ത്രികോണപ്പോര് മുറുകുന്നു; കഴക്കൂട്ടത്ത് ശക്തമായ പോരാട്ടം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെ വിഷയങ്ങൾ സജീവ ചർച്ചയാകുന്ന കഴക്കൂട്ടം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ദിനത്തോടടുക്കുമ്പോൾ ത്രികോണപ്പോര് ശക്തമാകുകയാണ്. ആദ്യഘട്ടത്തിൽ എൽ.ഡി.എഫ്-ബി.ജെ.പി പോര് എന്ന് തോന്നിച്ച മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ടി. ശരത്ചന്ദ്രപ്രസാദ് എത്തിയതോടെ കളംമാറി. ശബരിമല വിഷയത്തിന് ചൂടുപകരുന്ന നിലയിലെ പ്രചാരണവുമായി യു.ഡി.എഫ് മണ്ഡലത്തെ ഇളക്കിയതോടെ വികസനം പറഞ്ഞ് വോട്ട് പിടിച്ചുവന്ന ബി.ജെ.പി-എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരനും ശബരിമല സ്വർണക്കൊള്ളയും വിശ്വാസ സംരക്ഷണവും വിഷയമാക്കേണ്ടിവന്നു. സ്വർണക്കൊള്ള നടന്ന സമയത്ത് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി എന്നതിനാലാണ് ഇരുമുന്നണികളും സ്വർണക്കൊള്ള സജീവമാക്കുന്നത്.
അതിന് പുറമെ കടകംപള്ളി ക്രിമിനൽ കേസ് പശ്ചാത്തലം മറച്ചുവെച്ചാണ് സത്യവാങ്മൂലം നൽകിയതെന്ന പ്രചാരണവും നടക്കുന്നുണ്ട്. എന്നാൽ, ഇത്തരം നുണപ്രചാരണങ്ങളെല്ലാം കഴക്കൂട്ടത്തെ വോട്ടർമാർ തള്ളുമെന്നും ഹാട്രിക് ജയം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് കടകംപള്ളി സുരേന്ദ്രനും എൽ.ഡി.എഫും. ശബരിമലയുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രനെ പുലി പിടിക്കുമെന്ന പ്രതികരണത്തിലൂടെയായിരുന്നു മണ്ഡലത്തിൽ സ്വർണക്കൊള്ള ചർച്ചക്ക് ടി. ശരത്ചന്ദ്രപ്രസാദ് തുടക്കമിട്ടത്. അതിനെ പ്രതിരോധിച്ച് പുലി പിടിക്കില്ല, പുലികളായ ജനങ്ങൾ പിന്തുണക്കുമെന്ന മറുപടിയുമായി കടകംപള്ളി എത്തിയതോടെ വിഷയം മുന്നണികൾ കത്തിച്ചുതുടങ്ങി.
ശബരിമലയിലെ സ്വർണക്കൊള്ള കണ്ടെത്തിയത് എൽ.ഡി.എഫ് സർക്കാറാണെന്ന പ്രചാരണത്തിലാണ് എൽ.ഡി.എഫും കടകംപള്ളിയും. എന്നാൽ, ഇരുമുന്നണികൾക്കും സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന നിലയിലുള്ള പ്രചാരണത്തിലാണ് ബി.ജെ.പി. ഒരുകാലത്ത് യു.ഡി.എഫിനെ മാത്രം പിന്തുണച്ചിരുന്ന കഴക്കൂട്ടം മണ്ഡലത്തിൽ നാലാം തവണയും ജയം ഉറപ്പാണെന്ന അവകാശവാദത്തിലാണ് കടകംപള്ളി. പത്തു വർഷമായി ജനപ്രതിനിധിയായി തുടരുന്ന തന്നെ മണ്ഡലത്തിലെ ജനങ്ങൾക്കറിയാമെന്നും കള്ളപ്രചാരണങ്ങൾ വിലപ്പോകില്ലെന്നുമാണ് കടകംപള്ളിയുടെ വാദം. സംസ്ഥാനത്ത് ബി.ജെ.പി വിജയപ്രതീക്ഷ അർപ്പിക്കുന്ന മണ്ഡലമാണിത്.
അതിനാൽ ശക്തമായ പ്രചാരണമാണ് അവർ നടത്തുന്നത്. ടെക്നോപാർക്ക് ഉൾപ്പെടെ ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങൾ ഉള്ളതിനാൽ ടെക്കികളുടെ വോട്ടുകളും ഇവിടെ പ്രധാനമാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വികസനം ചർച്ചയാക്കി എൽ.ഡി.എഫും ബി.ജെ.പിയും പ്രചാരണം കൊഴുപ്പിക്കുമ്പോൾ ഇരുവരുടേയും ഒത്തുകളിയും അഴിമതിയും ധൂർത്തും ചർച്ചയാക്കുകയാണ് യു.ഡി.എഫ്. മുൻ എം.എൽ.എയെന്ന നിലയിലെ തന്റെ പരിചയം ടി. ശരത്ചന്ദ്രപ്രസാദും മണ്ഡലത്തിൽ മുതലാക്കുന്നുണ്ട്. ശബരിമല വിഷയം ഉൾപ്പെടെ ചർച്ചയാകുമ്പോൾ ന്യൂനപക്ഷ മുസ്ലിം വോട്ടുകൾ സ്വാധീനം ചെലുത്തുന്ന മണ്ഡലത്തിൽ ആ വോട്ടുകൾ ആരെ തുണക്കുമെന്നതും നിർണായകമാണ്. മൂന്ന് മുന്നണികളും സ്ഥാനാർഥികളും അവകാശവാദം ഉന്നയിക്കുന്ന മണ്ഡലത്തിൽ അടിയൊഴുക്കുകളും നിഷ്പക്ഷ വോട്ടർമാരും വിധി നിർണയത്തിൽ നിർണായകമാകും.
