മാവൂർ – എരഞ്ഞിമാവ് റോഡ് തകരാറാകുന്നതിൽ മാറ്റമില്ല
ചെറുവാടി / കൂളിമാട്/ മാവൂർ: ആറ് കോടി മുടക്കി നിർമ്മിച്ച റോഡ്, 6 ദിവസം കൊണ്ട് തകർന്നതിന്റെ പേരിൽ വൻ വിവാദത്തിന് തിരികൊളുത്തിയ കോഴിക്കോട് -ഊട്ടി ഹൃസ്വ പാതയുടെ ഭാഗമായ മാവൂർ മുതൽ എരഞ്ഞിമാവ് വരെയുള്ള റോഡിന്റെ നവീകരണ പ്രവർത്തി ഇനിയും പൂർത്തിയാവാതെ പാതിവഴിയിൽ.
ബി.എം& ബി സി ടാറിംഗിന് പുറമെ ആവശ്യമായ സ്ഥലങ്ങളിൽ ഡ്രൈനേജ്, ഇന്റർലോക്ക് പതിക്കൽ, റോഡ് മാർക്കിംഗ്, കൈവരി, സൂചന ബോർഡുകൾ എന്നിവ സ്ഥാപ്പിക്കൽ തുടങ്ങിയ ജോലികൾ ഇനിയും പൂർത്തിയാവാതെ ബാക്കി നിൽക്കുന്നു.
ഡി പി ആർ (detailed project report )ൽ നിർദ്ദേശിക്കപ്പെട്ട പല കാര്യങ്ങളും ഇതുവരെ ചെയ്തിട്ടില്ല. ഒരിടത്തും ഡ്രൈനേജ് കെട്ടിയിട്ടില്ല. മഴ പെയ്താൽ പരപ്പിൽ, തെനങ്ങാപറമ്പ്, ചുളളിക്കാപറമ്പ്, കൂളിമാട്, താതൂർ പൊയിൽ ഭാഗങ്ങളിൽ റോഡിലൂടെ വെള്ളം പരന്നൊഴുകന്ന അവസ്ഥയാണ് ഇപ്പോഴുമെന്ന് നാട്ടുകാർ പറയുന്നു. ഇവിടങ്ങളിൽ ഡ്രൈനേജ് നിർമ്മിച്ചിട്ടില്ല. ടാറിംഗ് കഴിഞ്ഞപ്പോൾ എല്ലായിടത്തും വലിയ കട്ടിംഗ് രൂപപ്പെട്ടിട്ടുണ്ട്. അവിടങ്ങളിൽ ഇന്റർലോക്ക് പതിക്കുകയോ കോൺഗ്രീറ്റ് ചെയ്ത് സ്ലോപ്പാക്കുകയോ ചെയ്യേണ്ടതുണ്ടന്നും ഇത് വരെ അതൊന്നും ചെയ്തിട്ടില്ലന്നും നാട്ടുകാർ വിശദീകരിക്കുന്നു. പല ഭാഗങ്ങളിലും കൈവരികൾ സ്ഥാപ്പിക്കേണ്ടതുണ്ട്. ഇത് വരെ അതും നടന്നിട്ടില്ല. റോഡ് മാർക്കിംഗും പാതി വഴിയിലാണ്. സൂചന ബോർഡുകൾ റിഫ്ലക്റ്ററുകൾ എന്നിവ സ്ഥാപ്പിക്കലും അകലെയാണ്.
ബി എം& ബി സി ടാറിംഗ് കഴിഞ്ഞ് 6 ദിവസം പൂർത്തിയാവുന്നതിന് മുമ്പ് തന്നെ ഒമ്പത് സ്ഥലങ്ങളിൽ 200 മീറ്ററിലധികം നീളത്തിൽ റോഡ് വിണ്ടുകീറി തകർന്നതാണ് വൻ വിവാദത്തിന് കാരണമായത്. തുടർന്ന് വിജിലൻസ് അന്വേഷണം നടത്തി വകുപ്പ് തലനടപടികൾ സ്വീകരിച്ച് പൊതുമരാമത്ത് വകുപ്പ് മുഖം രക്ഷിക്കുകയായിരുന്നു. ഈ പ്രവർത്തിയുടെ മറവിൽ വൻ അഴിമതിയും ക്രമക്കേടും നടന്നതായി തെളിയുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്. ഇതിന് ശേഷവും രണ്ട് സ്ഥലങ്ങളിൽ വീണ്ടും തകർന്നു. തകർന്ന ഭാഗങ്ങൾ കരാറുകാരൻ തന്നെ അറ്റകുറ്റ പണി നടത്തുകയായിരുന്നു. ഏറ്റവും ഒടുവിലായി ചുള്ളിക്കാപറമ്പ് അങ്ങാടിക്കടുത്തും താതൂർ പൊയിൽ ഇറക്കത്തിലും വീണ്ടും തകർന്നു. ഫെബ്രുവരി 24 ന് ചെറുവാടി – കാവിലട റോഡിന്റെ നിർമ്മാണോദ്ഘാടനത്തിനു പൊതുമരാമത്ത് വകുപ്പ് മന്ത്രി വരുന്നതിന് മുമ്പേ രായ്ക്കുരാമാനം അധികൃതർ അറ്റകുറ്റപണി നടത്തി തടിതപ്പുകയായിരുന്നന്നും നാട്ടുകാർ പറഞ്ഞു. ഉദ്യോഗസ്ഥ രാഷ്ട്രീയ മാഫിയയുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ് റോഡിന്റെ ഈ ദുർഗതിക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അനുബന്ധ പ്രവർത്തികൾ എന്ന് പൂർത്തിയാകും എന്നതാണ് നാട്ടുകാരുടെ ചോദ്യം.