തൃശൂരും പാലക്കാട്ടും ഭൂചലനം
പാലക്കാട്/തൃശൂര്‍: തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂരിലെ കുന്നംകുളം, ചൊവ്വന്നൂർ, പെരുമ്പിലാവ്, പഴഞ്ഞി എന്നീ പ്രദേശങ്ങളിലാണ് ഭൂമി കുലുക്കമുണ്ടായത്. പരിഭ്രാന്തരായ ആളുകളില്‍ പലരും വീടിന് പുറത്തിറങ്ങി. സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തില്‍ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ശക്തമായ പ്രകമ്പനത്തോടൊപ്പം ഭൂമി കുലുങ്ങുന്നതായി അനുഭവപ്പെട്ടത്. വലിയ ശബ്ദത്തോടെയാണ് പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടത്. വീടുകളില്‍ അടുക്കളയില്‍ ഇരുന്ന പാത്രങ്ങളും വീട്ടുപകരണങ്ങളും ഉള്‍പ്പെടെ ചലിച്ച് താഴെ വീണു. വിവിധ ഇടങ്ങളില്‍ പരിഭ്രാന്തരായ ആളുകള്‍ വീടിനു പുറത്തേക്ക് ഓടി.
ഭൂചലനം ഉണ്ടായ മേഖലകളിൽ ഉദ്യോഗസ്ഥ സംഘമെത്തി പരിശോധന നടത്താൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. തഹസിൽദാരുടെയും ജിയോളജി വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക
പാലക്കാട് തിരുമറ്റക്കോട് മേഖലയിലാണ് ഭൂചലനമുണ്ടായത്. വലിയ ശബ്ദത്തോടെ ഭൂമികുലുക്കമുണ്ടായെന്നാണ് വിവരം. മൂന്ന് സെക്കന്‍ഡ് നേരം ഭൂചലനം അനുഭവപ്പെട്ടു. രണ്ടിടങ്ങളിലായുണ്ടായ ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.