‘ഇതാണ് കാപട്യം’: ലാറ്ററൽ എൻട്രിയിലെ യു ടേണിൽ കേന്ദ്രമന്ത്രിയെ ‘കുടഞ്ഞ്’ പ്രതിപക്ഷം
ന്യൂഡൽഹി: ലാറ്ററൽ എൻട്രി നിയമനത്തിൽ സർക്കാറിനെ പ്രതിരോധിച്ച് പ്രസ്താവന ഇറക്കി ദിവസം ഒന്ന് കഴിഞ്ഞതിന് പിന്നാലെ യു ടേൺ അടിച്ചതിൽ കേന്ദ്ര റെയില്‍വെ അശ്വിനി വൈഷ്ണവിനെ ‘കുടഞ്ഞ്’ പ്രതിപക്ഷം.hypocrisy
ഉന്നത സർക്കാർ ഉദ്യോഗങ്ങളിൽ സ്വകാര്യ മേഖലയിൽ നിന്നും ആളുകളെ നിയമിക്കാനുള്ള നീക്കത്തിൽ നിന്നാണ് കേന്ദ്രസർക്കാർ പിന്തിരിഞ്ഞത്. പരസ്യം പിൻവലിക്കാൻ യു.പി.എസ്.സിക്ക് നിർദേശം നൽകി. പ്രധാനമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് യു.പി.എസ്.സി ചെയർപേഴ്സന് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റത് റെയില്‍വെ മന്ത്രിയായ അശ്വിനി വൈഷ്ണവിനാണ്. ലാറ്ററല്‍ എന്‍ട്രിയെ ന്യായീകരിച്ചും പിന്നാലെ തീരുമാനം പിന്‍വലിക്കുന്നതിനുള്ള കാരണവും പറഞ്ഞ് അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പാണ് വിമര്‍ശനത്തിന് കാരണം.
സാമൂഹ്യനീതിക്ക് എതിരായ നടപടിയെന്ന് ചൂണ്ടിക്കാണിച്ചാണ് തീരുമാനത്തിൽ നിന്ന് പിന്തിരിയുന്നത് എന്നാണ് അശ്വിനി വൈഷ്ണവ് എക്‌സിൽ പങ്കുവെച്ചത്. രണ്ട് ദിവസം മുമ്പ് ലാറ്ററൽ എൻട്രി തീരുമാനത്തെ ശരിവെച്ച് കൊണ്ട് അദ്ദേഹം പറഞ്ഞത് ഭരണം മെച്ചപ്പെടുത്താന്‍ പരിഷ്‌കരണം ഉപകരിക്കും എന്നാണ്.
ലാറ്ററൽ എൻട്രി തീരുമാനം യു.പി.എ സർക്കാറിന്റേതാണെന്നും പ്രതിഷേധിക്കുന്നതിലൂടെ കോൺഗ്രസിന്റെ കാപട്യമാണ് തെളിയുന്നതെന്നും അദ്ദേഹം ആദ്യം പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. ഈ രണ്ട് എക്‌സ് കുറിപ്പുകളും എടുത്തുയർത്തിയാണ് പ്രതിപക്ഷം വൈഷ്ണവിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
ഇതാണ് യഥാർഥ കാപട്യമെന്നാണ് വൈഷ്ണവിന്റെ കുറിപ്പ് പങ്കുവെച്ച് പലരും കുറിച്ചത്. റീൽ ലൈഫും റിയൽ ലൈഫും തമ്മിലെ വ്യത്യാസം എന്നായിരുന്നു കോൺഗ്രസ് നേതാവ് ജയ്‌റാം രമേശിന്റെ പരിഹാസം. കോൺഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദും മന്ത്രിയെ ‘ട്രോളി’ രംഗത്ത് എത്തി. നടപ്പാക്കലും പിൻവലിക്കലും ഈ സർക്കാറിന് കീഴിലെ മാസ്റ്റർ സ്‌ട്രോക്കുകളായി വാഴ്ത്താപ്പെടമെന്നായിരുന്നു ഷമാ മുഹമ്മദിന്റെ ട്വീറ്റ്.
പ്രധാനമന്ത്രിയുടെ പരിപാടികൾ സമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗങ്ങളുടെ ക്ഷേമം മെച്ചപ്പെടുത്തിയെന്നും സാമൂഹിക നീതിയോടുള്ള പ്രധാനമന്ത്രി മോദിയുടെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതും ലാറ്ററല്‍ എന്‍ട്രി തീരുമാനം പിന്‍വലിക്കാനുള്ള കാരണമായി അശ്വിനി വൈഷ്ണവ് പറഞ്ഞു.
അതേസമയം പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തെ തുടര്‍ന്നാണോ തീരുമാനം പിന്‍വലിച്ചതെന്ന ചോദ്യത്തിന് യു.പി.എ സർക്കാരിൻ്റെ കാലത്ത് ഇത്തരം നിയമനങ്ങള്‍ക്ക് സംവരണ തത്ത്വങ്ങൾ പരിഗണിച്ചിരുന്നില്ലെന്നായിരുന്നു മറുപടി. അതിന് കോൺഗ്രസ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലാറ്ററൽ എൻട്രി നിയമത്തിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത് എത്തിയിരുന്നു. സംവരണ തത്വങ്ങൾ അട്ടിമറിച്ച് ആർ.എസ്.എസുകാരെ സർക്കാറിന്റെ ഉന്നത സ്ഥാനങ്ങളിൽ എത്തിക്കാനാണ് പദ്ധതിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. പിന്നാലെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സമാജ് വാദി പാർട്ടി(എസ്.പി) തലവൻ അഖിലേഷ് യാദവും രംഗത്ത് എത്തി. എസ്.പി രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും വ്യക്തമാക്കിയിരുന്നു. സംവരണ തത്വങ്ങൾ പാലിക്കാത്തതിനെതിരെ എൻ.ഡി.എ കക്ഷികളും പ്രതിപക്ഷവും രംഗത്തുവന്നിരുന്നു. പിന്നാലെയാണ് യു ടേണ്‍.