‘ യുഡിഎഫിന് ലഭിച്ച വോട്ടുകള്‍ വര്‍ഗീയ ശക്തികളുടെ പിന്‍ബലത്തില്‍’ ; എം വി ഗോവിന്ദന്‍

'The votes received by UDF are due to the support of communal forces'; MV Govindan

 

നിലമ്പൂരിലെ ജനവിധി അംഗീകരിക്കുന്നുവെന്നും പരാജയം പരിശോധിച്ച് ആവശ്യമായ നിലപാട് എടുത്ത് പോകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ വരുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന് കഴിഞ്ഞ തവണത്തെ വോട്ട് നിലനിര്‍ത്താനായില്ല. 1407 വോട്ട് കുറവുണ്ട്. രാഷ്ട്രീയമായി ജയിക്കാവുന്ന മണ്ഡലമല്ല നിലമ്പൂര്‍ മത്സരിച്ച ഓരോ ഘട്ടത്തിലും ലഭിച്ച വോട്ട് അത് വ്യക്തമാക്കുന്നു. മുന്നണിക്ക് പുറത്തുള്ള വോട്ടുകള്‍ ലഭിക്കുമ്പോഴാണ് ജയിച്ചിട്ടുളളത് – അദ്ദേഹം പറഞ്ഞു.

യുഡിഎഫിന് ലഭിച്ച വോട്ടുകള്‍ വര്‍ഗീയ ശക്തികളുടെ പിന്‍ബലത്തിലെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി വോട്ടുകള്‍ ജയസാധ്യതയില്ലെന്ന് മനസിലാക്കി ഇടതുപക്ഷം ജയിക്കാതിരിക്കാന്‍ വലതുപക്ഷത്തിന് നല്‍കിയതായി മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ബിജെപിയുടെ സ്ഥാനാര്‍ഥി തന്നെ വിധി വരുന്നതിന് മുന്‍പ് പരസ്യമായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷവും മുന്‍പും വിഡി സതീശന്‍ എന്ന പ്രതിപക്ഷ നേതാവ് പറഞ്ഞത് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ്. ഇതിനു മുന്‍പുള്ള തിരഞ്ഞെടുപ്പിലും ഇത്തരത്തില്‍ വി ഡി സതീശന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അന്നൊന്നും പ്രതിഷേധിക്കാതിരുന്നവര്‍ ഇപ്പോള്‍ പ്രതിഷേധിക്കുന്നതെന്തിനാണ് അദ്ദേഹം ഇപ്പോള്‍ ഉന്നയിക്കുന്ന ചോദ്യം. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുന്ന ലോകത്തിലെ ആദ്യത്തെ ജനാധിപത്യ പ്രസ്ഥാനം യുഡിഎഫ് ആണ്.ഇത് ദൂരവ്യാപകമായ ഫലം ഉളവാക്കും. ഒരു ഭാഗത്ത് ഭൂരിപക്ഷ വര്‍ഗീയത, മറുഭാഗത്ത് ജമാ അത്തെ ഇസ്ലാമിയെ ഉപയോഗിക്കുകയുമാണ്. വിജയത്തിന്റെ ഘടകങ്ങള്‍ സുക്ഷ്മമായി പരിശോധിച്ചാല്‍ വര്‍ഗീയ ശക്തികളുടെ സഹായം കൊണ്ടാണ് എന്ന് കാണാനാവും. ഇത് വലിയ പ്രത്യാഘാതം ഉണ്ടാക്കും – അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് ഒരു വര്‍ഗീയ ശക്തികളുടെയും വോട്ട് വാങ്ങാതെയാണ് 66000 ല്‍ പരം വോട്ട് നേടിയതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ഇത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ വോട്ടര്‍മാരുടെ പിന്തുണ നേടാനായി. ഈ രാഷട്രീയം ശക്തമായി മുന്നോട്ട് കൊണ്ടു പോകണം എന്നാണ് ഫലം നല്‍കുന്ന പാഠം. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ തരാതരം പോലെ ഉപയോഗിക്കുന്നത് തുറന്നു കാട്ടണം – അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *