എസ്.ഐ.ആറിൽ ഒഴിവാക്കപ്പെട്ടവർക്ക് പേര് ചേർക്കാം, വില്ലേജ് ഓഫിസുകൾ കേന്ദ്രീകരിച്ച് ഹെൽപ് ഡെസ്ക്കുകൾ; ഉത്തരവിറക്കി സർക്കാർ
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടികയിൽ (എസ്.ഐ.ആർ) നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് പേരു ചേർക്കാൻ ഹെൽപ് ഡെസ്കുമായി കേരള സർക്കാർ. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചു. എസ്.ഐ.ആറിൽ 19.32 ലക്ഷം പേർ ഹിയറിങ്ങിന് വിധേയമാകുന്ന സാഹചര്യത്തിലാണ് സർക്കാറിന്റെ പുതിയ ക്രമീകരണം.
വില്ലേജ് ഓഫിസുകൾ കേന്ദ്രീകരിച്ചാണ് ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുക. ആവശ്യമായ സഹായ നിർദേശങ്ങള്‍ നല്‍കാനായി രണ്ട് ഉദ്യോഗസ്ഥരെ വീതം ചുമതലപ്പെടുത്തും. ഇതിനുള്ള സംവിധാനം കലക്ടര്‍മാരെ ഒരുക്കും.
ഉന്നതികള്‍, തീരദേശമേഖല, മറ്റ് പിന്നോക്ക പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ട് എത്തി അര്‍ഹരെ കണ്ടെത്തി സഹായങ്ങള്‍ നല്‍കും. ഇതിന് വില്ലേജ് ഓഫിസര്‍മാരുടെ ആവശ്യപ്രകാരം അംഗന്‍വാടി വര്‍ക്കര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തും. വിദ്യാർഥികളായ 18 വയസ് പൂര്‍ത്തിയായവര്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന് ഉറപ്പുവരുത്തും. ഇതിന് അതത് സ്ഥാപനങ്ങളില്‍ പ്രചാരണവും ബോധവല്‍ക്കരണവും നടത്തും.
24-ാം തീയതി പുറത്തുവന്ന എസ്.ഐ.ആർ കരട് പട്ടിക പ്രകാരം സംസ്ഥാനത്ത് 19.32 ലക്ഷം പേർ അന്തിമ പട്ടികയിൽ ഉൾപ്പെടാൻ തിരിച്ചറിയൽ രേഖ സമർപ്പിക്കേണ്ടി വരും. ആകെയുള്ള 2.78 കോടി പേരിൽ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് തിരിച്ചേൽപ്പിച്ച 2.54 കോടി വോട്ടർമാരാണ് കരടിലുള്ളത്. ഇതിൽ 2002ലെ പട്ടികയിൽ സ്വന്തം പേരോ മാതാപിതാക്കളുടെ പേരോ അവരുടെ രക്ഷിതാക്കളുടെ പേരോ ഇല്ലാത്തവരായി 19.32 ലക്ഷം പേരുണ്ടെന്നാണ് കമീഷന്റെ കണക്ക്. ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് കരട് പട്ടികയുടെ 6.94 ശതമാനം വരും.
കരട് പട്ടികയുമായി ബന്ധപ്പെട്ട ആപേക്ഷങ്ങൾ അറിയിക്കാനും ഹിയറിങ്ങിനുമായി ജനുവരി 22 വരെ സമയം അനുവദിച്ചിട്ടുണ്ട്. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും. ആകെയുള്ള 2.78 കോടിയിൽ ‘കണ്ടെത്താനാകാത്തവരായി’ കമീഷൻ കണക്കാക്കുന്ന 24 ലക്ഷം പേർക്ക് പുറമേയാണിത്.
ഈ 24 ലക്ഷത്തിൽ മരിച്ചവരും ഇരട്ടിപ്പായി ഉൾപ്പെട്ടവരുമടക്കമുള്ള 7.85 ലക്ഷം പേരെ മാറ്റി നിർത്തിയാൽ 16.15 ലക്ഷം പേരുണ്ട്. ഇവരുടെ കാര്യത്തിലും അന്തിമ പട്ടികയിൽ ഉൾപ്പെടണമെങ്കിൽ ഡിക്ലറേഷൻ ഫോം ആറ് നൽകി അപേക്ഷിക്കണം. ഫലത്തിൽ മാപ്പിങ് നടക്കാത്ത 19.32 ലക്ഷവും കണ്ടെത്താനായില്ലെന്ന് കമീഷൻ വിധിയെഴുതിയ 16.15 ലക്ഷവുമടക്കം 35 ലക്ഷത്തോളം പേരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്താനുള്ള പരക്കം പാച്ചിലാകും വരുംദിവസങ്ങളിൽ. കണ്ടെത്താനാകാത്തവരെന്ന് കമീഷൻ നിശ്ചയിച്ചവരിൽ പലരും നാട്ടിലുണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾ തെളിവ് സഹിതം വന്ന സാഹചര്യത്തിൽ വിശേഷിച്ചും.
ആളുകൾക്ക് പ്രയാസം വരാത്ത രീതിയിൽ ഹിയറിങ് പൂർത്തിയാക്കാനാണ് സി.ഇ.ഒയുടെ നിർദേശം. വോട്ടർമാരുടെ സൗകര്യം കണക്കിലെടുത്ത് പരമാവധി നാലും അഞ്ചും ബൂത്തുകൾക്കായി ഒരിടത്ത് ഹിയറിങ് നടത്താം. ഏതെല്ലാം തിരിച്ചറിയൽ രേഖകളാണ് സമർപ്പിക്കേണ്ടത് എന്ന വിവരം ഇ.ആർ.ഒമാർ, ബി.എൽ.ഒമാർ വഴി വോട്ടർക്ക് നൽകുന്ന നോട്ടിസിൽ വ്യക്തമാക്കും. വിതരണം ചെയ്യുന്ന നോട്ടീസിന്റെ രണ്ടാമത്തെ പകർപ്പ് ബി.എൽ.ഒമാർ ഒപ്പിട്ട് വാങ്ങി അത് ആപ്പിലൂടെ അപ്ലോഡ് ചെയ്യും. ഹാർഡ് കോപ്പി രേഖയായി സൂക്ഷിക്കും. ഹിയറിങ് സമയത്ത് ബി.എൽ.ഒ.മാരുടെ സാന്നിധ്യം നിർബന്ധമാക്കിയിട്ടുണ്ട്.
