അടൽ സേതുവിൽ കാർ നിർത്തി യുവാവ് കടലിൽ ചാടി; ദൃശ്യങ്ങൾ പുറത്ത്
മുംബൈ: അടൽ സേതു പാലത്തിൽ വാഹനം നിർത്തി യുവാവ് കടലിലേക്ക് ചാടി. മുംബൈ ദോംബിവിലി സ്വദേശി 38 കാരനായ ശ്രീനിവാസ് ആണ് രാാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലമായ അടൽസേതുവിൽ നിന്ന് കടലിലേക്ക് ചാടിയത്. സംഭവം ആത്മഹത്യാശ്രമമാണെന്ന് പൊലീസ് പറഞ്ഞു.sea
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. യുവ എൻജിനീയറായ ശ്രീനിവാസ് കാറിലെത്തി വാഹനം പാലത്തിൽ നിർത്തുകയും പിന്നാലെ കൈവരി ചാടികടന്ന് കടലിലേക്ക് ചാടുകയായിരുന്നു. യുവാവിനായി തിരച്ചിൽ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. വാഹനത്തിൽനിന്ന് പുറത്തിറങ്ങി പാലത്തിന്റെ കൈവരിയിൽ കയറി കടലിലേക്ക് ചാടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
യുവാവ് കനത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് കുടുംബം അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. ഇതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് കരുതുന്നത്. ഇതിനു മുമ്പും ശ്രീനിവാസ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. നവി മുംബൈ പൊലീസ്, അടൽ സേതു രക്ഷാ പ്രവർത്തകർ, കോസ്റ്റൽ പൊലീസ്, മത്സ്യബന്ധനതൊഴിലാളികൾ എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.