കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് കുറ്റകരമല്ലെന്ന വിധി സുപ്രിംകോടതി റദ്ദാക്കി

The Supreme Court overturned the verdict that it was not a crime to download and watch child pornography

 

ഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതും കുറ്റകരമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റ് റൈറ്റ്‌സ് ഫോര്‍ ചില്‍ഡ്രന്‍ അലിയന്‍സ് നല്‍കിയ അപ്പീലിലാണ് വിധി.

മദ്രാസ് ഹൈക്കോടതിയുടെ വിധിയില്‍ വലിയ പിഴവുണ്ടെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. വിചാരണ കോടതി വിഷയം വീണ്ടും പരിശോധിച്ച് തീരുമാനമെടുക്കണം. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ദുരുദ്ദേശമുണ്ടോയെന്ന് പരിശോധിക്കണം. പോക്‌സോ നിയമത്തില്‍ പാര്‍ലമെന്‍റ് ഭേദഗതി വരുത്തണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു.

കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല ചിത്രങ്ങളോ വീഡിയോകളോ ആകസ്മികമായി ഡൗണ്‍ലോഡ് ചെയ്യുന്നത് കുറ്റകരമല്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി.ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമപ്രകാരം ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് കുറ്റകരമായി വ്യാഖ്യാനിക്കാന്‍ കഴിയില്ല. പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

പോക്സോ നിയമം സെക്ഷന്‍ 15(2), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ സെക്ഷന്‍ 67 ബി (ബി) എന്നിവ പ്രകാരമുള്ള കുറ്റമാണ് ഹര്‍ജിക്കാരന് മേല്‍ ആരോപിക്കപ്പെട്ടത്. ടെലിഗ്രാമില്‍ നിന്ന് ഇത്തരം അശ്ലീല ചിത്രങ്ങള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ചുവെച്ചു എന്നതായിരുന്നു ഹരജിക്കാരനെതിരെയുള്ള ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *