‘ഭീഷണിക്കത്ത് വന്നു, ജീവഭയമുണ്ട്’; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പി വി അന്‍വര്‍
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കി പി.വി അന്‍വര്‍ എംഎല്‍എ. വീടിനും സ്വത്തിനും സംരക്ഷണം വേണം എന്നാണ് ആവശ്യം. തന്നെ കൊലപ്പെടുത്താനും വീട്ടുകാരെ അപായപ്പെടുത്താനും സാധ്യതയുണ്ടെന്നും കത്തില്‍ പറയുന്നു. തനിക്കെതിരെ ഭീഷണി കത്ത് വന്നെന്നും ജീവഭയം ഉണ്ടെന്നും കാണിച്ചാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കത്തിന്റെ പകര്‍പ്പും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ഡിജിപിയുമായി പി.വി അന്‍വര്‍ എംഎല്‍എ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എം.എല്‍.എയുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ പരാതി നല്‍കിയിരിക്കുന്നത്. (PV Anwar demands police protection)
സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉള്‍പ്പെടെ താന്‍ സമര്‍പ്പിച്ച പരാതിയില്‍ ഡിജിപിക്ക് തെളിവുകള്‍ കൈമാറിയെന്ന് പി വി അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എം ആര്‍ അജിത് കുമാര്‍ ഇപ്പോഴും ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി തുടരുന്നതിനാലാണ് കൂടുതല്‍ തെളുവകള്‍ കിട്ടാത്തതെന്ന് പി വി അന്‍വര്‍ ആരോപിച്ചു. ഒരു മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാനാകില്ല. അന്വേഷണത്തിലൂടെ കുറ്റങ്ങള്‍ തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പോലീസ് തലപ്പത്തെ ഒന്നാമന്‍ രണ്ടാമനായ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്ന അപൂര്‍വ സംഭവമാണ് ഇന്ന് പൊലീസ് ആസ്ഥാനത്ത് നടന്നത്. അതും ഭരണകക്ഷി എം.എല്‍.എയുടെ പരാതിയിലെന്നതും ഏറെ ശ്രദ്ധേയമാണ്. മലപ്പുറത്തെ സ്വര്‍ണംപിടിക്കല്‍, റിദാന്‍ കൊലപാതകം, വ്യവസായിയായ മാമി തിരോധാനക്കേസ്, ഫോണ്‍ ചോര്‍ത്തല്‍, തൃശൂര്‍ പൂരം കലക്കല്‍, കവടിയാറിലെ കെട്ടിടനിര്‍മാണം തുടങ്ങി പി.വി.അന്‍വര്‍ നല്‍കിയ പരാതിയിലെ പ്രധാന ആരോപണങ്ങളെല്ലാം നാല് മണിക്കൂറോളം നീണ്ട മൊഴിയെടുപ്പില്‍ ഡിജിപി ചോദ്യങ്ങളായി ഉര്‍ത്തി. ചിലതിന് രേഖകളുയര്‍ത്തിയും അല്ലാത്തതിന് വിശദീകരണത്തോടെയും എഡിജിപി മറുപടി നല്‍കി. അജിത്കുമാറിന്റെ കീഴുദ്യോഗസ്ഥരായ ഐജി സ്പര്‍ജന്‍കുമാറും പങ്കെടുത്ത മൊഴിയെടുപ്പ് ക്യാമറയില്‍ പകര്‍ത്തി. അന്‍വറിന്റെ ആരോപണങ്ങള്‍ യുക്തിക്ക് പോലും നിരക്കാത്തതാണെന്ന് ആവര്‍ത്തിച്ച് നിഷേധിച്ച അജിത്കുമാര്‍ സത്യം തെളിയാന്‍ ആരേക്കാള്‍ കാത്തിരിക്കുന്നത് താനാണെന്നും ഡിജിപിയോട് വിശദീകരിച്ചു. എ.ഡി.ജി.പിയുടെ മറുപടിയും ഇതുവരെ ശേഖരിച്ച തെളിവുകളും വിലയിരുത്തി അടുത്ത ആഴ്ചയോടെ ഡിജിപി റിപ്പോര്‍ട്ട് നല്‍കും. അജിത്കുമാറിനെ മാറ്റണോയെന്നതിലും രാഷ്ട്രീയ ആരോപണങ്ങളെ പ്രതിരോധിച്ച മുഖ്യമന്ത്രിയുടെ തുടര്‍നീക്കത്തിലും ഈ റിപ്പോര്‍ട്ട് നിര്‍ണായകമാവും.