3 കോടിയായി വർദ്ധിച്ചു. ടെലഫോൺ വരിക്കാരുടെ എണ്ണം 117.2 കോടിയിൽ നിന്ന് 119.9 കോടിയായി ഉയർന്നു.
ഓരോ വരിക്കാരന്റെയും പ്രതിമാസ ശരാശരി മിനുട്ടിലെ ഉപയോഗം (മിനുട്ട്സ് ഓഫ് യൂസേജ്- എം.ഒ.യു) 2022-23 ൽ 919 ആയിരുന്നത് 23-24 ൽ 963 ആയി വർദ്ധിച്ചു.
മൊത്ത വരുമാനത്തിലും (എ.ജി.ആർ) വൻ വർദ്ധനവാണുണ്ടായിരിക്കുന്നത്. 2022-23 ൽ 2,49,908 കോടി രൂപയായിരുന്നത് 23-24 ൽ 2,70,504 കോടി രൂപയായി വർധിച്ചു.8.24ശതമാനമാണ് വാർഷിക വളർച്ചാ നിരക്ക്.