ഡ്രൈവിങ് പരിഷ്‌കരണത്തിന് സ്റ്റേ ഇല്ല; ആവശ്യം തള്ളി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ചുകൊണ്ടുള്ള സർക്കുലറിന് സ്റ്റേ ഇല്ല. ഹൈക്കോടതിയുടേതാണ് മോട്ടോർ വാഹന വകുപ്പിന് ആശ്വാസം നൽകുന്ന വിധി. ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെയും പരിശീലകരുടെയും ആവശ്യം കോടതി തള്ളി.High Court
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ ചോദ്യംചെയ്തുള്ള ഹരജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല വിധി. ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ കേന്ദ്ര നിയമത്തിനു വിരുദ്ധമാണെന്നും കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിന് അധികാരമില്ലെന്നുമാണ് ഹരജിക്കാരുടെ വാദങ്ങൾ. എന്നാൽ, സർക്കുലർ സ്റ്റേ ചെയ്യാൻ മതിയായ കാരണമില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി.
കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ നിർദേശങ്ങൾ നടപ്പാക്കുകയാണ് ചെയ്തതെന്നും പുതിയ സർക്കുലർ നിയമപരമാണെന്നുമാണ് സർക്കാരിന്റെ വാദം. കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന ‘H’ ഒഴിവാക്കിയായിരുന്നു പുതിയ പരിഷ്‌കാരം. പകരം സിഗ്സാഗ് ഡ്രൈവിങ്ങും പാർക്കിങ്ങും ഉൾപ്പെടുത്തി. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ഗിയറുള്ള വാഹനം ഉപയോഗിക്കണമെന്നും കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാർ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സർക്കുലറിൽ പറഞ്ഞിരുന്നു. മെയ് ഒന്ന് മുതലാണ് പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വന്നത്.
അതിനിടെ, ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ പ്രതിഷേധം സംസ്ഥാനത്ത് ഇന്നും തുടരുകയാണ്. പ്രതിഷേധത്തെ തുടർന്ന് പലയിടത്തും ടെസ്റ്റ് മുടങ്ങി.