പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; പൊലീസിനെതിരെ ആരോപണവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി. വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിയാണ് പരാതി നൽകിയത്. വിഷയം ലഘൂകരിക്കാനും കേസ് കഴുകിക്കളയാനും പൊലീസ് ശ്രമിക്കുന്നുവെന്ന് പരാതിയിൽ ആരോപിക്കുന്നു. സിസിടിവി നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്.Temple
ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ പ്രതികള്‍ക്കെതിരെ മോഷണക്കുറ്റം ചുമത്തിയിരുന്നില്ല. വസ്തുക്കൾ സത്യസന്ധമല്ലാതെ ദുരുപയോഗം ചെയ്തെന്ന കുറ്റം മാത്രമാണു ചുമത്തിയത്. തത്കാലത്തേക്ക് ഉപയോഗിക്കാൻ ഭക്തജനങ്ങൾ നൽകിയ ഉരുളി പ്രതി തിരികെ നൽകാതിരിക്കുകയാണു ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ക്ഷേത്രത്തിലെ ജീവനക്കാരാണ് ഉരുളി നൽകിയതെന്നാണു പ്രതികള്‍ മൊഴി നല്‍കിയത്.
വരിനിന്ന പ്രതിക്ക് ദേഹാസ്വാസ്ഥ്യം വന്നപ്പോൾ ക്യൂവിൽ നിന്ന മറ്റുള്ളവർ പൂജാ സാധനങ്ങൾ ഉരുളിയിൽ വച്ചുകൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ, ദർശനശേഷം പ്രതി ഉരുളി തിരികെനൽകിയില്ല. ഇതുവരെ കിട്ടിയ തെളിവുകൾ അനുസരിച്ച് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് വിശദീകരിക്കുന്നു.
കഴിഞ്ഞ 13നാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിലെ നിവേദ്യ ഉരുളി മോഷണം പോയത്. രണ്ടു ദിവസം കഴിഞ്ഞ് ക്ഷേത്രം അധികൃതർ പാത്രങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുമ്പോഴാണു മോഷണവിവരം അറിയുന്നത്. ഉടൻ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിൽ ക്ഷേത്രദർശനത്തിന് എത്തിയ സംഘത്തിലെ ഒരാൾ ചുറ്റിനടന്ന് തൊഴുന്നതിനിടെ തിടപ്പള്ളിക്ക് സമീപം വച്ചിരുന്ന ഉരുളിയെടുത്ത് മുണ്ടിൽ ഒളിപ്പിച്ചശേഷം പുറത്തേക്ക് പോകുന്നതായി കണ്ടെത്തി. തുടർന്ന് സംഘം താമസിച്ച ഹോട്ടലിൽനിന്നാണ് ഹരിയാന സ്വദേശികൾ ആണെന്ന വിവരം പൊലീസിന് ലഭിച്ചത്. ശേഷം ഫോർട്ട് പൊലീസ് ഹരിയാനയിലെ ഗുരുഗ്രാമിലെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആസ്‌ട്രേലിയൻ പൗരൻ കൂടിയായ ഗണേശ് ഝാ, രണ്ട് സ്ത്രീകൾ എന്നിവരാണ് പിടിയിലായത്. ഉരുളി മോഷ്ടിച്ചതല്ലെന്നും ജീവനക്കാർ തന്നതാണെന്നും ഗണേശ് ത്സാ പൊലീസിന് മൊഴിനൽകി. സാമ്പത്തിക ലാഭത്തിന് വേണ്ടിയല്ലെന്നും പൂജാമുറിയിൽ സൂക്ഷിക്കാനാണ് ഉരുളി എടുത്തതെന്നും മൊഴിയിലുണ്ട്. അതേസമയം, അതീവ സുരക്ഷാ മേഖലയിൽ നടന്ന മോഷണം പൊലീസിനും വലിയ തലവേദനയായി. മോഷണസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്.