“എന്റെ ശരീരപരിശോധന വരെ അവർ നടത്തി… ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ അപമാനം”- ഷാനിമോൾ ഉസ്മാൻ

"They even did my physical examination...the biggest humiliation I have faced in my life"- Shanimol Usman

 

പാലക്കാട്: അർധരാത്രി ഹോട്ടൽ മുറിയിലെത്തി പൊലീസ് നടത്തിയ പരിശോധന താൻ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ അപമാനമെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. അർധരാത്രി പൊലീസെത്തി തന്റെ ശരീരപരിശോധന വരെ നടത്തിയെന്നും ഐഡന്റിറ്റി വെളിപ്പെടുത്തുന്ന ഒരു രേഖയും പൊലീസ് കാണിച്ചില്ലെന്നും ഷാനിമോൾ പറയുന്നു. തന്റെ മുറി എപ്പോൾ തുറക്കണം എന്ന് തീരുമാനിക്കുന്നത് താൻ ആണെന്നും അവർ കൂട്ടിച്ചേർത്തു.

ഷാനിമോൾ ആദ്യം മുറി തുറക്കാതിരുന്നത് കള്ളപ്പണം ഒളിപ്പിക്കാനാണെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. എന്നാൽ അസമയത്ത് വന്നാണോ തിരഞ്ഞെടുപ്പിന്റെ കാര്യം ചോദിക്കേണ്ടതെന്നും സ്ത്രീകളുടെ മുറിയിൽ പരിശോധനയ്ക്ക് ഒരു വനിതാ പൊലീസെങ്കിലും വേണ്ടേ എന്നും ഷാനിമോൾ ചോദിക്കുന്നു.

അവരുടെ വാക്കുകൾ…

12 മണി കഴിഞ്ഞപ്പോഴാണ് അവർ വരുന്നത്. വാതിൽ തുറക്കാനാവശ്യപ്പെട്ടെങ്കിലും ഞാൻ കൂട്ടാക്കിയില്ല. വാതിലിൽ വന്ന് മുട്ടുകയും തള്ളുകയുമൊക്കെ ചെയ്തു. നോക്കിയപ്പോൾ നാല് പേരുണ്ട്. എന്താ കാര്യമെന്ന് ചോദിച്ചപ്പോൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യമാണെന്ന് പറഞ്ഞു. ഈ അസമയത്താണോ തിരഞ്ഞെടുപ്പിന്റെ കാര്യം, അത് നിയമപരമല്ല നടക്കില്ല എന്ന് പറഞ്ഞപ്പോൾ വാതിൽ തുറന്നേ പറ്റൂ എന്നായി അവർ. റിസപ്ഷനിൽ പോയി എന്റെ നമ്പറിൽ വിളിക്കാൻ പറഞ്ഞു ഞാൻ.

കുറച്ച് കഴിഞ്ഞ് വലിയ ബഹളം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോൾ വലിയ ആൾക്കൂട്ടം തന്നെയുണ്ട്. വനിതാ പൊലീസില്ലാതെ പരിശോധന നടത്താൻ കഴിയില്ലെന്ന് അറിയിച്ചിട്ടാവണം, ഒരു വനിതാ പൊലീസിനെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. എന്റെ ശരീരപരിശോധന വരെ അവർ നടത്തി. മുറിയിലെ മുഴുവൻ സാധനങ്ങളും വലിച്ച് പുറത്തിട്ടു. ഒരു സ്ത്രീ എന്ന നിലയിൽ നേരിട്ട ഏറ്റവും വലിയ അപമാനമാണ്.

മുറി തുറക്കാത്തതിൽ ദുരൂഹത സംശയിച്ചെന്ന് റഹീം പറയുമ്പോൾ, റഹീമിന്റെ സംസ്‌കാരമല്ല എന്റെ സംസ്‌കാരം എന്ന് മനസ്സിലാക്കണം. എന്റെ മുറി എപ്പോൾ തുറക്കണം എന്ന് ഞാൻ തീരുമാനിക്കും. അർധരാത്രി വെളിയിൽ നാല് പുരുഷ പൊലീസുകാർ നിൽക്കുമ്പോൾ ഞാൻ കതക് തുറക്കണം എന്ന് പറയാൻ അയാൾക്ക് നാണമില്ലേ. അയാളോട് പുച്ഛവും സഹതാപവും തോന്നിയ ദിവസമായിരുന്നു ഇന്നലത്തേത്.

ഒറ്റയ്ക്ക് താമസിക്കുകയും യാത്ര ചെയ്യുകയും ഒക്കെ ചെയ്യുന്ന സ്ത്രീകളാണ് ഞങ്ങൾ. ഞങ്ങളെ മാതൃകയാക്കുന്ന സ്ത്രീകളൊക്കെ ഈ അസമയത്തെ പരിശോധനയും മറ്റും കാണുകയല്ലേ. കേരളത്തിൽ ഒരു പുതിയ സംസ്‌കാരം ഉണ്ടാക്കാനൊന്നും ഞങ്ങൾ സമ്മതിക്കില്ല. കേരളത്തെ 25 വർഷം പുറകോട്ട് കൊണ്ടുപോകുന്ന നടപടിയാണിത്. ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകും.

Leave a Reply

Your email address will not be published. Required fields are marked *