ഫിഫ റാങ്കിങിൽ 210ാം സ്ഥാനത്തുള്ള ടീമിന് നാഷൺസ് ലീഗിൽ ജയം; ചരിത്രം കുറിച്ച് സാന്റ് മറീനോ
ലണ്ടൻ: ഫിഫ റാങ്കിങ്ങിൽ അവസാന സ്ഥാനത്തുള്ള (210ാം റാങ്ക്) ടീമിന് യുവേഫ നാഷൺസ് ലീഗിൽ ചരിത്ര വിജയം. ലിച്ചെൻസ്‌റ്റൈനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തകർത്തത്. ചരിത്രത്തിലെ ആദ്യ എവേ മാച്ച് ജയവും ടീം സ്വന്തമാക്കി. ഒന്നിൽ കൂടുതൽ ഗോൾ നേടിയുള്ള സാന്റ് മറിനോ സ്വന്തമാക്കുന്ന ആദ്യ വിജയവുമാണിത്. ജയത്തോടെ നാഷൺസ് ലീഗിൽ ഗ്രൂപ്പ് സിയിലേക്ക് ടീം യോഗ്യത നേടി. രാജ്യത്തെ ആകെ ജനസംഖ്യ 30,000ത്തിൽ താഴെ മാത്രമാണ്. പ്രൊഫഷണൽസും ഓഫീസ് ജീവനക്കാരും ഉൾപ്പെടുന്നവരാണ് ടീമിനായി കളത്തിലിറങ്ങിയത്.San Marino
യൂറോപ്പിലെ വിവിധ ചാമ്പ്യൻഷിപ്പുകളിലായി മത്സരിച്ച 211 മത്സരങ്ങളിൽ 199ഉം തോൽക്കുകയായിരുന്നു. ഏഴ് മത്സരങ്ങളിൽ പത്തോ അതിൽ അധികമോ ഗോൾ വഴങ്ങുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിനെതിരെയും ഇറ്റലിക്കെതിരെയുമെല്ലാം വലിയ മാർജിനിൽ ടീം തോറ്റിരുന്നു.എന്നാൽ ഭൂതകാല ചരിത്രത്തെ മാറ്റിമറിക്കുന്ന പോരാട്ടമാണ് തിങ്കളാഴ്ച ടീം കാഴ്ചവെച്ചത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തയിത്. 46ാം മിനിറ്റിൽ ലോറെൻസോ ലെസാരിയും 66ാം മിനിറ്റിൽ നിക്കോള നാനിയും വലകുലുക്കി. അലക്‌സാൻഡ്രോ ഗോല്യൂഷി(76)യും ഗോൾനേടി പട്ടിക പൂർത്തിയാക്കി. ലിച്ചെൻസ്റ്റെനായി അരോൺ സെലെ(40) ആശ്വാസ ഗോൾ നേടി.