‘പേപ്പട്ടി കടിച്ച അവസ്ഥ’; അംബേദ്​കർ വിരുദ്ധ പരാമർശത്തിൽ അമിത് ഷാക്കെതിരെ പ്രിയങ്ക് ​ഖാർ​ഗെ

Ambedkar

കർണാടക: അംബേദ്കർ വിരുദ്ധ പരാമർശത്തിൽ അഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കർണാടക മന്ത്രിയും കോൺഗ്രസ്​ അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയുടെ മകനുമായ പ്രിയങ്ക് ഖാർ​ഗെ. അംബേദ്കറിന്റെയും ബസവ തത്വശാസ്ത്രത്തിന്റെയും വളർച്ച ആർ.എസ്.എസിനെ ദുർബലമാക്കുമെന്ന ഭയമാണ് അമിത് ഷാക്ക്​. പേപ്പട്ടി കടിച്ച അവസ്ഥയാണ് അദ്ദേഹത്തിനെന്നും പ്രിയങ്ക് ഖാർ​ഗെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.Ambedkar

ഏഴ് ജന്മത്തിലും ദൈവത്തിന്റെ നാമം ഉരുവിടുന്നതിലൂടെ സ്വർ​ഗത്തിൽ ഇടം കിട്ടുമോ എന്നെനിക്കറിയില്ല. എന്നാൽ അംബേ​ദ്കറിന്റെ നാമം ഉരുവിട്ടാൽ ഈ ജന്മത്ത്​ നമുക്ക് രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ സമത്വവും ആത്മാഭിമാനവുമുള്ള ജീവിതവും ലഭിക്കും. അംബേദ്കറും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും അമിത് ഷാക്ക് ഉൾക്കൊള്ളാൻ കഴിയാത്തവയാണെന്നും പ്രിയങ്ക് ഖാർ​ഗെ കൂട്ടിച്ചേർത്തു.

അംബേദ്കറുടെ പേര് പറയുന്നത് ഫാഷനായെന്നും അംബേദ്കറിനു പകരം ദൈവത്തിന്റെ നാമം ഉരുവിട്ടിരുന്നെങ്കിൽ സ്വർ​ഗം ലഭിക്കുമെന്നും അമിത് ഷാ ലോക്​സഭയിൽ പറഞ്ഞിരുന്നു. ആഭ്യന്തര മന്ത്രിയുടെ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഇൻഡ്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ പാർലമെന്റ് മന്ദിരത്തിനു മുമ്പിൽ അരങ്ങേറിയത്.

അതേസമയം, തന്റെ പരാമർശം കോൺ​​ഗ്രസ് വളച്ചൊടിച്ചുവെന്നാണ്​ അമിത് ഷാ പറയുന്നത്​. പ്രസ്താവനകളെ തെറ്റായി ചിത്രീകരിക്കുന്നത് കോൺ​ഗ്രസ് തങ്ങളുടെ പ്രധാന തന്ത്രമായി ഉപയോ​ഗിക്കുകയാണെന്നും അംബേദ്കർ വിരുദ്ധരും സംവരണത്തെ എതിർക്കുന്നവരുമാണ് കോൺ​ഗ്രസുകാരെന്നും അമിത് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *