മാനാഞ്ചിറയില്‍ മ്യൂസിക്കല്‍ ഫൗണ്ടെയ്നായി 2.4 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
കോഴിക്കോട്: കോഴിക്കോടിന്‍റെ സാംസ്കാരിക തിലകക്കുറി ആയ മാനാഞ്ചിറയില്‍ മ്യൂസിക്കൽ ഫൗണ്ടെയ്ൻ തുടങ്ങാനായി 2.4 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. പത്തുമാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ടൂറിസം വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.government
മലബാറിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ മുന്‍പന്തിയിലാണ് മാനാഞ്ചിറയുടെ സ്ഥാനമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പൈതൃക ശേഷിപ്പുകളും ചരിത്ര പശ്ചാത്തലവും കൊണ്ട് സമ്പന്നമായ മാനാഞ്ചിറയും മൈതാനവും പൊതുജനങ്ങള്‍ക്ക് സായാഹ്നം ചെലവഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. മ്യൂസിക്കല്‍ ഫൗണ്ടന്‍ സ്ഥാപിക്കുന്നത് ഇവിടം കൂടുതല്‍ ആകര്‍ഷകമാകും.
സൗന്ദര്യവത്കരിച്ച മിഠായിത്തെരുവിനൊപ്പം മാനാഞ്ചിറയിലെ മ്യൂസിക്കല്‍ ഫൗണ്ടന്‍ കൂടിയാകുമ്പോള്‍ നൈറ്റ് ലൈഫ് കൂടുതല്‍ മികച്ചതാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മ്യൂസിക്കല്‍ ഫൗണ്ടന്‍ നിര്‍മ്മാണവും നാല് വര്‍ഷത്തെ അറ്റകുറ്റപ്പണി കരാറുമടക്കമാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്.