‘ക്ഷേത്രങ്ങളിൽനിന്നുള്ള വിഗ്രഹങ്ങളുണ്ട്’; ഡൽഹി ജമാമസ്ജിദിൽ സർവേ നടത്തണമെന്ന് ഹിന്ദു സേന
ന്യൂഡൽഹി: ഡൽഹിയിലെ പ്രശസ്തമായ ജമാമസ്ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സർവേ നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു സേന. സംഘടനയുടെ ദേശീയ പ്രസിഡൻറ് വിഷ്ണു ഗുപ്ത ഇതുസംബന്ധിച്ച് എഎസ്ഐ ഡയറക്ടർ ജനറലിന് കത്തയച്ചു.
മുഗൾ ചക്രവർത്തി ഔറംഗസീബ് ജോധ്പുരിലെയും ഉദയ്പുരിലെയും കൃഷ്ണ ക്ഷേത്രങ്ങൾ തകർക്കുകയും അവയുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ചാണ് പള്ളി നിർമിച്ചതെന്നും കത്തിൽ ആരോപിക്കുന്നു. ഹിന്ദു മതവികാരങ്ങളെ അവഹേളിക്കുന്ന രീതിയിൽ മസ്ജിദിെൻറ കോണിപ്പടികൾക്ക് താഴെ വിഗ്രഹങ്ങൾ കുഴിച്ചിട്ടതായും കത്തിൽ ആരോപിക്കുന്നു.
Also Read: രാഹുൽ ഗാന്ധി നാളെ സംഭൽ സന്ദർശിക്കും; വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണും
ഇതിെൻറ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് വിഷ്ണു ഗുപ്ത വ്യക്തമാക്കി. സാഖി മുസ്താഖ് ഖാൻ രചിച്ച ‘ഔറംഗസേബ് നാമ’യാണ് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്. ഔറംഗസേബ് നടത്തിയ ചരിത്രപരമായ അതിക്രമങ്ങൾ തുറന്നുകാട്ടാൻ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയും അവ ക്ഷേത്രങ്ങളിൽ പുനഃസ്ഥാപിക്കണമെന്നും ഹിന്ദു സേന ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തിൽ ഇതുവരെ എഎസ്ഐ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിൽ തന്നെ ഏറ്റവും പ്രശസ്തമായ പള്ളികളിലൊന്നാണ് ഡൽഹി ജമാമസ്ജിദ്. 1644നും 1656നും ഇടയിൽ മുഗൾ ചക്രവർത്തി ഷാജഹാനാണ് പള്ളി നിർമിക്കുന്നത്. മുഗൾ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമായാണ് ഇതിനെ കണക്കാക്കുന്നത്.
അതേസമയം, വിഷ്ണു ഗുപ്ത നേരത്തെയും ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നുണ്ട്. അജ്മീർ ദർഗ യഥാർഥത്തിൽ ക്ഷേത്രമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് അജ്മീർ ജില്ലാ കോടതിയിൽ അദ്ദേഹം ഹരജി നൽകിയിരുന്നു. ഹരജി സ്വീകരിച്ച കോടതി, ഡിസംബർ 20ന് വാദം കേൾക്കും.