ജലനിരപ്പ് ഉയരുന്നു; ബാണാസുര ഡാമില്‍ റെഡ് അലര്‍ട്ട്

The water level rises; Banasura Dam red alert

 

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്നു. ഇതോടെ ബാണാസുര ഡാമില്‍ റെഡ് അലര്‍ട്ട്. അതേസമയം അണക്കെട്ടില്‍ ജലനിരപ്പ് നിശ്ചിത പരിധിയിലധികം ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബാണാസുര സാഗര്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് 773.50 മീറ്ററായി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

ഡാമിലെ നിലവിലെ ജലനിരപ്പ് 772.50 മീറ്ററാണ്. ഡാമിന്റെ ബഹിര്‍ഗമന പാതയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അടിയന്തര സാഹചര്യമുണ്ടായാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ ചെറിയ ഡാമുകള്‍ തുറന്നിരിക്കുകയാണ്. മലങ്കര, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, പാംബ്ല അടക്കമുള്ള അണക്കെട്ടുകളാണ് ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തുറന്നു വെച്ചിട്ടുള്ളത്. ഡാമുകള്‍ തുറന്നതിനാല്‍ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുകയാണ്. പെരിയാര്‍ തീരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *