‘2021ൽ എനിക്കെതിരെ വധശ്രമം നടന്നു; ആക്രമണനീക്കം തകർത്തത് ഇറാഖി പൊലീസ്’-വെളിപ്പെടുത്തലുമായി ഫ്രാൻസിസ് മാർപാപ്പ

Francis

വത്തിക്കാൻ സിറ്റി: 2021ൽ തനിക്കെതിരെ വധശ്രമം നടന്നെന്നു വെളിപ്പെടുത്തലുമായി ഫ്രാൻസിസ് മാർപാപ്പ. കോവിഡ് കാലത്ത് നടത്തിയ ഇറാഖ് സന്ദർശനത്തിനിടെയാണു സംഭവം. ബ്രിട്ടീഷ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആക്രമണശ്രമം ഇറാഖ് പൊലീസ് പരാജയപ്പെടുത്തിയെന്നും കത്തോലിക്കാ സഭാ അധ്യക്ഷൻ വെളിപ്പെടുത്തി.Francis

ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയിലാണ് മാർപാപ്പ വധശ്രമത്തെ കുറിച്ച് സംസാരിക്കുന്നത്. ഇറ്റാലിയൻ മാധ്യമമായ ‘കോറിയർ ഡെല്ല സെറ’ ആണ് ആത്മകഥയിൽനിന്നുള്ള ഒരു ഭാഗം പ്രസിദ്ധീകരിച്ചത്. 2021 മാർച്ചിലായിരുന്നു മാർപാപ്പയുടെ ഇറാഖ് സന്ദർശനം. ഇതാദ്യമായായിരുന്നു ഒരു മാർപാപ്പ ഇറാഖ് സന്ദർശിക്കുന്നത്.

ഐഎസ് ഭീഷണിക്കിടെ കനത്ത സുരക്ഷയിലായിരുന്നു മൂന്നു ദിവസം നീണ്ടുനിന്ന സന്ദർശനം. ഈ സമയത്ത് ഇറാഖ് സന്ദർശിക്കരുതെന്ന് മിക്ക ആളുകളും ഉപദേശിച്ചെങ്കിലും അവിടെ പോകണമെന്നുതന്നെ തീരുമാനിക്കുകയായിരുന്നുവെന്ന് മാർപാപ്പ പറയുന്നു. അദ്ദേഹം ബഗ്ദാദിൽ എത്തിയതിനു പിന്നാലെയായിരുന്നു വധശ്രമത്തിനുള്ള നീക്കത്തെ കുറിച്ച് ബ്രിട്ടീഷ് ഇന്റലിജൻസ് വിഭാഗം ഇറാഖ് പൊലീസിനു മുന്നറിയിപ്പ് നൽകുന്നത്. മൊസൂളിൽ മാർപാപ്പയുടെ സന്ദർശനത്തിനിടെ ചാവേർ ആക്രമണം നടത്താനായിരുന്നു ശ്രമം. നീക്കം ഇറാഖ് പൊലീസ് ഇടപെട്ട് തകർത്തെന്ന് ആത്മകഥയിൽ വെളിപ്പെടുത്തുന്നുണ്ട്.

മാർപാപ്പയുടെ സന്ദർശന വേദിക്കടുത്തേക്ക് ഒരു വാൻ അമിതവേഗത്തിലെത്തി പൊട്ടിത്തെറിച്ചിരുന്നു. സംഭവത്തെ കുറിച്ച് അദ്ദേഹം അംഗരക്ഷകരോട് ആരാഞ്ഞു. ആക്രമണശ്രമം ഇറാഖി പൊലീസ് തകർത്തെന്നും ചാവേറുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇവർ മറുപടി നൽകുകയും ചെയ്‌തെന്നും പുസ്തകത്തിൽ പറയുന്നു.

‘ഹോപ്പ്: ദ ഓട്ടോബയോഗ്രഫി’ എന്ന പേരിലുള്ള ആത്മകഥ 2025 ജനുവരിയിൽ പുറത്തിറങ്ങുമെന്നാണു വിവരം. ‘ലൈഫ്: മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി’ എന്ന പേരിൽ ഈ വർഷം ആദ്യത്തിൽ മാർപാപ്പയുടെ ഓർമക്കുറിപ്പുകളുടെ സമാഹാരവും പുറത്തിറങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *